ബിഗ് ബോസ് ഹൗസില്‍ രസകരമായ ടാസ്‍കുമായി മത്സരാര്‍ഥികള്‍ കളംനിറയുന്നു. 

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് മികച്ച പ്രകടനങ്ങളുമായി പ്രേക്ഷകരുടെ പ്രിയം നേടി മുന്നേറുകയാണ്. ബിഗ് ബോസ് ഷോയെ കുറിച്ച് കൃതമായി ധാരണയുള്ള മത്സരാര്‍ഥികളാണ് ഇത്തവണയുള്ളത് എന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം നിലപാടുകള്‍ വ്യക്തമായി പറയാൻ ഭൂരിപക്ഷം മത്സരാര്‍ഥികള്‍ക്കും സാധിക്കുന്നുണ്ട്. പുതിയ വീക്ക്‍ലി ടാസ്‍ക് കലാരംഗത്ത് പ്രാധാന്യം നല്‍കിയിട്ടുള്ളതാണെന്ന് അറിയിച്ച് പുതിയ പ്രമൊ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.

വെള്ളിത്തിരയിലെ പ്രിയ താരങ്ങളുടെ രൂപഭാവങ്ങളുമായി മത്സരാര്‍ഥികള്‍ എത്തുകയാണ്. വളരെ രസകരമായ ഒരു വീക്ക്‍ലി ടാസ്‍കായിരിക്കും ഇത്തവണത്തേത് എന്ന് വെളിപ്പെടുത്തുന്നതാണ് പ്രമോ. ആരൊക്കെയാകും പുതിയ ടാസ്‍കില്‍ തിളങ്ങുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകരും. ബിഗ് ബോസ് ഷോയില്‍ വാക്ക് തര്‍ക്കങ്ങള്‍ മാത്രം പോരാ എന്ന് ആവശ്യപ്പെടുന്ന പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതായിരിക്കും മത്സരാര്‍ഥികള്‍ക്ക് കലാരംഗത്തെ മികവ് പ്രകടിപ്പിക്കാനുള്ള പുതി ടാസ്‍ക്. ആരൊക്കെ ആരുടെയൊക്കെ രൂപത്തിലായിരിക്കും എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ലൈവ് കാണാത്ത പ്രേക്ഷകര്‍.

ശാരീരികക്ഷമത അനിവാര്യമായ ടാസ്‍കായിരുന്നു ആദ്യ ആഴ്‍ചയില്‍. 'വൻമതില്‍' എന്ന് ബിഗ് ബോസ് പേരിട്ട മത്സരത്തില്‍ എല്ലാവരും വളരെ മത്സരബുദ്ധിയോട് തന്നെ പങ്കെടുത്തു. ഒന്നാം സ്ഥാനത്തെത്തിയ അഖില്‍ മാരാര്‍, നാദിറ എന്നിവര്‍ ക്യാപ്റ്റൻസി മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ‍്‍തു. തുടര്‍ന്ന് നടന്ന ഒരു മത്സരത്തിലൂടെ അഖില്‍ ക്യാപ്റ്റനാകുകയും ചെയ്‍തു.

രണ്ട് പേര്‍ വീതമുള്ള ഒമ്പത് ടീമുകളായാണ് മത്സരാര്‍ഥികള്‍ ആദ്യ വീക്ക്‍ലി ടാസ്‍കില്‍ പങ്കെടുത്തത്. ആദ്യ ഓപ്പണ്‍ നോമിനേഷനില്‍ നിന്ന് പുറത്താകാനുള്ള നോമിനേഷൻ ലഭിച്ച ഒരാളും സേഫ് ആയ ഒരാളും എന്ന തരത്തിലായിരുന്നു ടീം. പല ഘട്ടങ്ങളായി ആദ്യ വീക്ക്‍ലി ടാസ്‍ക് നടന്നപ്പോള്‍ സവിശേഷ നേട്ടങ്ങള്‍ ഉണ്ടാവുന്ന മൂന്ന് ഗോള്‍ഡൻ കട്ടകള്‍ ലഭ്യമാക്കിയെങ്കിലും അവയില്‍ രണ്ടെണ്ണത്തിന് കേടുപാട് പറ്റി അസാധുവായി. ഒരെണ്ണം അവസാനം വരെ സ്വന്തമായിയുണ്ടായിരുന്ന ഷിജു ഓപ്പണ്‍ നോമിനേഷനില്‍ നിന്ന് മോചിതനാകുകയും വിഷ്‍ണു, റിനോഷ്, ഗോപിക, ലെച്ചു, റെനീഷ അഞ്‍ജൂസ്, ഏയ്ഞ്ചലീൻ എന്നിവര്‍ പുറത്തുപോകാൻ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്‍തിരുന്നു.

Read More: 'അങ്ങനെ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല', വാര്‍ത്ത നിഷേധിച്ച് സാമന്ത