Asianet News MalayalamAsianet News Malayalam

ലവ് ട്രാക്കോ സ്ട്രാറ്റജിയോ ഫെയ്‌ക്കോ? കോമ്പോകളിൽ നിറഞ്ഞ ബി​ഗ് ബോസ് സീസൺ

ജാസ്മിൻ- ​ഗബ്രി, ശ്രീതു- അർജുൻ, സിജോ- സായ് കൃഷ്ണ- നന്ദന, ഋഷി- അൻസിബ, ജിന്റോ- ജാന്മണി,  ശരണ്യ- അപ്സര- ശ്രീതു കോമ്പോകള്‍. 

bigg boss malayalam season 6 combo, gabri, jasmin, arjun, sreethu
Author
First Published Jun 15, 2024, 9:06 PM IST

ബിഗ് ബോസ് മലയാളം സീസൺ ആറിന് തിരശ്ശീല വീഴാൻ ഒരുങ്ങുകയാണ്. വാശിയേറിയ മത്സരങ്ങളും തർക്കങ്ങളും പോരാട്ടങ്ങളും എല്ലാം അവസാനിച്ചു കഴിഞ്ഞു. ബി​ഗ് ബോസ് സീസണുകളെ സംബന്ധിച്ചുള്ള വലിയ പ്രത്യേകതകളിൽ ഒന്നാണ് ഗ്രൂപ്പുകൾ അല്ലെങ്കിൽ കോമ്പോകൾ. സൗഹൃദ, പ്രണയ, ടാസ്ക് കോമ്പോകളാകും ഇവയിൽ കൂടുതലും. സ്ട്രാറ്റജികൾക്ക് വേണ്ടിയും ഇത്തരം ​ഗ്രൂപ്പുകൾ ഉടലെടുക്കാറുണ്ട്. അവയിൽ പലതും ഷോ കഴിയുമ്പോൾ അവസാനിക്കും ചിലത് നിലനിൽക്കും. അത്തരത്തിൽ ബി​ഗ് ബോസ് സീസൺ ആറിലും കോമ്പോകൾ നിരവധി ആയിരുന്നു. ജാസ്മിൻ- ​ഗബ്രി, ശ്രീതു- അർജുൻ, സിജോ- സായ് കൃഷ്ണ- നന്ദന, ഋഷി- അൻസിബ, ജിന്റോ- ജാന്മണി,  ശരണ്യ- അപ്സര- ശ്രീതു എന്നിവയാണ് ആ കോമ്പോകൾ. 

ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഒരു പ്രണയ ജോഡിയെങ്കിലും ഉണ്ടാകാറുണ്ട്. ഇവർക്ക് സ്ക്രീൻ സ്പെയ്സും കൂടുതലായിരിക്കും. ചിലരുടേത് ആത്മാർത്ഥ പ്രണയം ആണെങ്കിൽ മറ്റ് ചിലത് ലൗ സ്ട്രാറ്റജിയാണ്.  പ്രണയമാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ അങ്ങനെ അല്ലെന്ന് വ്യക്തമായി പറയാതിരിക്കുകയും ചെയ്യുന്ന കോമ്പോകളും ഉണ്ടാകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ​ഗബ്രി- ജാസ്മിൻ കോമ്പോ. ഈ സീസണിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ച കോമ്പോ ആയിരുന്നു ഇത്. ആദ്യഘട്ടത്തിൽ സൗഹൃദം ആണെന്ന് തോന്നിപ്പിച്ച കോമ്പോ ആയിരുന്നു ഇവരുടേത്. അതുകൊണ്ട് തന്നെ 'ജബ്രി' എന്ന ഓമനപ്പേരും പ്രേക്ഷകർ നൽകി. 

