Asianet News MalayalamAsianet News Malayalam

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

ഈ സീസണിലെ എന്നല്ല ബിഗ് ബോസ് മലയാളത്തിന്‍റെ ഇതുവരെയുള്ള സീസണുകളിലൊന്നും ഇത്തരത്തില്‍ നിഷ്കളങ്കനായ ഒരു മത്സരാര്‍ഥി വന്നിട്ടില്ല എന്ന തരത്തിലുള്ള കമന്‍റുകള്‍ ജിന്‍റോയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ധാരാളമായി കാണാം

bigg boss malayalam season 6 review the game of jinto body craft nsn
Author
First Published Mar 21, 2024, 4:27 PM IST

പ്ലാന്‍ ചെയ്ത് വന്നതുകൊണ്ട് കാര്യമില്ലാത്ത സ്ഥലമാണ് ബിഗ് ബോസ് എന്ന് പറയാറുണ്ട്. മുന്‍ സീസണുകള്‍ കണ്ട് വിലയിരുത്തിക്കൊണ്ട് എത്തിയാലും ഹൗസിലെ സാഹചര്യം മനസിലാക്കാന്‍ അവിടെ എത്തിയാലേ സാധിക്കൂ എന്നതാണ് ഇതിന് കാരണം. പുറംലോകവുമായി ബന്ധമില്ലാതെ, അപരിചിതര്‍ക്കൊപ്പം കഴിയുമ്പോള്‍ എത്ര പ്ലാന്‍ ചെയ്ത് എത്തിയാലും ദിവസങ്ങളും ആഴ്ചകളുമൊക്കെ കഴിയുമ്പോള്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഒരാളുടെ യഥാര്‍ഥ സ്വഭാവം വെളിപ്പെട്ടുവരും. ആദ്യദിനങ്ങളില്‍ ഉള്ളതുപോലെയാവില്ല ആഴ്ചകള്‍ കഴിയുമ്പോള്‍ ഒരാള്‍. പ്രേക്ഷകര്‍ക്ക് മത്സരാര്‍ഥികളോടുള്ള സമീപനവും അതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഈ സീസണ്‍ എടുത്താല്‍ പത്ത് ദിവസം കൊണ്ട് പ്രേക്ഷകരുടെ സമീപനത്തില്‍ വലിയ മാറ്റമുണ്ടാക്കിയ ഒരാള്‍ ജിന്‍റോയാണ്. ഗൗരവമില്ലാത്ത സാന്നിധ്യമെന്ന തോന്നല്‍ നല്‍കിക്കൊണ്ട് സീസണ്‍ 6 ലെ കളി ആരംഭിച്ച ജിന്‍റോ ഇന്ന് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ്. അതിനുള്ള കാരണങ്ങളും മുന്നോട്ടുള്ള ദിവസങ്ങളില്‍ ജിന്‍റോ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്തൊക്കെയെന്ന് നോക്കാം.

ദേ ഒരു മസില്‍മാന്‍!

സെലിബ്രിറ്റികളെയടക്കം പരിശീലിപ്പിച്ചിട്ടുള്ള ഫിസിക്കല്‍ ട്രെയ്‍നര്‍ ആണെങ്കിലും മിക്കവാറും ബിഗ് ബോസ് പ്രേക്ഷകരെ സംബന്ധിച്ചും ജിന്‍റോ ആദ്യമായി കാണുന്ന ഒരാള്‍ ആയിരുന്നു. അതിന്‍റെ ഫ്രഷ്നെസും സാധ്യതകളും അയാള്‍ക്ക് ഉണ്ടായിരുന്നു. ഓവര്‍ റിയാക്ഷന്‍റെ രതീഷ് കുമാര്‍ മോഡലില്‍ ബഹളമയമായി മാറിയ ആദ്യ ആഴ്ചയില്‍ പല മത്സരാര്‍ഥികളും പൊട്ടിത്തെറിച്ചിരുന്നു. അഥവാ ഉറക്കെ പറഞ്ഞാല്‍ മാത്രമേ കേള്‍ക്കൂ എന്ന സ്ഥിതി ഉണ്ടായിരുന്നു. ആ സമയത്താണ് ജിന്‍റോയുടെ ശബ്ദവും ആദ്യമായി പ്രേക്ഷകര്‍ കേട്ടത്. രോഷം പ്രകടിപ്പിക്കുക എന്നതല്ലാതെ അത് കാണുന്നവര്‍ക്ക് യുക്തിസഹമെന്ന് തോന്നുന്ന തരത്തില്‍ അവതരിപ്പിക്കാനാവാത്ത, വാക്കുകള്‍ ഉപയോഗിക്കാനറിയാത്ത, അതില്‍ പലപ്പോഴും പാളിപ്പോവുന്ന ജിന്‍റോയെയാണ് മറ്റ് മത്സരാര്‍ഥികളും പ്രേക്ഷകരും കണ്ടത്. കരുത്തുറ്റ ശരീരമുള്ള, എന്നാല്‍ വിവേകബുദ്ധിയില്ലാത്ത ഒരാളായി ആദ്യ ആഴ്ച അയാളെ പലരും എഴുതിത്തള്ളി.

