ആറ് വിരലുകള്‍ ഉയര്‍ത്തി  കാണിച്ചാണ് മോഹന്‍ലാല്‍ വിടവാങ്ങിയത്. ഇത് ബിഗ്ബോസ് മലയാളം ആരാധകര്‍ക്കിടയില്‍ ആവേശം നിറച്ചിട്ടുണ്ട്. 

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5ന് സമാപനമായി. അവസാനം അഖില്‍ മാരാര്‍ കപ്പ് നേടി. റെനീഷയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ ഈ സീസണില്‍ ബിഗ്ബോസില്‍ വന്നുപോയ എല്ലാ മത്സരാര്‍ത്ഥികളും ബിഗ്ബോസ് മലയാളം സീസണില്‍ എത്തിയിരുന്നു. 100 ദിവസത്തെ യാത്രയില്‍ ഷോ ഹോസ്റ്റായി മോഹന്‍ലാലും സജീവമായിരുന്നു. ഇതുവരെയുള്ള ബിഗ്ബോസ് സീസണുകളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച ഒരു സീസണ്‍ ആണ് കടന്നുപോകുന്നത്. അഞ്ചാം സീസണ്‍ അവസാനിക്കുമ്പോള്‍ അടുത്ത സീസണിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

അതിനുള്ള സൂചന നല്‍കിയാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഗ്രാന്‍ഡ് ഫിനാലെ അവസാനിപ്പിച്ചത്. ആറ് വിരലുകള്‍ ഉയര്‍ത്തി കാണിച്ചാണ് മോഹന്‍ലാല്‍ വിടവാങ്ങിയത്. ഇത് ബിഗ്ബോസ് മലയാളം ആരാധകര്‍ക്കിടയില്‍ ആവേശം നിറച്ചിട്ടുണ്ട്. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട സീസണ്‍ 5 പല നിലയ്ക്കും മുന്‍ സീസണുകളില്‍ നിന്ന് വേറിട്ടതായിരുന്നു. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍. ആദ്യത്തെ കോമണര്‍ മത്സരാര്‍ഥി, ആദ്യമായി ചലഞ്ചേഴ്സ്, ആദ്യമായി മണി ബോക്സ് ടാസ്കില്‍ പണമെടുത്ത ഒരു മത്സരാര്‍ഥി തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ സീസണില്‍ ഉണ്ടായിരുന്നു. ജനപ്രീതിയിലും മുന്‍ സീസണുകളേക്കാള്‍ ഏറെ മുന്നിലായിരുന്നു ഈ സീസണ്‍.

അഞ്ചാം സീസണ്‍ അവസാനിച്ചപ്പോള്‍ തന്നെ ബിഗ്ബോസ് അടുത്ത സീസണ്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഞ്ച് സീസണുകള്‍ കഴിഞ്ഞതോടെ ബിഗ്ബോസ് അള്‍ട്ടിമേറ്റ് വേണം എന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതായത് ഇതുവരെ കഴിഞ്ഞ സീസണിലെ മികച്ച മത്സരാര്‍ത്ഥികളെ ഒന്നുകൂടി ബിഗ്ബോസ് മത്സരത്തില്‍ ഇറക്കുന്നതാണ് ബിഗ്ബോസ് അള്‍ട്ടിമേറ്റ്. ഹിന്ദി ബിഗ്ബോസില്‍ അടക്കം ഇത് നടന്നിട്ടുണ്ട്. അത്തരത്തില്‍ ഒന്ന് മലയാളത്തില്‍ വരുമോ എന്ന ചര്‍ച്ച സജീവമാണ്. 

എന്തായാലും സീസണ്‍ 6 നടക്കും എന്ന് ഏതാണ്ട് ഉറപ്പാണ്. അത് അള്‍ട്ടിമേറ്റ് ആയിരിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നാലെ അറിയാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ബിഗ്ബോസ് പ്രേമികള്‍.

ബിഗ്ബോസ് ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും റിനോഷ് ഒഴിഞ്ഞു മാറിയോ? സത്യം ഇതാണ്

ആ തട്ട് താണു തന്നെ; ബിഗ്ബോസ് സീസണ്‍ 5 വിജയിച്ച 'മാരാരിസം'.!

WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

YouTube video player