നിമിഷയുടെ വരവില്‍ ഏറ്റവും സന്തോഷം റിയാസിന് ആയിരുന്നു. ഏറെ വാരങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നില്ലെങ്കിലും അവര്‍ക്കിടയില്‍ വലിയ സൌഹൃദം രൂപപ്പെട്ടിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) ഏറ്റവും ആവേശകരമായ എപ്പിസോഡുകളില്‍ ഒന്നാണ് ഇന്നത്തേത്. സീസണ്‍ അവസാനിക്കാന്‍ രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കെ ഇതുവരെ പുറത്തായ മത്സരാര്‍ഥികളെ പല ബാച്ചുകളായി ഹൌസിലേക്ക് തിരികെ എത്തിച്ചുകൊണ്ടിരിക്കുകയാണ് ബിഗ് ബോസ്. ഇതില്‍ ആദ്യമെത്തിയത് ശാലിനി നായര്‍, ജാനകി സുധീര്‍, മണികണ്ഠന്‍ എന്നിവര്‍ ആയിരുന്നു. അവിടെയുള്ള ഫൈനലിസ്റ്റുകളായ ആറ് മത്സരാര്‍ഥികളെ സംബന്ധിച്ച് ഇത് വലിയ സര്‍പ്രൈസും ഏറെ ആഹ്ലാദകരവുമായിരുന്നു. ഫിനാലെ ദിനങ്ങളിലേക്ക് അടുക്കവെ കഴിഞ്ഞ വാരങ്ങളില്‍ അവര്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദത്തെയൊക്കെ അലിയിച്ചുകളയാന്‍ തക്ക ശക്തി ഈ നിമിഷങ്ങള്‍ക്കുണ്ട്.

രണ്ടാമതായി ഹൌസിലേക്ക് എത്തിയ ബാച്ചും മൂന്നു പേരുടേത് ആയിരുന്നു. നവീന്‍ അറയ്ക്കല്‍, അശ്വിന്‍ വിജയ്, നിമിഷ എന്നിവരായിരുന്നു അവര്‍. നിമിഷയുടെ വരവില്‍ ഏറ്റവും സന്തോഷം റിയാസിന് (Riyas Salim) ആയിരുന്നു. ഏറെ വാരങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നില്ലെങ്കിലും അവര്‍ക്കിടയില്‍ വലിയ സൌഹൃദം രൂപപ്പെട്ടിരുന്നു. വന്നയുടന്‍ റിയാസിന്‍റെ ടൈറ്റില്‍ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്ന വാക്കുകളാണ് നിമിഷ പറഞ്ഞതും. ആദ്യമായി, നിന്നെക്കുറിച്ച് ഏറെ അഭിമാനമുണ്ട്. രണ്ടാമതായി, നീയിത് ജയിച്ചാലും ഇല്ലെങ്കിലും നീ ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കി. അതില്‍ ആദ്യത്തേത് എന്‍റെയാണ്, ആനന്ദാശ്രുക്കളോടെ നിമിഷ പറഞ്ഞു. താന്‍ അയച്ച വസ്ത്രങ്ങളും ട്രിമ്മറുമൊക്കെ കിട്ടിയോ എന്നും നിമിഷ ചോദിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് തനിക്ക് ലഭിച്ച വസ്ത്രങ്ങള്‍ ആരുടെ സമ്മാനമാണെന്ന് റിയാസും തിരിച്ചറിഞ്ഞത്. ജാസ്മിന്‍ അയച്ചതാവും അവയെന്നാണ് താന്‍ കരുതിയതെന്ന് റിയാസ് പറഞ്ഞു.

ALSO READ : 'ഉമ്മ നിൽക്കുന്ന വീട്ടിൽ നിന്നും തരുന്ന ഡ്രസ് ആണ് ഞാൻ ഇടാറ്': മനസ്സ് തുറന്ന് റിയാസ്

പിന്നീട് ക്യാപ്റ്റന്‍ റൂമില്‍ റിയാസിനൊപ്പം പോയ നിമിഷ റിയാസിനുവേണ്ടി മാത്രമാണ് താന്‍ എത്തിയതെന്നും അറിയിച്ചു- സത്യം പറഞ്ഞാല്‍, നീ ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ വന്നത്. മറ്റാര്‍ക്കുവേണ്ടിയും എനിക്ക് വരണമെന്നില്ലായിരുന്നു. പിന്നെ നിനക്ക് പിന്തുണ വേണമെന്നും എനിക്ക് അറിയാമായിരുന്നു, നിമിഷ പറഞ്ഞു.