bigg boss malayalam season 6 combo, gabri, jasmin, arjun, sreethu

ആദ്യം നല്ല രീതിയിൽ പോയ കോമ്പോ പക്ഷേ ഷോ തുടങ്ങി രണ്ടാഴ്ച ആകുന്നതിന് മുൻപ് തന്നെ ട്രാക്ക് മാറി. ഇരുവരുടെയും അടുപ്പവും സ്നേഹ-സൗഹൃദപ്രകടനങ്ങൾ പ്രേക്ഷകരെ ചൊടിപ്പിച്ചു. വിവാദങ്ങളും വിമർശനങ്ങളും ഉടലെടുത്തു. ഇതിനിടയിൽ തനിക്ക് ​ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ അത് പ്രണയത്തിലേക്ക് ആകാതെ നോക്കുകയാണെന്നും ജാസ്മിൻ പലപ്പോഴും പറഞ്ഞു. എന്നാൽ ഷോയിൽ നിന്നും എവിക്ട് ആയിട്ടും ഇക്കാര്യത്തിൽ കൃത്യമായൊരു മറുപടി നൽകാൻ ​ഗബ്രി തയ്യാറായിട്ടുമില്ല. ഇക്കാരണം കൊണ്ടുതന്നെ ജാസ്മിന്റെ ഗെയിം താഴേക്ക് പോയിത്തുടങ്ങിയപ്പോള്‍ അത് കൂടെയുള്ള ഹൗസ്‌മേറ്റ്‌സ് ചൂണ്ടി കാണിച്ചു. എന്നാൽ അതിനെ സദാചാര പൊലീസിംഗ് എന്നാണ് 'ജബ്രി' വിശേഷിപ്പിച്ചത്. 

എന്നാൽ, ഇങ്ങനെ ഒരു കോമ്പോ ഉടലെടുത്തില്ലായിരുന്നു എങ്കിൽ മികച്ച മത്സരാർത്ഥികൾ ആകാൻ ഏറെ ചാൻസ് ഉണ്ടായിരുന്നവരാണ് ​ഗബ്രിയും ജാസ്മിനും. ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായെങ്കിലും ​ഗെയിമിന്റെ കാര്യത്തിൽ ഇരുവരും കട്ടയ്ക്ക് നിന്ന് മത്സരിക്കാറുണ്ടായിരുന്നു. ഒപ്പം പറയേണ്ട കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാനും ഇരുവർക്കും സാധിച്ചു. പലപ്പോഴും അവ തെളിഞ്ഞിട്ടുള്ള കാര്യവുമാണ്. എന്നാൽ ജബ്രി കോമ്പോയിൽ പെട്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രണ്ടുപേർക്കും സാധിച്ചില്ല. 

ഗബ്രി പുറത്തായ ശേഷം, ഷോയുടെ ആദ്യ വാരത്തിൽ കണ്ട ജാസ്മിനെ ഷോയിൽ കാണാൻ സാധിച്ചിരുന്നു. ടാസ്കുകളിൽ കസറിയില്ലെങ്കിലും ഷോയിൽ നിറഞ്ഞു നിൽക്കാനും സ്ക്രീൻ പ്രെസൻസിൽ മാറ്റമില്ലാതെ തുടരാനും ജാസ്മിന് സാധിച്ചു. വിമർശിച്ചവരെ കൊണ്ട് തന്നെ ജാസ്മിൻ കയ്യടിപ്പിക്കുകയും ചെയ്തു. ​ഗബ്രിയാണ് നല്ലൊരു മത്സരാർത്ഥിയായ ജാസ്മിനെ കളിക്കാൻ സമ്മതിക്കാത്തത് എന്ന തരത്തിൽ ആരോപണങ്ങളും ഉയർന്നിരുന്നു. എന്തായാലും ബി​ഗ് ബോസ് സീസൺ 6ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും കണ്ടന്റ് നൽകിയതും ജബ്രി കോമ്പോയാണ് എന്ന കാര്യത്തിൽ സംശയമില്ല. 

ഈ സീസണിൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ സുപരിചിതയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ശ്രീതു. അമ്മയറിയാതെ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ശ്രീതുവിനെ പോലെ ആയിരുന്നില്ല അർജുൻ. അധികം ആർക്കും കണ്ട് പരിചയമില്ലാത്ത മുഖമായിരുന്നു അർജുന്റേത്. എന്നാൽ ക്യൂട്ട്നെസ് കൊണ്ടോ ആകർഷകമായ വ്യക്തിത്വം ആയതുകൊണ്ടോ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ അർജുനായി. ആദ്യഘട്ടത്തിലൊക്കെ അത്രകണ്ട് ആക്ടീവ് ആയിരുന്നില്ല ഇരുവരും. പിന്നീട് ഇതിൽ മാറ്റം വരുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല. ശ്രീതുവിന്റെ കാര്യത്തിൽ ഒട്ടും നടന്നില്ല. എന്നാൽ അർജുൻ പല കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി. കൃത്യമായി പോയിന്റുകൾ പറയാനും ​ഗെയിമുകളിൽ കസറാനും ശ്രമിച്ചു. അതിൽ വിജയിക്കുകയും ചെയ്തു. 

