Asianet News MalayalamAsianet News Malayalam

Bigg Boss 4 Episode 30 Highlights: 9 പേര്‍ നോമിനേഷനില്‍! ഇനി മത്സരം കടുക്കും

ഈ വാരത്തിലെ നോമിനേഷനുകളുമായി പുതിയ എപ്പിസോഡ്

bigg boss malayalam season 4 episode 30 live updates
Author
Thiruvananthapuram, First Published Apr 25, 2022, 9:15 PM IST

കഴിഞ്ഞ മൂന്ന് സീസണുകളേക്കാൾ കാഴ്ചാനുഭവത്തിൽ ഏറെ പ്രത്യേകതകളോടെയാണ് ബിഗ് ബോസ് മലയാളം സീസൺ 4 പ്രദർശനം തുടരുന്നത്. മത്സരാർഥികൾക്കുള്ള ഫാൻ ഫോളോവിംഗിൻറെ കാര്യത്തിൽ ഈ സീസൺ പിന്നിലാണെങ്കിലും ടാസ്കുകളുടെയും ഗെയിമുകളുടെയും നിലവാരത്തിൻറെ കാര്യത്തിൽ ഈ സീസൺ മുൻ സീസണുകളേക്കാൾ വളരെ മുന്നിലാണ്. ടാസ്‍കുകൾ പലപ്പോഴും കലോത്സവങ്ങളായി മാറുന്നുവെന്ന് കഴിഞ്ഞ സീസണിൽ പ്രേക്ഷകരിൽ പലരും വിമർശനം ഉയർത്തിയിരുന്നു. അതേസമയം സ്വാഭാവികമായും ഏതൊരു ബിഗ് ബോസ് ഷോയെയും പോലെ മത്സരാർഥികൾ തങ്ങളുടെ യഥാർഥ വ്യക്തിത്വം വെളിപ്പെടുത്തി, അതിലാണ് ഇപ്പോൾ നിലകൊള്ളുന്നത്.

പ്രേക്ഷക പിന്തുണ തങ്ങളിലേക്ക് വലിയ തോതിൽ കേന്ദ്രീകരിക്കാൻ കഴിഞ്ഞ മത്സരാർഥികൾ ഈ സീസണിൽ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഡോ. റോബിൻ, ബ്ലെസ്‍ലി, ജാസ്‍മിൻ, ദിൽഷ, ഡെയ്‍സി എന്നിങ്ങനെ നിലപാടുകൾ പറയാൻ ഒട്ടും മടി കാട്ടാത്ത മത്സരാർഥികൾക്ക് അവരുടേതായ ആരാധകവൃന്ദമുണ്ട്. ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻറെ അപ്രതീക്ഷിത തിരിച്ചുപോക്ക് മറ്റു മത്സരാർഥികൾക്കെന്ന പോലെ കാണികൾക്കും ഞെട്ടലാണ് സമ്മാനിച്ചത്. അടുത്ത വൈൽഡ് കാർഡ് എൻട്രി ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് മത്സരാർഥികളും പ്രേക്ഷകരും.

നവീന്‍ കുട്ടികളെപ്പോലെയാണെന്ന് റോണ്‍സണ്‍

കഴിഞ്ഞ വാരം നവീന്‍റെ പല പ്രകടനങ്ങളും സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങളും ട്രോള്‍ മെറ്റീരിയല്‍ ആയി മാറിയിരുന്നു. പ്രധാനമായും ജയില്‍ ശിക്ഷ ലഭിച്ചതിനു ശേഷമുള്ള അദ്ദേഹത്തിന്‍റെ പ്രതികരണങ്ങള്‍. നവീന്‍ കുട്ടികളെപ്പോലെയാണെന്നാണ് റോണ്‍സന്‍റെ വിലയിരുത്തല്‍. ബ്ലെസ്‍ലിയോടാണ് തന്‍റെ പ്രിയ സ്നേഹിതനെക്കുറിച്ച് റോണ്‍സണ്‍ പറഞ്ഞത്.

