ബിഗ് ബോസിന്റെ മനംകവരാൻ ശ്രീരേഖ.

ആലപ്പുഴക്കാരിയായ ശ്രീരേഖ ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥിയായി എത്തുന്നത് സമ്പന്നമായ അനുഭവപരിചയത്തിന്റെ പശ്ചാത്തലത്തിലാണ്. കായികവും മാനസികവും കലാപരവുമൊക്കെയുള്ള കഴിവുകള്‍ ഷോയില്‍ മത്സരബുദ്ധിയോടെ മാറ്റുരയ്‍ക്കപ്പെടുമ്പോള്‍ ഒട്ടും പിന്നിലാകാതെ പോകാൻ ശ്രീരേഖയ്‍ക്ക് സഹായകമാകുക വിവിധ മേഖലകളിലെ പ്രവര്‍ത്തന പരിചയമാകും. നടിയെന്ന നിലയിലെ സ്വീകാര്യതയുടെ പിൻബലത്തിലാണ് ഷോയിലേക്ക് ശ്രീരേഖ എത്തുന്നത്. മികച്ച സഹ നടിക്കുള്ള സംസ്ഥാന അവാര്‍ഡടക്കം നേടിയിട്ടുണ്ട് ശ്രീരേഖ.

കലോത്സവവേദികളിലൂടെ പഠനകാലത്തേ ശ്രീരേഖ കലാ രംഗത്ത് പേരെടുത്തിരുന്നു. കലോത്സവങ്ങളില്‍ ശ്രീരേഖയ്‍ക്ക് നൃത്തം സംഗീതം തുടങ്ങിയവയില്‍ സമ്മാനങ്ങള്‍ നേടാൻ കഴിഞ്ഞത് അക്കാലത്ത് നിരവധി സീരിയലുകളിലേക്ക് അവസരം ലഭിക്കാൻ കാരണമായി. ചെറുപ്പകാലത്ത് വീണ്ടും ജ്വാലയായി, ശ്രീഗുരുവായൂരപ്പൻ സീരിയലുകള്‍ക്ക് പുറമേ മിന്നുകെട്ടിലും മികച്ച വേഷം ശ്രീരേഖ ചെയ്‍തതിനാല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി ശ്രീരേഖ. മമ്മൂട്ടിയുടെ കാഴ്‍ചയടക്കമുള്ള ചില സിനിമകളിലും ചെറു വേഷങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു.

പിന്നീട് നടി ശ്രീരേഖ പഠനത്തിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സൈക്കോളജിയില്‍ ബിരുദ പഠനത്തിന് ശേഷം താരം ശിശുക്ഷേമ സമിതിയില്‍ സൈക്കോളജിസ്റ്റായും പ്രവര്‍ത്തിച്ചു. അക്കാലത്ത് ശ്രീരേഖ നിരവധി ടിക്‍ടോക് വീഡിയോകളിലൂടെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷെയ്‍ൻ നിഗത്തിന്റെ വെയില്‍ എന്ന സിനിമയിലേക്ക് ക്ഷണം ലഭിക്കുകയും മികച്ച പ്രകടനത്തിലൂടെ സഹ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് നേടുകയും ചെയ്‍തു.

ഡിയര്‍ വാപ്പി എന്ന വേറിട്ട സിനിമയിലും ശ്രീരേഖ വേഷമിട്ടിട്ടുണ്ട്. സന്ദീപ് ശ്രീധരനാണ് ശ്രീരേഖയുടെ ഭർത്താവ്. മോർഗ്, ഗലീലിയോ, വെയിൽ തുടങ്ങിയ സിനിമകളിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രോജക്റ്റ് കോർഡിനേറ്ററുമൊക്കെയാണ് സന്ദീപ് ശ്രീധരൻ. നിലവില്‍ സന്ദീപ് സ്റ്റുഡിയോ നടത്തുകയാണ്. തൃശൂരാണ് ശ്രീരേഖയും സന്ദീപും താമസിക്കുന്നത്.

Read More: ഒടുവില്‍ ജയറാമും മമ്മൂട്ടിയും ഒന്നിച്ച് ഒടിടിയിലേക്ക്, എബ്രഹാം ഓസ്‍ലറിന്റെ റിലീസില്‍ ധാരണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക