Asianet News MalayalamAsianet News Malayalam

'ഏഴ് വര്‍ഷമായി ഒരു വീടിനുവേണ്ടി സര്‍ക്കാരില്‍ അപേക്ഷിക്കുന്നു, പക്ഷേ'; ജീവിതം പറഞ്ഞ് അശ്വിന്‍

കണ്ണീരണിഞ്ഞാണ് മത്സരാര്‍ഥികളില്‍ പലരും അശ്വിന്‍റെ ജീവിതം കേട്ടിരുന്നത്

bigg boss malayalam season 4 ashwin vijay recalls his difficult life journey
Author
Thiruvananthapuram, First Published Mar 28, 2022, 11:54 PM IST

ബി​ഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് അശ്വിന്‍ വിജയ്. ചുരുങ്ങിയ പ്രായത്തിനുള്ളില്‍ കടുത്ത ജീവിത യാഥാര്‍ഥ്യങ്ങളെ നേരിട്ട് മജീഷ്യന്‍ എന്ന നിലയില്‍ ജനശ്രദ്ധ നേടിയ അശ്വിന്‍റെ ജീവിതകഥ പലരും കേട്ടിട്ടുള്ള ഒന്നാണ്. എന്നാല്‍ ബി​ഗ് ബോസിലെ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം അശ്വിന്‍ ഇന്ന് ബി​ഗ് ബോസ് ഹൗസില്‍ സ്വന്തം ജീവിതകഥ അവതരിപ്പിച്ചു. കേട്ടിരുന്ന മത്സരാര്‍ഥികളില്‍ പലരും കണ്ണീരണിഞ്ഞാണ് ആ ജീവിതം കേട്ടിരുന്നത്.

കടന്നുവന്ന ജീവിതവഴികളെക്കുറിച്ച് അശ്വിന്‍ വിജയ്

ഈ ഇരിക്കുന്ന അശ്വിനല്ല യഥാര്‍ഥ അശ്വിന്‍. അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ട് ആണെന്ന് അറിയാതെയാണ് അച്ഛന്‍ കല്യാണം കഴിക്കുന്നത്. എന്നെ ​ഗര്‍ഭം ധരിച്ച സമയത്ത് അച്ഛന്‍റെ വീട്ടിലെ പ്രശ്നങ്ങള്‍ കാരണം അമ്മ സ്വന്തം വീട്ടിലേക്ക് പോയി. പ്രശ്നങ്ങളൊക്കെ വീണ്ടും ഒതുങ്ങിത്തുടങ്ങിയ സമയത്താണ് എന്റെ അനുജത്തിക്ക് അമ്മ ജന്മം നല്‍കിയത്. എന്നാല്‍ പ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ അമ്മ ഞങ്ങളെ വിട്ടുപോയി. ആ സമയത്ത് എന്‍റെ അച്ഛന്റെ അമ്മ എന്നെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. അച്ഛന്‍റെ ചേച്ചി അനുജത്തിയെ നിയമപരമായി ദത്തെടുത്തു. അമ്മ പോയ വിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്‍തു.

ഏറ്റവും വലിയ ദാരിദ്ര്യത്തില്‍ ജീവിച്ച ഒരു വ്യക്തിയാണ്. പ്ലസ് ടുവിന് 2000 രൂപയുടെ ഫീസ് എടുക്കാനില്ലാത്തതുകൊണ്ട് അമ്മൂമ്മ എന്നോട് പഠനം നിര്‍ത്താന്‍ പറഞ്ഞു. പക്ഷേ എന്‍റെ കരച്ചില്‍ കണ്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് കടം വാങ്ങിയ 2000 രൂപ കൊണ്ട് അമ്മൂമ്മ എനിക്ക് അഡ്മിഷന്‍ വാങ്ങിത്തന്നു. പ്ലസ് വണ്‍ അവസാന പരീക്ഷയുടെ അന്ന് എന്‍റെ അമ്മൂമ്മ മരിച്ചുപോയി. ആ സമയത്ത് എന്‍റെ അച്ഛന്‍റെ പെങ്ങള്‍ വീട്ടില്‍ വന്ന് നില്‍ക്കാമെന്ന് പറഞ്ഞു. പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി, മാതാപിതാക്കള്‍ ഇല്ലെങ്കില്‍ നമുക്ക് ആരും കാണില്ല. പ്ലസ് ടു പഠിക്കുന്ന സമയത്ത് വീട്ടില്‍ നിന്ന് ഒരുപാട് ഉപദ്രവങ്ങള്‍ ആയിരുന്നു. പ്ലസ് ടു കഴിഞ്ഞതോടെ എന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. പച്ചവെള്ളവും വടയും കഴിച്ച് നാല് ദിവസം ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നിട്ടുണ്ട്. ഒരു ദിവസം പൊലീസ് അവിടെനിന്ന് എന്നെ ഓടിച്ചു. അമ്മൂമ്മയുടെ ഓര്‍മ്മയ്ക്കുവേണ്ടി സൂക്ഷിച്ചിരുന്ന മോതിരം വിറ്റ് ഒരു ഹോസ്റ്റലില്‍ പ്രവേശനം നേടി. ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ എന്നോട് മയക്കുമരുന്നും മദ്യവും ഉപയോ​ഗിക്കാന്‍ പറഞ്ഞു. ഞാന്‍ ഇല്ലെന്ന് പറഞ്ഞു. അടുത്ത സുഹൃത്തുക്കളില്‍നിന്ന് ലൈം​ഗിക ചൂഷണം നേരിട്ടു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നാണ് എന്നോട് പറഞ്ഞത്. റെയില്‍വേസ്റ്റേഷനില്‍ പോയി ഒരു രാത്രി ഒളിച്ചിരുന്നു. ആത്മഹത്യ ചെയ്യണമെന്ന് മനസിന്‍റെ ഒരു ഭാ​ഗം പറഞ്ഞപ്പോഴും അത് ചെയ്യരുതെന്ന് തോന്നി. ഇത്രയും അനുഭവിച്ചെങ്കില്‍ ഞാന്‍ എന്തോ ആവാന്‍ പോവുകയാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. 

22 വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ അമ്മയെ ഞാന്‍ കണ്ടുപിടിച്ചു. പക്ഷേ മാനസിക ബുദ്ധിമുട്ട് നേരിടുന്ന അമ്മയ്ക്ക് എന്നെ തിരിച്ചറിയാനായില്ല. ഇവിടുന്ന് കിട്ടുന്ന പൈസ കൊണ്ട് എനിക്ക് ഒരു വീട് വച്ചേ പറ്റൂ. എന്‍റെ അമ്മയെ കൊണ്ടുവന്നേ പറ്റൂ. എനിക്ക് സ്വന്തമായി സ്ഥലമില്ല. ഏഴ് വര്‍ഷമായി ഒരു വീടിനുവേണ്ടി സര്‍ക്കാരില്‍ അപേക്ഷിക്കുന്നു. പക്ഷേ അത് കിട്ടിയിട്ടില്ല. പലപ്പോഴും ഒറ്റയ്ക്കുള്ളയാള്‍ എന്ന പേരില്‍ എന്നെ റിജക്റ്റ് ചെയ്‍തുകൊണ്ട് ഇരിക്കുകയാണ്. ഒരു വീട്, അത് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ.

അമ്മയെ കണ്ടുപിടിച്ചതിനു ശേഷം എന്‍റെ ജീവിതത്തില്‍ ഒറ്റയടിക്കുള്ള കയറ്റങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് ആര്‍ക്കുമില്ലാത്ത ഒരു കാര്യം എനിക്കുണ്ടെന്ന് അഹങ്കാരത്തോടെ ഞാന്‍ പറയും. മാജിക്കിലെ രണ്ട് ലോക റെക്കോര്‍ഡുകള്‍ ആണ് അത്. ഒരു മിനിറ്റില്‍ 18 മാജിക്കുകള്‍ അവതരിപ്പിച്ചതിനുള്ള ഇന്ത്യയിലെ ഏറ്റവും വേ​ഗതയേറിയ മജീഷ്യന്‍ എന്ന ടൈറ്റില്‍ ആണത്. ഇവിടെ മത്സരിക്കുന്നതുകൊണ്ട് എനിക്ക് കുറച്ചുപേരെ സഹായിക്കണം. അതിനുവേണ്ടിയാണ് വന്നത്. എനിക്ക് നിന്നേ പറ്റൂ. അത് എന്റെ വാശിയാണ്. 

Follow Us:
Download App:
  • android
  • ios