ബിഗ് ബോസ് മത്സരാർത്ഥി അനുമോൾ ഷോയിൽ പങ്കെടുത്തത് പ്രശസ്തിക്കല്ലെന്ന് കുടുംബം. അവളുടെ കരച്ചിൽ സ്വാഭാവികമാണ്, സഹതാപം നേടാനുള്ള തന്ത്രമല്ല. പിആറിന് പണം നൽകിയെന്ന ആരോപണം നിഷേധിച്ച കുടുംബം, അനുമോൾ കപ്പ് നേടുമെന്നും പറയുന്നു.
ബിഗ്ബോസ് മലയാളം സീസൺ 7ൽ നിരവധി അഭിനന്ദനങ്ങളും ഒപ്പം വിമർശനങ്ങളും ഏറ്റുവാങ്ങുന്ന താരമാണ് അനുമോൾ. സീസൺ ഫൈനലിനോട് അടുത്തുകൊണ്ടിരിക്കെ അനുമോളുടെ അമ്മയും അച്ഛനും ചേച്ചിയും സുഹൃത്തും ഒന്നിച്ചെത്തിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. അനു ബിഗ്ബോസിൽ പോയത് പണത്തിനു വേണ്ടിയാണ്, പ്രശസ്തിക്കു വേണ്ടിയല്ല. അതുകൊണ്ടു തന്നെ, പിആറിന് എങ്ങനെ പതിനാറ് ലക്ഷം കൊടുക്കും എന്ന് കുടുംബം ചോദിക്കുന്നു. ബിഗ്ബോസിൽ അനുമോൾ കരയുന്നതു കാണുമ്പോൾ വിഷമം വരാറുണ്ടെന്നും വീട്ടുകാർ പറയുന്നു. അനുമോൾ കപ്പടിക്കുമെന്ന പ്രതീക്ഷയും കുടുംബം പങ്കുവെയ്ക്കുന്നുണ്ട്.
''സിംപതി കിട്ടാൻ വേണ്ടി അനു എടുക്കുന്ന സ്ട്രാറ്റജിയല്ല കരച്ചിൽ. പെട്ടന്ന് കരച്ചിൽ വരുന്ന പ്രകൃതമാണ് അനുവിന്. അനു കരയുന്നത് കണ്ട് അമ്മയ്ക്ക് ആദ്യം ബിപി കൂടി പ്രശ്നങ്ങളുണ്ടായിരുന്നു. അനുവിനോട് എന്തെങ്കിലും പ്രശ്നം ഉള്ളതുകൊണ്ടല്ല ചേച്ചി ബിഗ് ബോസ് ഹൗസിലേക്ക് പോകാതിരുന്നത്. അവളെ കണ്ടാൽ ഞങ്ങൾ കരയും. കരഞ്ഞ് മെഴുകുന്ന കുടുംബമെന്ന പേര് വേണ്ടെന്ന് കരുതി. അതുകൊണ്ടാണ് അനുവിന്റെ കൂട്ടുകാരിയെ അമ്മയ്ക്കൊപ്പം ഹൗസിലേക്ക് അയച്ചത്. ലാലേട്ടൻ അനുവിനെ വഴക്ക് പറയുന്നത് കാണുമ്പോളും വിഷമം തോന്നും. ഞായറാഴ്ച എപ്പിസോഡ് കാണുന്നത് തന്നെ ടെൻഷൻ അടിച്ചാണ്. പിന്നെ സ്ട്രോങ്ങായിട്ടുള്ള പ്ലയറിനെയാണല്ലോ ടാർഗെറ്റ് ചെയ്യുന്നത്.
അനു സന്തോഷം വന്നാലും സങ്കടം വന്നാലും കരയും. അനുവിനെ ഷോയിലേക്ക് വിടുന്നതിനോട് താൽപര്യമില്ലായിരുന്നു. അനു ഇത്രയും ദിവസം സർവൈവ് ചെയ്യുമെന്ന് കരുതിയില്ല. അനു കപ്പ് അടിക്കുമെന്ന് നൂറ് ശതമാനം വിശ്വസമുണ്ട്. ടോപ്പിൽ നിൽക്കുന്ന മത്സരാർത്ഥികൾ അനുവും അനീഷുമാണെന്നാണ് തോന്നിയിട്ടുള്ളത്. ലൈഫ് ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാൻ ഇതുവരേയും അനുവിന് അറിയില്ലായിരുന്നു. ഇപ്പോൾ അവൾ അതൊക്കെ പഠിച്ചു'', മെയിൻസ്ട്രീം വണ്ണിനു നൽകിയ അഭിമുഖത്തിൽ അനുവിന്റെ കുടുംബം പറഞ്ഞു.



