ബ്ലെസ്‍ലിയെയും റിയാസിനെയും നോമിനേറ്റ് ചെയ്‍ത് റോണ്‍സണ്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) ആദ്യ ഓപണ്‍ നോമിനേഷന്‍ ആണ് ഇന്ന്. കണ്‍ഫെഷന്‍ റൂമില്‍ വച്ച് രഹസ്യമായാണ് മത്സരാര്‍ഥികള്‍ എല്ലാ തവണയും പുറത്താകണമെന്ന് ആഗ്രഹിക്കുന്നവരുടെ പേരുകള്‍ പറയാറെങ്കില്‍ ഓപണ്‍ നോമിനേഷനില്‍ അത് എല്ലാവരുടെയും മുന്നില്‍ വച്ചാണ്. എല്ലാ സീസണുകളിലും ഉണ്ടായിട്ടുള്ള ഓപണ്‍ നോമിനേഷന്‍ അതാത് സീസണുകള്‍ ആവേശകരമായ അന്ത്യ ഘട്ടങ്ങളിലേക്ക് എത്തുന്ന സമയത്താണ് നടക്കാറ്. പത്താം വാരത്തിലേക്ക് എത്തിയപ്പോഴാണ് നാലാം സീസണിലെ ഓപണ്‍ നോമിനേഷന്‍ ബിഗ് ബോസ് നടത്തിയിരിക്കുന്നത്.

ബ്ലെസ്‍ലിയാണ് ഓപണ്‍ നോമിനേഷന്‍ വന്നിരുന്നെങ്കില്‍ എന്ന് സുഹൃത്തുക്കളോട് ആഗ്രഹം പ്രകടിപ്പിച്ച മത്സരാര്‍ഥി. അതേസമയം ഓപണ്‍ നോമിനേഷന്‍ ആവേശത്തോടെ ചെയ്യുമായിരുന്ന രണ്ടുപേര്‍ക്ക് അതില്‍ പങ്കെടുക്കാനാവില്ല. ഡോ. റോബിനും റിയാസുമാണ് അത്. രണ്ടു വാരം മുന്‍പ് ഒരുമിച്ച് ജയില്‍ശിക്ഷ അനുഭവിച്ച സമയത്ത് ബിഗ് ബോസ് നല്‍കിയ ടാസ്ക് പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് ഇരുവര്‍ക്കും ശിക്ഷ പ്രഖ്യാപിച്ചിരുന്നു. തുടരുന്ന ആ ശിക്ഷയുടെ ഭാഗമായാണ് ഓപണ്‍ നോമിനേഷനിലും ഇരുവരുടെയും വിലക്ക്. അതേസമയം അവരെ മറ്റുള്ളവര്‍ക്ക് നോമിനേറ്റ് ചെയ്യുന്നതിന് തടസമില്ല.

റോണ്‍സനാണ് ആദ്യത്തെ നോമിനേഷന് അവസരം ലഭിച്ചത്. ബ്ലെസ്‍ലിയെയും റിയാസിനെയുമാണ് റോണ്‍സണ്‍ നോമിനേറ്റ് ചെയ്‍തത്. ക്യാപ്റ്റന്‍ ആയിരിക്കെ ബ്ലെസ്‍ലി പലരോടും പ്രതികാരം ചെയ്‍തു എന്നാണ് ആദ്യ നോമിനേഷന് റോണ്‍സണ്‍ കാരണം പറഞ്ഞത്. റിയാസിനെ നോമിനേറ്റ് ചെയ്യുന്നതിനുള്ള കാരണമായി പറഞ്ഞത് സംഭാഷണങ്ങള്‍ക്കിടെ പലപ്പോഴും മോശം വാക്കുകള്‍ ഉപയോഗിക്കുന്നു എന്നാണ്.

എന്നാല്‍ ഈ നോമിനേഷനെ റിയാസ് ചോദ്യം ചെയ്‍തു. ഈ കാരണത്തിനാണോ എന്നെ നോമിനേറ്റ് ചെയ്യുന്നത് എന്നായിരുന്നു റിയാസിന്‍റെ ചോദ്യം. അവതാരകനായ മോഹന്‍ലാലും ബിഗ് ബോസും പലകുറി മുന്നറിയിപ്പ് നല്‍കിയിട്ടും റിയാസ് അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നുവെന്ന് റോണ്‍സണ്‍ മറുപടി പറഞ്ഞു. നോമിനേറ്റ് ചെയ്യുന്നവരുടെ ചിത്രങ്ങള്‍ ഒരു നോക്കുകുത്തിയുടെ തലഭാഗത്തെ കലത്തില്‍ ഒട്ടിച്ചുവച്ച് കലം അടിച്ചുപൊട്ടിക്കുകയാണ് വേണ്ടത്.