ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ അവതാരകനായ സൽമാൻ ഖാന് 19-ാം സീസണിൽ റെക്കോര്‍ഡ് പ്രതിഫലം. ഇന്ത്യൻ ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അവതാരകന്‍ കൂടിയാണ് അദ്ദേഹം. ഓരോ വാരാന്ത്യ എപ്പിസോഡിനും 8-10 കോടിയാണ് പ്രതിഫലം.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയിൽ, ഒരു കൂട്ടം മത്സരാർത്ഥികളെ ഒരു വീടിനുള്ളിൽ താമസിപ്പിക്കും. ഇവർക്ക് പുറം ലോകവുമായി യാതൊരുവിധ ബന്ധവും ഉണ്ടായിരിക്കില്ല. ഹൗസിൽ നടക്കുന്ന വിവിധ കാര്യങ്ങളിലും ടാസ്കുകളിലുമെല്ലാം മികച്ച പ്രകടനവും ഒപ്പം പ്രേക്ഷക വോട്ടും ലഭിക്കുന്ന ഒരു മത്സരാർത്ഥി ബിഗ് ബോസ് വിന്നറാകും. നിലവിൽ സീസൺ 7 ആണ് മലയാളത്തിൽ നടക്കുന്നതെങ്കിൽ ഹിന്ദിയിൽ 19-ാമത്തെ സീസൺ ആണ്.
സൽമാൻ ഖാൻ ആണ് ബിഗ് ബോസ് ഹിന്ദിയിൽ അവതാരകനായി എത്തുന്നത്. ഏറ്റവും കൂടുതൽ ആരാധകരും ‘ഇങ്ങനെ ആയിരിക്കണം ഒരു ബിഗ് ബോസ് അവതാരകനെ’ന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത് എപ്പോഴും സൽമാൻ ഖാനെ ആണ്. അത്രത്തോളം രസകരവും എന്നാൽ ഇറക്കി വിടേണ്ടിടത്ത് ഇറക്കി വിട്ടും ചൂടാകേണ്ടിടത്തും മറ്റൊന്നും നോക്കാതെ ചൂടായും സൽമാൻ അങ്ങനെ ബിഗ് ബോസിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് 19 സീസണുകൾ ആയി. ഷോ മുന്നേറുന്നതിനിടെ സൽമാൻ ഖാന്റെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്.
120–150 കോടി വരെയാണ് ബിഗ് ബോസ് ഹിന്ദി സീസൺ 19നായി സൽമാൻ ഖാൻ വാങ്ങിക്കുന്ന പ്രതിഫലം എന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചയിൽ രണ്ട് ദിവസമാണ് താരം ഷോയിൽ എത്തുന്നത്. 8 മുതൽ 10 കോടി വരെയാണ് ഈ വീക്കെന്റുകളിൽ സൽമാൻ ഖാന്റെ പ്രതിഫലം. അത്തരത്തിൽ 15 വീക്കെന്റുകൾ ഉണ്ടാകും. ഇന്ത്യൻ ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അവതാരകനും സൽമാൻ ഖാൻ ആണ്.
അതേസമയം, മലയാളം ബിഗ് ബോസ് സീസൺ 7 ഫൈനലിലേക്ക് അടുക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ അടക്കമുള്ള കാര്യങ്ങൾ ഇനി വരാനിരിക്കുന്നുണ്ട്. ഷോ പത്താം വാരത്തിൽ എത്തിയപ്പോൾ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒനീൽ, ജിസേൽ എന്നിവർ ഷോയിൽ നിന്നും എവിക്ട് ആയിട്ടുണ്ട്. പത്താം ആഴ്ചയിലെ ക്യാപ്റ്റനായി ആദിലയേയും തെരഞ്ഞെടുത്തു.