bigg boss malayalam season 6 review the game of jinto body craft nsn

 

നമ്മള്‍ വിചാരിച്ച ആളല്ല

ആരെങ്കിലുമായി പൊരിഞ്ഞ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ മോശം വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ചത് ജിന്‍റോയ്ക്ക് വിനയായിരുന്നു. ഉദാഹരണത്തിന് ആദ്യ വാരം യമുനാ റാണിയുമായി ഉണ്ടായ തര്‍ക്കം. പിന്നീട് ബിഗ് ബോസ് തന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് സംസാരിക്കേണ്ട ഗൗരവമുണ്ടായ പ്രയോഗം. എന്നാല്‍ തന്‍റെ പക്കല്‍ നിന്ന് ഒരു വീഴ്ച ഉണ്ടായെന്ന് മനസിലായാല്‍ നിരുപാധികം ക്ഷമ ചോദിക്കാനുള്ള മനസ് ജിന്‍റോയെ വേറിട്ടുനിര്‍ത്തി. ഒരാഴ്ച മാത്രമേ ഒരുമിച്ച് ഉണ്ടായിരുന്നുള്ളൂവെങ്കിലും രതീഷ് കുമാര്‍ എവിക്റ്റ് ആയി പോയ സമയത്ത് കണ്ണീര്‍ വാര്‍ക്കുന്ന ജിന്‍റോയെയും പ്രേക്ഷകര്‍ കണ്ടു. ഇയാള്‍ തങ്ങള്‍ കരുതിയ ഒരാളല്ലെന്നും ഒരു നിഷ്കളങ്കനാണെന്നും കാണികള്‍ക്ക് ആദ്യമായി തോന്നിയ മൊമെന്‍റ് അതായിരുന്നു. സെലിബ്രിറ്റി ഫിസിക്കല്‍ ട്രെയ്നറൊക്കെ ആണെങ്കിലും ഈ സീസണിലെ കോമണര്‍മാരേക്കാള്‍ കോമണര്‍ ഇമേജ് ജിന്‍റോയ്ക്ക് ആണ്. തങ്ങളിലൊരാളെന്ന തോന്നലുണ്ടാക്കാന്‍ സാധിച്ചത് ജിന്‍റോയെ സംബന്ധിച്ച് വലിയ നേട്ടമാണ്.