bigg boss malayalam season 6 combo, gabri, jasmin, arjun, sreethu

തങ്ങളുടെ ആദ്യപ്രണത്തെ കുറിച്ച് പറയാനുള്ളൊരു ടാസ്ക് ബി​ഗ് ബോസ് നൽകിയിരുന്നു. ഇതിനിടെ ആണ് തനിക്ക് ഉയരമുള്ള ആളെയാണ് ഇഷ്ടമെന്ന് ശ്രീതു പറയുന്നത്. ഇവിടം മുതൽ തുടങ്ങി അർജുൻ- ശ്രീതു കോമ്പോ. ഇരുവരും ഒന്നിച്ചുള്ള സംസാരങ്ങൾ കൂടിക്കൂടി വന്നു. പലപ്പോഴും പ്രണയത്തിലാണോ എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കി. എന്നാൽ നൽപൻ എന്നാണ് ശ്രീതു പലപ്പോഴും അർജുനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അർജുനും അങ്ങനെ ആണെന്നാണ് കരുതിയത്. എന്നാൽ ശ്രീതുവിന്റെ സാമീപ്യത്തിൽ സന്തോഷിക്കുകയും ഇല്ലാത്തപ്പോൾ വിഷമിക്കുകയും ചെയ്ത അർജുനെയും ഷോയിൽ കണ്ടു. ഈ കോമ്പോ പ്രേക്ഷകരും ഏറ്റെടുത്തു. ഒരുപക്ഷേ ശ്രീതുവിനെ ടോപ് 6വരെ എത്തിച്ചത് ഈ കോമ്പോ ആയിരുന്നിരിക്കണം. 

ചില ബി​ഗ് ബോസ് സൗഹൃദങ്ങൾ വലിയൊരു വിഭാ​ഗം പ്രേക്ഷകരുടെ ഇഷ്ടം നേടാറുണ്ട്. തങ്ങൾക്കും ഇങ്ങനെ ഒരു സൗഹൃദം ഇല്ലല്ലോ എന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കുന്ന കോമ്പോകൾ. അത്തരത്തിലൊന്നായിരുന്നു സിജോ- സായ് കൃഷ്ണ- നന്ദന കോമ്പോ. സിജോയുടെയും സായിയുടെയും പെങ്ങളൂട്ടിയാണ് നന്ദന. നമുക്കും ഇങ്ങനെ രണ്ട് ആങ്ങളമാർ ഇല്ലല്ലോ എന്ന് പല പെൺകുട്ടികളും സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തതാണ്. കുസൃതികളും ചേട്ടന്മാരോട് പിണങ്ങിയിരിക്കുന്നതും അടികൂടുന്നതുമായ നന്ദനയെ ഷോയിൽ കാണാൻ സാധിച്ചിരുന്നു. എന്നാൽ ഇതെല്ലാം കുഞ്ഞുപെങ്ങളുടെ വികൃതിയായി കണ്ട് ഒപ്പം നിൽക്കുന്ന സായിയും സിജോയും മനോഹര കാഴ്ചയാണ് സമ്മാനിച്ചത്. നന്ദനയുടെ വീടെന്ന സ്വപ്നത്തിന്, തന്നെ കൊണ്ട് ആകുന്നത് ചെയ്യുമെന്ന് സിജോ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇങ്ങനെ ഒക്കെ ആയിരുന്നു എങ്കിലും വിമർശനങ്ങളും ഇവർക്കെതിരെ ഉയർന്നു. സ്ട്രാറ്റജി കോമ്പോ ആണെന്നും വാദങ്ങൾ ഉയർന്നു.  

