ബിഗ് ബോസ് സീസൺ 7 ഫൈനലിൽ എത്തിയ അനീഷ് ടി എ, ഷോയുടെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോമണർ ആണ്. സെലിബ്രിറ്റി മത്സരാർത്ഥികൾക്കിടയിൽ ഒരു സാധാരണക്കാരനായി വന്ന് ശ്രദ്ധേയമായ യാത്രയാണ് അനീഷ് കാഴ്ചവച്ചത്

ബിഗ് ബോസ് സീസൺ 7 ഗ്രാൻഡ് ഫിനാലെയ്ക്ക് മണിക്കൂറുകൾ മാത്രമാണ് ബാക്കി. അനുമോൾ, അനീഷ്, അക്ബര്‍, നെവിൻ, ഷാനവാസ് എന്നിവരാണ് അവസാന അഞ്ചിൽ എത്തിയിരിക്കുന്നത്. ഇവരിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വേറിട്ടുനിൽക്കുന്നത് ഒരാൾ മാത്രമാണ്, അത് മറ്റാരുമല്ല അനീഷ് ടി എ ആണ്. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഫൈനലിൽ എത്തുന്ന ആദ്യ കോമണർ ആണ് അനീഷ്. റിയാലിറ്റി ഷോയിലെ അനീഷിന്‍റെ യാത്ര ശ്രദ്ധേയമായിരുന്നു. വിനോദ രംഗത്ത് മുൻപരിചയമുള്ള മിക്ക മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി, സെലിബ്രിറ്റി വലയത്തിന് പുറത്ത് നിന്നുള്ള ഒരു സാധാരണക്കാരനായിരുന്നു അനീഷ്.

ബിഗ് ബോസിലെ കോമണേഴ്സ്

ബിഗ് ബോസ്സില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് കോമണേഴ്‍സ്. സാധാരണ ജനങ്ങളില്‍ നിന്ന് പ്രത്യേക മത്സരം നടത്തിയാണ് കോമണേഴ്‍സിനെ ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കുക. ബിഗ് ബോസ് മലയാളത്തിലെ ആദ്യ കോമണര്‍ ഗോപികയായിരുന്നു. നിര്‍ണായക സാന്നിദ്ധ്യമാകാൻ ഗോപികയ്‍ക്ക് കഴിഞ്ഞിരുന്നു. ആറാം സീസണില്‍ റെസ്‍മിനും നിഷാനയും കോമണേഴ്‍സായി എത്തി. ഇവരില്‍ റെസ്‍മിൻ ഏതാണ്ട് അവസാന ഘട്ടം വരെ എത്തുകയും ചെയ്‍തിരുന്നു.

അനീഷിന്‍റെ വരവ്

മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റിലൂടെ മത്സരത്തില്‍ വിജയിയായാണ് അനീഷ് ബിഗ് ബോസിലേക്ക് എത്തുന്നത്. തൃശൂരിലെ കോടന്നൂര് സ്വദേശിയാണ് അനീഷ്. ബാങ്കില്‍ ജോലിയുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് അഞ്ച് വര്‍ഷം ലീവെടുത്ത് ബിഗ് ബോസിന് തയ്യാറാകുകയായിരുന്നു അനീഷ് എന്ന പ്രത്യേകതയുമുണ്ട്. എഴുത്തുകാരനുമാണ് അനീഷ്. എൻ നേരം തുഴഞ്ഞ് എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്.