Asianet News MalayalamAsianet News Malayalam

ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?

ഫിസിക്കല്‍ അസോള്‍ട്ടിന്‍റെ പേരില്‍ മത്സരാര്‍ഥികള്‍ പുറത്താക്കപ്പെടുന്നത് ബി​ഗ് ബോസ് മലയാളത്തിലും ആദ്യ സംഭവമല്ലെങ്കിലും റോക്കിയില്‍ നിന്നും സിജോ നേരിട്ടതുപോലെ ഒരു അതിക്രമം മലയാളത്തിലെന്നല്ല, ഒരു ഭാഷയിലെ ബി​ഗ് ബോസിലും ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല.

bigg boss malayalam season 6 weekly review arjun into power team
Author
First Published Apr 1, 2024, 3:35 PM IST

സഹമത്സരാര്‍ഥിയെ ശാരീരികമായി ആക്രമിക്കുക എന്നത് ബിഗ് ബോസ് നിയമങ്ങളുടെ കടുത്ത ലംഘനമാണ്. മുന്നറിയിപ്പുകളൊന്നുമില്ലാതെ ഹൗസില്‍ നിന്ന് ഉടനടി ഇജക്റ്റ് ആക്കപ്പെടാവുന്ന പ്രവര്‍ത്തി. ഫിസിക്കല്‍ അസോള്‍ട്ടിന്‍റെ പേരില്‍ മത്സരാര്‍ഥികള്‍ പുറത്താക്കപ്പെടുന്നത് ബി​ഗ് ബോസ് മലയാളത്തിലും ആദ്യ സംഭവമല്ലെങ്കിലും റോക്കിയില്‍ നിന്നും സിജോ നേരിട്ടതുപോലെ ഒരു അതിക്രമം മലയാളത്തിലെന്നല്ല, ഒരു ഭാഷയിലെ ബി​ഗ് ബോസിലും ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. മോഹന്‍ലാല്‍ പറഞ്ഞതുപോലെ ഇന്ത്യയില്‍ 7 ഭാഷകളിലായി 58 സീസണുകള്‍ നടന്നതില്‍ സഹമത്സരാര്‍ഥിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഇത്രത്തോളം പരിക്കേല്‍ക്കുന്നത് ആ​ദ്യമാണ്. മലയാളം ബി​ഗ് ബോസ് ഷോയെത്തന്നെ ലജ്ജിപ്പിക്കുന്നതായി ഈ സംഭവം. 

റോക്കിക്കുവേണ്ടി വാദിക്കാന്‍ ആളുകള്‍

ഈ സീസണിലെ മത്സരാര്‍ഥികളില്‍ ബി​ഗ് ബോസ് എന്ന ​ഗെയിം ശരിക്കും മനസിലാക്കിയിട്ടുള്ള ആരെങ്കിലും ഉണ്ടോ എന്നത് സംശയമാണ്. മുന്‍ സീസണുകളിലെ ​ഗെയിമുകളിലും ടാസ്കുകളിലുമൊക്കെ നിയമാവലിയില്‍ ബി​ഗ് ബോസ് പറയാതെ ഒളിച്ചുവെക്കുന്ന ലൂപ്പ് ഹോളുകള്‍ കണ്ടെത്തി മത്സരിക്കുന്ന സമര്‍ഥരായ മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. അഖില്‍ മാരാരും രജിത്ത് കുമാറുമൊക്കെ അക്കൂട്ടത്തില്‍ പെടും. എന്നാല്‍ ബി​ഗ് ബോസ് നേരിട്ട് പറയുന്നത് എന്താണോ അത് മാത്രം മനസിലാക്കി പ്രവര്‍ത്തിക്കുന്നവരാണ് ഈ സീസണിലെ മത്സരാര്‍ഥികള്‍. അതിനാല്‍ത്തന്നെ ​ഗെയിമുകളുടെയും ടാസ്കുകളുടെയുമൊക്കെ എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു കുറയുന്നു. 

bigg boss malayalam season 6 weekly review arjun into power team

 

റോക്കിയുടെ പുറത്താവലിലേക്ക് നയിച്ച സംഭവത്തിന് ശേഷം റോക്കിയും സിജോയും ഒരേപോലെ കുറ്റക്കാരെന്ന തരത്തില്‍ പ്രതികരിച്ച മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു, അന്‍സിബയെപ്പോലെ. ബി​ഗ് ബോസ് നിയമാവലികളെക്കുറിച്ചുള്ള മത്സരാര്‍ഥികളുടെ പൊതുവിലുള്ള അജ്ഞത ഈ പ്രതികരണങ്ങളില്‍ കാണാം. ബി​ഗ് ബോസ് ഷോയെ സംബന്ധിച്ച് എത്രത്തോളം അരുതാത്ത പ്രവര്‍ത്തിയാണ് റോക്കി ചെയ്തത് എന്ന തരത്തില്‍ ഒരു മത്സരാര്‍ഥിയും പ്രതികരിക്കുന്നത് കണ്ടില്ല.