bigg boss malayalam season 6 combo, gabri, jasmin, arjun, sreethu

അനുജൻ ചേച്ചി കോമ്പോ ആയിരുന്നു ഋഷിയും അൻസിബയും തമ്മിൽ ഉണ്ടായിരുന്നത്. എങ്ങനെ ആയിരിക്കണം ഒരു സൗഹൃദം എന്നത് ഇവരെ കണ്ടുപഠിക്കണമെന്ന് പലപ്പോഴും സോഷ്യൽ മീഡിയ കുറിച്ചതുമാണ്. അൻസിബയ്ക്ക് എന്ത് പ്രശ്നം വന്നാലും തിരിച്ചൊരു പ്രശ്നം വന്നാലും കട്ടയ്ക്ക് സപ്പോർട്ട് ചെയ്ത് നിൽക്കുന്നവരാണ് ഇരുവരും. ഷോ തുടങ്ങി രണ്ടാം വാരം മുതൽ അത് മനസിലായ കാര്യവുമാണ്. കണ്ണിംങ് പ്ലെയർ ആയിരുന്ന അൻസിബ ഋഷിയെ യൂസ് ചെയ്യുക ആണെന്ന തരത്തിൽ ചില വിമർശനങ്ങൾ വീട്ടിലും പുറത്തും നടന്നെങ്കിലും അതങ്ങനെ അല്ലെന്ന് പിന്നീട് തെളിയുകയും ചെയ്തു. തന്റെ സ്വന്തം അനുജന്റെ പ്രായമാണ് ഋഷിക്കെന്നും അതുപോലെയാണ് താൻ അവനെ കാണുന്നതെന്നും അൻസിബ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. 

എല്ലാം മാറ്റിപ്പിടിച്ചു, ഒടുവിൽ രാജാവും റാണിയും ഇല്ലാത്ത സീസൺ

ഇവർക്കൊപ്പം തന്നെ തിളങ്ങിയ മറ്റൊരു കോമ്പോ ആയിരുന്നു ജിന്റോയും ജാന്മണിയും തമ്മിലുള്ളത്. തനിക്ക് എന്തും തുറന്നു പറയാൻ സാധിക്കുന്നൊരാൾ ആണ് ജാന്മണി എന്ന് പലപ്പോഴും ജിന്റോ ബി​ഗ് ബോസ് വിട്ടിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ജാന്മണി പോയപ്പോൾ ജിന്റോ ഒറ്റപ്പെട്ട് പോയതുമെല്ലാം നമ്മൾ കണ്ടതുമാണ്. വളരെ നല്ലൊരു സൗഹൃദം സൂക്ഷിച്ച ഇരുവരെയും ജിൻ ജാൻ എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്. 

bigg boss malayalam season 6 combo, gabri, jasmin, arjun, sreethu

വിവാദങ്ങളിൽ നിറഞ്ഞു, എന്നിട്ടും പടവുകൾ ചവിട്ടിക്കയറി; ജാസ്മിൻ ഫൈനലിൽ എത്തിയത് എങ്ങനെ ?

ബി​ഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങിയ വേളയിൽ ഉണ്ടായിരുന്നൊരു കോമ്പോ ആയിരുന്നു ശരണ്യ- അപ്സര- ശ്രീതു എന്നിവരുടേത്. ഒരേ ഫീൽഡിൽ ഉള്ളവരായത് കൊണ്ടാകണം ഇവർ കണക്ട് ആയത്. ഡെൻ റൂമിൽ ആയിരുന്ന ഇവരുടെ സഹകരണവും പരസ്പര സ്നേഹവും കണ്ട് മോഹൻലാൽ വരെ പുകഴ്ത്തിയിരുന്നു. എന്നാൽ അധിക കാലം ഈ കോമ്പോ നിലനിന്നില്ല. ഏതാനും നാളുകൾക്ക് മുൻപ് ചില ഡയലോ​ഗുകൾ കേൾപ്പിച്ചിട്ട് ഇത് ആര് ആരെ കുറിച്ച് പറഞ്ഞു എന്ന് പറയാൻ ഒരു ടാസ്ക് ബി​ഗ് ബോസ് വച്ചിരുന്നു. ഇതിൽ ശ്രീതുവിനെ കുറിച്ച് അപ്സര കുറ്റം പറഞ്ഞതുണ്ടായിരുന്നു. ഇത് വലിയൊരു വിഷയമായി മാറുമായിരുന്നു എങ്കിലും ശ്രീതു അതിനെ പക്വതയോടെ കൈകാര്യം ചെയ്തു. പിന്നീട് അപ്സരയിൽ നിന്നും ശ്രീതു അകലം പാലിക്കാനും തുടങ്ങി. വൈകാതെ മൂവർ സംഘം മൂന്ന് വഴിക്കാകുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios