ബിഗ് ബോസിലെ പ്രണയത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി നാദിറ.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഹൗസിലെ മത്സരാര്‍ഥികളുടെ ഒരു വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ബിഗ് ബോസ് ഹൗസില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ മത്സരാര്‍ഥികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്‍തു. തന്റെ സ്റ്റാൻഡില്‍ താൻ ഉറച്ചുനില്‍ക്കുന്നുവെന്നാണ് നാദിറ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

ഒരു കമ്മ്യൂണിറ്റിയുടെ മുഖമായി വന്ന നാദിറ അത് മാറി ഇപ്പോള്‍ ഒരു പ്രണയഭാവത്തിലാണോ, വീട്ടിലെ സാഹചര്യങ്ങളോ മനസോ അങ്ങനെ മാറ്റിയോ എന്നായിരുന്നു നാദിറയോടുള്ള ചോദ്യം. എന്നാല്‍ ഇപ്പോഴും താൻ പഴയ ആളാണ് എന്നായിരുന്നു നാദിറ പറഞ്ഞത്. ടോക്സിക് ആയ ആളുകള്‍ ഇവിടെ വളരെ കുറവാണ്. അഖിലിന്റെ വായില്‍ നിന്ന് മോശമായ വാക്ക് വന്നപ്പോള്‍ അത് എന്നെ ബാധിക്കുമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ഇനിയും എന്തെങ്കിലും മോശം അനുഭവം ഉണ്ടെങ്കില്‍ ഞാൻ ഉറപ്പായും പറയും. മുമ്പ് കണ്ട നാദിറയെ ഇനിയും നിങ്ങള്‍ക്ക് കാണാൻ കഴിയും. ഇല്ലാത്ത ഒരു സംഭവം ക്രിയേറ്റ് ചെയ്‍ത് വിഷയമാക്കാൻ താല്‍പര്യം ഇല്ലെന്നും നാദിറ വ്യക്തമാക്കി.

ബിഗ് ബോസ് ഹൗസില്‍ പ്രണയം തോന്നിയത് ഇപ്പോഴല്ല കുറച്ച് നാളായി എന്നും നാദിറ പറഞ്ഞു. പ്രണയം തോന്നിയാല്‍ അത് തുറന്നു പറയുക എന്നതാണ് ശരിയായ നിലപാട് എന്ന് വിശ്വസിക്കുന്നു. ഗോപിക ഇവിടെ നിന്ന് എവിക്റ്റ് ആയി പോകുന്നതിനു മുമ്പേ എന്നോട് ചോദിച്ചിരുന്നു. ആരോടെങ്കിലും എനിക്ക് പ്രണയമുണ്ടോ എന്ന്. ഇല്ലെന്ന് ഞാൻ കളവ് പറഞ്ഞു. അല്ല ഉണ്ടെന്ന് തന്നോട് പറഞ്ഞു. പിന്നീട് ഇഷ്‍ടം അധികമാകുകയും ചിലപ്പോള്‍ കുറയുകയും ചെയ്‍തിട്ടുണ്ട്. ഇപ്പോഴും എന്റെ ഇഷ്‍ടം കൂടിയിട്ടേയുള്ളൂ. കുറച്ച് നല്ല പ്രണയങ്ങളേ ഉണ്ടായിട്ടുള്ളൂ. ഇവിടെ നിന്ന് ഇറങ്ങിയാലും അതുണ്ടാകുമെന്നും നാദിറ പറഞ്ഞു.

ജയിലില്‍ സാഗര്‍ തുപ്പിയതിനെ കുറിച്ചുള്ള ചോദ്യവും നാദിറയ്‍ക്ക് നേരിടേണ്ടി വന്നിരുന്നു. സാഗറായതുകൊണ്ടാണ് അപ്പോള്‍ റിയാക്റ്റ് ചെയ്യാതിരുന്നതെന്നാണ് നാദിറ വ്യക്തമാക്കിയത്. തന്റെ ഉള്ളിലെ ഇഷ്‍ടമായിരുന്നു അതിന് കാരണം എന്നും വ്യക്തമാക്കി. സാഗര്‍ ദേഹത്ത് തുപ്പിയത് ശരിയായില്ലെന്ന് മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായും കഴിഞ്ഞ എപ്പിസോഡില്‍ നാദിറ പറഞ്ഞിരുന്നു.

Read More: 'നിന്നെ എനിക്ക് ഒരുപാട് ഇഷ്‍ടമാണെടീ', കാത്തുവെച്ച ലോക്കറ്റ് റെനീഷയുടെ കഴുത്തിലണിയിച്ച് അഞ്‍ജൂസ്

YouTube video player