പുതിയ വീക്കീലി ടാസ്ക് തുടങ്ങുന്ന ദിവസമാണ് ബി​ഗ് ബോസ് ഹൗസില്‍ ഇന്ന്

ബി​ഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അവസാനിക്കാന്‍ ഇനി വെറും 13 ദിനങ്ങള്‍ മാത്രം. കഴിഞ്ഞ മൂന്നു സീസണുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകളുള്ള സീസണ്‍ ആയിരുന്നു ഇത്തവണത്തേത്. താരപദവിയുള്ള മത്സരാര്‍ഥികള്‍ കുറവായ സീസണ്‍ എന്നായിരുന്നു ഉദ്ഘാടന എപ്പിസോഡിനു ശേഷം ഷോയുടെ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും അവരില്‍ പലരും പ്രേക്ഷക മനസുകളില്‍ താരപദവിയിലെത്തി. കഴിഞ്ഞ സീസണുകളേക്കാളൊക്കെ പ്രേക്ഷകരെ ലഭിച്ച സീസണും ഇതാണെന്ന് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാനാവും. 

ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മത്സരാര്‍ഥികളില്‍ പലരും ഇതിനകം പുറത്തായി എന്നതാണ് ഈ സീസണിന്‍റെ മറ്റൊരു പ്രത്യേകത. അതില്‍ പല മത്സരാര്‍ഥികളും എവിക്ഷനിലൂടെയുമല്ല പുറത്തായത്. റോബിനും ജാസ്മിനുമാണ് അതിന് ഉദാഹരണം. അതേസമയം ഇത്രയും ജനപ്രീതിയുള്ള രണ്ട് മത്സരാര്‍ഥികള്‍ പുറത്തായിട്ടും ഷോയുടെ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മറിച്ച് അന്തിമ വാരങ്ങളിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകാവേശം ഇരട്ടിക്കുകയാണ് ചെയ്‍തിരിക്കുന്നത്. പുതിയ വീക്കീലി ടാസ്ക് തുടങ്ങുന്ന ദിവസമാണ് ബി​ഗ് ബോസ് ഹൗസില്‍ ഇന്ന്.

ബി​ഗ് ബോസില്‍ 'ആള്‍മാറാട്ടം'

ഒരു മത്സരാര്‍ഥി മറ്റൊരു മത്സരാര്‍ഥിയുടെ റോള്‍ എടുത്തണിയുകയാണ് ഇത്തവണത്തെ വീക്കിലി ടാസ്‍കില്‍. ഇതിനായി ഓരോരുത്തരും തനിക്ക് അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള രണ്ട് പേരുടെ പേരുകള്‍ ബി​ഗ് ബോസിനോട് പറയണമായിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ വച്ച് ഇതിനായി ഒരു ഓഡിഷനും ബി​ഗ് ബോസ് നടത്തിയിരുന്നു. ഇതില്‍ നിന്നുള്ള തെരഞ്ഞെടുപ്പുകള്‍ ബി​ഗ് ബോസ് പിന്നീട് പ്രഖ്യാപിച്ചു. ഇതു പ്രകാരം റിയാസിനെ അവതരിപ്പിക്കേണ്ടത് ധന്യയാണ്. ദില്‍ഷ ധന്യയെയും റിയാസ് ലക്ഷ്‍മിപ്രിയയെയും ലക്ഷ്‍മിപ്രിയ ബ്ലെസ്‍ലിയെയും സൂരജ് റോണ്‍സണെയും റോണ്‍സണ്‍ സൂരജിനെയും ബ്ലെസ്‍ലി ദില്‍ഷയെയും അവതരിപ്പിക്കണം.

പ്രാധാന്യമുള്ള വീക്കിലി ടാസ്‍ക്

ഈ ടാസ്കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മൂന്നുപേര്‍ക്ക് ഈ സീസണിലെ അവസാന ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. അവര്‍ക്ക് ഒരു ലക്ഷ്വറി ഡിന്നറും ബി​ഗ് ബോസ് നല്‍കും. മത്സരാര്‍ഥിയുടെ വ്യക്തിത്വത്തെ ബഹുമാനിച്ചുകൊണ്ടുവേണം ഒരാളെ അവതരിപ്പിക്കാനെന്ന് ബി​ഗ് ബോസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തകര്‍ത്തഭിനയിച്ച് റിയാസും ലക്ഷ്‍മിപ്രിയയും

ആള്‍മാറാട്ടം വീക്കിലി ടാസ്‍ക് ആരംഭിച്ചപ്പോള്‍ കണ്ണിലുടക്കുന്ന പ്രകടനവുമായി മുന്നോട്ടുപോകുന്നത് ലക്ഷ്മിപ്രിയയായി എത്തിയ റിയാസും ബ്ലെസ്‍ലിയായി എത്തിയ ലക്ഷ്‍മിപ്രിയയുമാണ്. റിയാസ് ആയി ധന്യയും ദില്‍ഷയായി ബ്ലെസ്‍ലിയും ഭേദപ്പെട്ട പ്രകടനവും കാഴ്ചവെക്കുന്നു. മൂന്ന് ദിവസത്തോളം മറ്റൊരാളായി ജീവിക്കുക എന്ന വലിയ ടാസ്ക് ആണ് ബി​ഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്.

റോണ്‍സണിലേക്ക് കൂടുമാറി ദില്‍ഷ

ആള്‍മാറാട്ടം ടാസ്‍കില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ മാറ്റി മറ്റൊരു വ്യക്തിയെ അവതരിപ്പിക്കാനുള്ള അവസരവും മത്സരാര്‍ഥികള്‍ക്കുണ്ട്. എന്നാല്‍ അത് ഓരോ ബസര്‍ മുഴങ്ങുമ്പോഴും ഒരാള്‍ക്ക് മാത്രമാണ്. ബസര്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തി ​ഗാര്‍ഡന്‍ ഏരിയയില്‍ സ്ഥാപിച്ചിരിക്കുന്ന ബസറില്‍ അമര്‍ത്തുന്നവര്‍ക്കാണ് ആ അവസരം. ഇതുപ്രകാരം ആദ്യ ബസറില്‍ അവസരം നേടിയെടുത്തത് ദില്‍ഷയാണ്. ധന്യയെ അവതരിപ്പിച്ചുകൊണ്ടിരുന്ന ദില്‍ഷ റോണ്‍സണിലേക്ക് മാറി. റോണ്‍സണെ അവതരിപ്പിച്ച സൂരജ് ആണ് ഇനി ധന്യയെ അവതരിപ്പിക്കേണ്ടത്.

വീണ്ടും ദില്‍ഷ, ഇത്തവണ 'റിയാസ്'

അടുത്ത തവണ സൈറണ്‍ മുഴങ്ങിയപ്പോഴും ആദ്യം ഓടിയെത്തിയത് ദില്‍ഷ. റോണ്‍സണെ അവതരിപ്പിച്ചുകൊണ്ടിരുന്ന ദില്‍ഷ റിയാസിനെയാണ് അടുത്തതായി അവതരിപ്പിക്കാന്‍ താല്‍പര്യമെന്ന് പറഞ്ഞു. ബിഗ് ബോസ് അത് അനുവദിക്കുകയും ചെയ്‍തു റിയാസിനെ ഇതുവരെ അവതരിപ്പിക്കുകയായിരുന്ന ധന്യയാണ് ഇനി റോണ്‍സണെ അവതരിപ്പിക്കേണ്ടത്. ഇരുവരും തങ്ങള്‍ അണിഞ്ഞിരുന്ന വേഷം പരസ്പരം വച്ചുമാറി.