'റോബിനെ മാനിപുലേറ്റ് ചെയ്യുന്നത് ദില്‍ഷ'

മറ്റു മത്സരാര്‍ഥികളെക്കുറിച്ച് ബിഗ് ബോസ് ഹൌസിലെ അടുത്ത സുഹൃത്തുക്കളുമായി പല മത്സരാര്‍ഥികളും ചര്‍ച്ച ചെയ്യുന്നത് പരിവാണ്. ദില്‍ഷയെക്കുറിച്ച് ജാസ്‍മിനും ഡെയ്‍സിക്കും നിമിഷയ്ക്കുമിടയില്‍ അത്തരമൊരു ചര്‍ച്ച ഇന്ന് നടന്നു. ഡോ. റോബിനുമായി ചേര്‍ന്ന് ദില്‍ഷ ഒരു ഗെയിം ആവിഷ്കരിക്കുകയാവാമെന്നും റോബിനെ തെറ്റിദ്ധരിപ്പിക്കുന്നത് ദില്‍ഷ ആയിരിക്കാമെന്നും ഡെയ്‍സി അഭിപ്രായപ്പെട്ടു.'

നിങ്ങള്‍ മികച്ച ഗെയിമര്‍: റോണ്‍സനോട് ഡോ. റോബിന്‍

ഗ്രൂപ്പ് ആയി ഇരിക്കുമ്പോള്‍ തന്‍റെ അഭിപ്രായവ്യത്യാസങ്ങളാണ് ഡോ. റോബിന്‍ പലപ്പോഴും പ്രകടിപ്പിക്കാറ്. അതേസമയം അദ്ദേഹം തന്‍റെ സൌഹൃദ ഭാവം പ്രകടിപ്പിക്കുന്നത് മത്സരാര്‍ഥികളോട് ഒറ്റയ്ക്കൊറ്റയ്ക്കാണ്. റോണ്‍സനോടും റോബിന്‍ അത്തരത്തില്‍ സംസാരിക്കുന്നത് ഇന്ന് പ്രേക്ഷകര്‍ കണ്ടു. റോണ്‍സണ്‍ മികച്ച ഗെയിമര്‍ ആണെന്നും സ്മാര്‍ട്ട് ആണെന്നുമായിരുന്നു റോബിന്‍റെ വിലയിരുത്തല്‍.

ലവ് സ്ട്രാറ്റജിയുടെ ആരംഭം?

റോബിനും ദില്‍ഷയും യഥാര്‍ഥത്തില്‍ ഒരു ലവ് സ്ട്രാറ്റജിയാണോ ആവിഷ്കരിക്കുന്നത്? തങ്ങള്‍ക്കിടയില്‍ സൌഹൃദം മാത്രമാണ് ഉള്ളതെന്ന് ദില്‍ഷ ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും ഇരുവര്‍ക്കുമിടയില്‍ തന്ത്രമാണ് ഉള്ളതെന്ന് പല മത്സരാര്‍ഥികളുടെയും മനസിലുണ്ട്. ഡെയ്‍സി ഇന്നത് തുറന്ന് പറയുകയും ചെയ്‍തു. റോബിനും ദില്‍ഷ്ക്കുമിടയിലുള്ള ചില രസകരമായ നിമിഷങ്ങളും ഇന്നത്തെ എപ്പിസോഡിലൂടെ പ്രേക്ഷകര്‍ കണ്ടു.

14 ല്‍ ഒന്‍പത് പേരും നോമിനേഷനില്‍!

നിലവില്‍ അവശേഷിക്കുന്ന 14 മത്സരാര്‍ഥികളില്‍ 9 പേരും ഇടംപിടിച്ചു എന്നതാണ് ഇത്തവണത്തെ നോമിനേഷന്‍റെ പ്രത്യേകത. പത്ത് പേര്‍ക്കാണ് ആകെ നേമിനേഷനുകള്‍ ലഭിച്ചത്. ഇതില്‍ ഒരു വോട്ട് ലഭിച്ച ധന്യയെ മാത്രം ബിഗ് ബോസ് ഒഴിവാക്കി. റോബിന്‍, ബ്ലെസ്‍ലി, ലക്ഷ്മിപ്രിയ, അപര്‍ണ, ദില്‍ഷ, ജാസ്മിന്‍, ഡെയ്സി, റോണ്‍സണ്‍, നവീന്‍ എന്നിവരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്.

Follow Us:
Download App:
  • android
  • ios