മൂന്ന് റൗണ്ടുകൾ ഉള്ള ടാസ്കിൽ രണ്ടെണ്ണമെങ്കിലും വിജയകരമായി പൂർത്തിയാക്കാത്ത പക്ഷം നൂറയുടെ സൂപ്പർ പവറുകളിൽ രണ്ടെണ്ണം എടുത്ത് കളയുമെന്നാണ് ബിഗ് ബോസ് പറഞ്ഞിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ സെവൻ മുപ്പത്തിയേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സരം മുറുകികൊണ്ടിരിക്കുകയാണ്. പുതിയ വീക്ക്ലി ടാസ്കുമായി ബിഗ് ബോസ് എത്തിയപ്പോൾ നൂറയുടെ സൂപ്പർ പവർ ആണ് പ്രധാന ഹൈലൈറ്റ്. 'നൂദില' ചെരുപ്പ് കമ്പനിയുടെ മുതലാളിയായാണ് നൂറ എത്തിയിരിക്കുന്നത്. ജിഷിൻ ആണ് നൂറയുടെ അസിസ്റ്റന്റ് ആയി ബിഗ് ബോസ് നിയമിച്ചിരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ ഓർഡർ അനുസരിച്ച് ചെരുപ്പുകൾ നിർമ്മിക്കുക എന്നതാണ് ടാസ്ക്. മൂന്ന് റൗണ്ടുകൾ ഉള്ള ടാസ്കിൽ രണ്ടെണ്ണമെങ്കിലും വിജയകരമായി പൂർത്തിയാക്കാത്ത പക്ഷം നൂറയുടെ സൂപ്പർ പവറുകളിൽ രണ്ടെണ്ണം എടുത്ത് കളയുമെന്നാണ് ബിഗ് ബോസ് പറഞ്ഞിരിക്കുന്നത്.
നല്ലപോലെ പണിയെടുക്കുന്നവർക്ക് പാരിതോഷികമായി കോയിൻ നൽകാൻ നൂറയ്ക്ക് പൂർണ്ണ അധികാരമാണ് ബിഗ് ബോസ് നൽകിയിരിക്കുന്നത്. ടാസ്കിന്റെ ആദ്യ ദിവസം 50 ചെരുപ്പുകളാണ് പൂർത്തിയാക്കേണ്ടത്. അക്ബർ തൊഴിലാളികളുടെ യൂണിയൻ നേതാവായാണ് ടാസ്കിൽ മത്സരിക്കുന്നത്. ആദില, മസ്താനി, അഭിലാഷ്, ലക്ഷ്മി, ഷാനവാസ്, ബിന്നി, ഒനീൽ തുടങ്ങിയവരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം നൂറയുടെ അസിസ്റ്റന്റായ ജിഷിനും തൊഴിലാളി നേതാവായ അക്ബറും തമ്മിൽ തൊഴിൽ സംബന്ധമായ തർക്കങ്ങൾ തൊഴിലിടത്തിൽ രൂപപ്പെടുന്നുണ്ട്. എന്നാൽ രണ്ട് അഭിപ്രായങ്ങളാണ് അക്ബറിന്റെ ഗെയിമിനെ ചൊല്ലി പ്രേക്ഷകർക്കിടയിൽ രൂപപ്പെടുന്നത്. ഏത് ഗെയിം ആണെങ്കിലും അക്ബർ അത് ബഹളമുണ്ടാക്കി അലമ്പാക്കും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ശേഷം ആദ്യ ദിവസത്തെ ടാസ്ക് പൂർത്തിയാക്കിയ ടീമിന് കോയിൻ കൊടുക്കാൻ ബിഗ് ബോസ് നിർദ്ദേശിക്കുന്നുണ്ട്. ബിന്നി, മസ്‍താനി, അഭിലാഷ്, ഒനീൽ, ഷാനവാസ്, ആദില, ലക്ഷ്മി എന്നിവർക്കാണ് ടാസ്ക് റൂമിൽ വെച്ച് നൂറ കോയിൻ കൊടുക്കുന്നത്. എന്നാൽ ജിഷിൻ നിരന്തരം അഭ്യർത്ഥിച്ചതിന് ശേഷം പുറത്ത് നിന്ന് ജിഷിനും നൂറ കോയിൻ കൊടുക്കുന്നു.
എന്നാൽ ഇത്രയും നന്നായി കളിച്ചിട്ടും തനിക്ക് കോയിൻ നൽകിയില്ല എന്നാണ് അക്ബർ പരാതി പറയുന്നത്. അക്ബർ കാരണം മറ്റ് പണിക്കാർക്ക് തൊഴിലെടുക്കാൻ സാധിച്ചില്ലെന്നും അക്ബർ സമയം കളഞ്ഞുവെന്നുമാണ് നൂറ പറയുന്നത്. ഇതിൽ പ്രകോപിതനായ അക്ബർ നൂറയോടും, ലക്ഷ്മിയോടും കയർത്ത് സംസാരിക്കുന്നുണ്ട്. ഇതെല്ലാം അക്ബറിന്റെ ഗെയിം ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ചെരുപ്പ് കമ്പനി പുനരാരംഭിക്കുമ്പോൾ നൂറയുടെ തീരുമാനങ്ങളും തൊഴിലാളികളുടെ പ്രകടനവും എങ്ങനെയാണ് ബിഗ് ബോസ് വീട്ടിലെ ഗെയിം മാറ്റിമറിക്കാൻ പോകുന്നതെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. നൂറയുടെ സൂപ്പർ പവർ എടുത്ത് കളയാൻ തൊഴിലാളികൾ ശ്രമിക്കുമോ അതോ നൂറയ്ക്ക് വേണ്ടി അവർ കളിക്കുമോ? കാത്തിരുന്ന് കാണാം.


