ഇന്ത്യയിലെ വിവിധ ഭാഷകളിലെ ബിഗ് ബോസ് പതിപ്പുകളുടെ റേറ്റിംഗ് കണക്കുകൾ നിർമ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ പുറത്തുവിട്ടു.
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. 2006 ല്‍ ഹിന്ദി ഭാഷയില്‍ ആദ്യമായി ആരംഭിച്ച ബിഗ് ബോസ് ഇന്ന് വിവിധ ഇന്ത്യന്‍ ഭാഷകളിലായി അനവധി സീസണുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബിഗ് ബോസ് ഹിന്ദി 19-ാം സീസണാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെങ്കില്‍ മലയാളത്തില്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത് ഏഴാം സീസണ്‍ ആണ്. ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ ബിഗ് ബോസ് നടന്നിട്ടുണ്ടെങ്കിലും ബംഗ്ല ബിഗ് ബോസ് രണ്ട് സീസണിന് ശേഷം 2016 ല്‍ അവസാനിപ്പിച്ചിരുന്നു. നിലവില്‍ ഒരേ സമയം ബിഗ് ബോസ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത് അഞ്ച് ഭാഷകളിലാണ്. ഇതില്‍ ഏതിനാണ് ഏറ്റവും കൂടുതല്‍ റേറ്റിംഗ്? ഇപ്പോഴിതാ അതിന്‍റെ ഔദ്യോഗിക കണക്കുകള്‍ തന്നെ പുറത്തെത്തിയിട്ടുണ്ട്.
ബിഗ് ബോസ് നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യയാണ് വിവിധ ഭാഷകളിലെ ബിഗ് ബോസിന്‍റെ റേറ്റിംഗ് ക്രോഡീകരിച്ച് പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് മിക്കവരും കരുതുംപോലെ സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ഹിന്ദി ബിഗ് ബോസിനല്ല ഏറ്റവും കൂടുതല്‍ റേറ്റിംഗ്. മറിച്ച് മോഹന്‍ലാല്‍ അവതാരകനാവുന്ന മലയാളം ബിഗ് ബോസ് ആണ് റേറ്റിംഗില്‍ ഒന്നാമത്. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകളെ മറികടന്നാണ് ബിഗ് ബോസ് മലയാളം വമ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുുന്നത്.
എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് ഹിന്ദി ബിഗ് ബോസിനാണ് ഏറ്റവും കുറവ് ടിവിആര്‍ (ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് റേറ്റിംഗ്). ഒന്നാം സ്ഥാനത്തുള്ള മലയാളത്തിന്‍റെ റേറ്റിംഗ് 12.1 ആണ്. തെലുങ്ക്, കന്നഡ പതിപ്പുകള്‍ക്കും 10 ന് മുകളില്‍ റേറ്റിംഗ് ഉണ്ട്. തെലുങ്ക് പതിപ്പിന്‍റെ റേറ്റിംഗ് 11.1, കന്നഡയുടേത് 10.9 എന്നിങ്ങനെയാണ് കണക്കുകള്‍. വിജയ് സേതുപതി നിലവില്‍ അവതാരാകനായുള്ള തമിഴ് ബിഗ് ബോസിന്‍റെ റേറ്റിംഗ് 5.61 ആണ്.
ടാര്‍ഗറ്റ് ഓഡിയന്‍സിലെ എത്ര ശതമാനം ഒരു നിശ്ചിത സമയത്ത് ഒരു ടെലിവിഷന്‍ ചാനലോ അതല്ലെങ്കില്‍ ഒരു നിര്‍ദിഷ്ട പരിപാടിയോ കാണുന്നു എന്ന കണക്കാണ് ടിവിആര്‍. കാണാന്‍ സാധ്യതയുള്ള പ്രേക്ഷകരില്‍ എത്ര പേര്‍ ഷോ കണ്ടു എന്ന് അണിയറക്കാര്‍ അറിയുന്നതിനുള്ള കണക്കാണ് ഇത്. ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ ഒരു പരിപാടിയുടെ ജനപ്രീതിയും പരസ്യമൂല്യവും അളക്കുന്നത് ഈ റേറ്റിംഗിലൂടെയാണ്.