ജിന്‍റോ: ദി എന്‍റര്‍ടെയ്നര്‍

സംസാരിക്കാനറിയാത്ത, ഒരു മസില്‍മാന്‍ എന്ന ഇമേജ് ആയിരുന്നു ആദ്യ വാരം ജിന്‍റോയ്ക്ക് ഉണ്ടായിരുന്നതെങ്കില്‍ രസകരമായ കണ്ടന്‍റുകള്‍ സൃഷ്ടിക്കുന്ന മത്സരാര്‍ഥിയാണ് ഇപ്പോള്‍ അദ്ദേഹം. കുട്ടിയ്ക്കാര് മണി കെട്ടും ടാസ്കില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ബാത്ത്റൂം ഏരിയയിലെ കണ്ണാടിയില്‍ സ്വയം നോക്കി മുഖത്ത് നവരസങ്ങള്‍ വരുത്തുന്ന ജിന്‍റോ ചില്ലറ ചിരിയല്ല പൊട്ടിച്ചത്. കഴിഞ്ഞ ദിവസം മണിച്ചിത്രത്താഴിലെ രാമനാഥനായി സ്റ്റെപ്പ് പഠിക്കുന്ന ജിന്‍റോയെ ബിഗ് ബോസ് തന്നെ നേരിട്ട് അഭിനന്ദിച്ചു. ഈ കണ്ടന്‍റ് ഒന്നും ജിന്‍റോ പ്ലാന്‍ ചെയ്ത് ചെയ്യുന്നതാണെന്ന് ബിഗ് ബോസിന് അകത്തോ പുറത്തോ ആരും കരുതുന്നില്ല എന്നതാണ് അദ്ദേഹത്തിന് ലഭിക്കുന്ന വലിയ പ്ലസ്. ഈ സീസണിലെ എന്നല്ല ബിഗ് ബോസ് മലയാളത്തിന്‍റെ ഇതുവരെയുള്ള സീസണുകളിലൊന്നും ഇത്തരത്തില്‍ നിഷ്കളങ്കനായ ഒരു മത്സരാര്‍ഥി വന്നിട്ടില്ല എന്ന തരത്തിലുള്ള കമന്‍റുകള്‍ ജിന്‍റോയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ധാരാളമായി കാണാം. ബിഗ് ബോസില്‍ ജിന്‍റോയുടെ വലിയ തുറുപ്പ്ചീട്ടാണ് ആ പ്രേക്ഷക സമീപനം. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നാണ് ബിഗ് ബോസ് ഈ സീസണിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. വോട്ടും അത്തരത്തില്‍ മാറ്റപ്പിടിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിച്ചാല്‍ ജിന്‍റോ ബഹുദൂരം മുന്നോട്ടുപോവുമെന്ന് ഉറപ്പാണ്.

bigg boss malayalam season 6 review the game of jinto body craft nsn

 

മുന്നോട്ടുപോക്കിലെ വെല്ലുവിളി

പുറത്ത് ആരാധകര്‍ ഉണ്ടായപ്പോഴും ഹൗസിനുള്ളില്‍ ജിന്‍റോയ്ക്ക് മറ്റ് മത്സരാര്‍ഥികള്‍ ഇപ്പോഴും കാര്യമായ വില കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ത്തന്നെ അദ്ദേഹത്തിന് സ്വന്തം വ്യക്തിത്വം സ്വതന്ത്രമായി പ്രകടിപ്പിച്ച് അവിടെ നില്‍ക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ ഷോ മുന്നോട്ട് പോകവെ ജിന്‍റോയ്ക്ക് പുറത്ത് ലഭിച്ചിരിക്കുന്ന സ്വീകാര്യത അകത്തുള്ളവര്‍ മനസിലാക്കും. അത് പല തവണ നോമിനേഷനില്‍ വന്ന്, വോട്ട് നേടി രക്ഷപെടുമ്പോഴോ അല്ലെങ്കില്‍ മോഹന്‍ലാലിന്‍റെ വാക്കുകളിലൂടെയോ. ജനപ്രീതിയുള്ള ആളെ കൂടെനിര്‍ത്തി നേട്ടമുണ്ടാക്കാനുള്ള മറ്റുള്ളവരുടെ പ്ലാനില്‍ ചിലപ്പോള്‍ ജിന്‍റോ ഹൈജാക്ക് ചെയ്യപ്പെട്ടേക്കാം. രോഷം പ്രകടിപ്പിക്കുമ്പോഴുള്ള നാക്കുപിഴയാണ് മറ്റൊരു പ്രശ്നം. കാര്യങ്ങള്‍ മനസിലാക്കുമ്പോഴും അത് കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാറില്ല എന്നത് ജിന്‍റേ നേരിടുന്ന വലിയ വെല്ലുവിളിയാണ്. എന്നാല്‍ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ ഹൗസിലെ സാഹചര്യങ്ങളോട് ഇണങ്ങിയ അവസ്ഥയിലാണ് ജിന്‍റോ. അതിനാല്‍ത്തന്നെ അത്തരം പ്രശ്നങ്ങള്‍ പൊടുന്നനെ ഉണ്ടാവാന്‍ ഇടയില്ല.

ബിഗ് ബോസ് മലയാളം സീസണ്‍ 6 റിവ്യൂസ് വായിക്കാം

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?

Follow Us:
Download App:
  • android
  • ios