14 പേരെ നയിച്ച് അന്‍സിബ

ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുമെന്ന ചൊല്ല് പോലെയായിരുന്നു അന്‍സിബയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച ക്യാപ്റ്റന്‍ സ്ഥാനം. സിജോ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ മത്സരത്തില്‍ റോക്കിയും അന്‍സിബയുമായിരുന്നു ഒപ്പം മത്സരിച്ചത്. റോക്കിയെ ബി​ഗ് ബോസ് ഇജക്റ്റ് ചെയ്തപ്പോള്‍ സിജോയെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കായി ഹൗസില്‍ നിന്ന് മാറ്റി. ഹൗസിലെ അം​ഗബലം 14 ലേക്ക് താഴുകയും ചെയ്തു. മൂന്നാം വാരം ഹൗസിലെ അം​ഗസംഖ്യ ഇത്രയും കുറയുന്നത് മലയാളം ബി​ഗ് ബോസില്‍ ഇത് ആദ്യമാണ്. ഈ വാരം പ്രഖ്യാപിച്ച നോമിനേഷന്‍ ലിസ്റ്റ് അസാധുവാക്കുന്നതിലേക്ക് ബി​ഗ് ബോസിനെ നയിച്ച കാരണവും ഇതുതന്നെ. 

bigg boss malayalam season 6 weekly review arjun into power team

 

ജിന്‍റോയ്ക്ക് ആര് മണി കെട്ടും?

പവര്‍ റൂമിലേക്ക് എത്തുന്നതിന് തൊട്ടുമുന്‍പുള്ള വാരം തന്നെക്കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റി എല്ലാവരുടെയും സ്നേഹം നേടുന്ന ജിന്‍റോയെയാണ് ഹൗസില്‍ കണ്ടത്. എന്നാല്‍ പവര്‍ റൂമിലെ അധികാരം അടിമുടി മാറ്റിയ ജിന്‍റോയെയാണ് കഴിഞ്ഞ വാരം കണ്ടത്. ടീമം​ഗമായിരുന്ന നിഷാന എവിക്റ്റ് ആയതിനാല്‍ പവര്‍ റൂം ഭരിച്ചത് ജിന്‍റോയും റസ്മിനും ചേര്‍ന്നായിരുന്നു. തനിക്ക് ഇഷ്ടമില്ലാത്തവരെ പവര്‍ റൂം അധികാരം ഉപയോ​ഗിച്ച് നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുന്ന ജിന്‍റോയെയും അതില്‍ സഹികെടുന്ന ടീമം​ഗം റസ്മിനെയും കഴിഞ്ഞ വാരം ഉടനീളം കണ്ടു. പവര്‍ ടീമിനെതിരെ ഒരുപക്ഷേ മറ്റ് മത്സരാര്‍ഥികള്‍ കൂട്ടത്തോടെ ബി​ഗ് ബോസിനെ സമീപിക്കുന്നതില്‍ നിന്നും തടഞ്ഞത് റസ്മിന്‍റെ സാന്നിധ്യമായിരുന്നു. റസ്മിന്‍റെ യഥാസമയമുള്ള തീരുമാനങ്ങളും ജിന്‍റോയെ അനുനയിപ്പിക്കലുമൊക്കെയാണ് വലിയ പ്രശ്നങ്ങളില്ലാതെ പവര്‍ ടീമിനെ നിലനിര്‍ത്തിയത്. 

അതേസമയം ജിന്‍റോ എന്ന ​ഗെയിമര്‍ ഇപ്പോഴും സീസണ്‍ 6 ലെ സെന്‍റര്‍ പോയിന്‍റില്‍ത്തന്നെയാണ്. പവര്‍ ടീമിന്‍റെ ഭാ​ഗമായി നിന്നുകൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്ന തീരുമാനങ്ങളില്‍ മിക്കതും യുക്തിസഹമല്ലെങ്കിലും നിഷ്കളങ്കന്‍ ഇമേജ് പുറത്തെ പ്രേക്ഷകര്‍ക്കിടയില്‍ ജിന്‍റോയ്ക്ക് ഇപ്പോഴും തുണയാവുന്നുണ്ട്. എന്നാല്‍ മറ്റ് മത്സരാര്‍ഥികളെ സംബന്ധിച്ച് ജിന്‍റോയെ അങ്ങനെയല്ല കാണുന്നത്. എന്നാല്‍ ഒരു സഹമത്സരാര്‍ഥി എന്ന നിലയില്‍ ജിന്‍റോ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് എത്ര പേര്‍ ​ഗൗരവത്തോടെ ചിന്തിക്കുന്നുവെന്നത് സംശയമാണ്. പവര്‍ ടീമിനിടയില്‍ മിക്കപ്പോഴും ഉടലെടുക്കുന്ന അഭിപ്രായവ്യത്യാസത്തിന് പരിഹാരം എന്ന നിലയിലാണ് ഒരാളെക്കൂടി ഒപ്പം കൂട്ടാന്‍ മോഹന്‍ലാല്‍ നിര്‍ദേശിച്ചത്. റസ്മിന്‍റെ തീരുമാനപ്രകാരം അര്‍ജുന്‍ ആണ് മൂന്നാമനായി എത്തിയിരിക്കുന്നത്. ഇത് ജിന്‍റോയ്ക്ക് എത്രത്തോളം ഭീഷണി ഉണ്ടാക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അര്‍ജുന് അതിന് സാധിച്ചാല്‍ ബി​ഗ് ബോസിലെ നിലവിലെ ​ഗെയിം ചേഞ്ച് ചെയ്യാന്‍ തന്നെ ഒരുപക്ഷേ സാധിക്കും.

bigg boss malayalam season 6 weekly review arjun into power team

 

ആമയും മുയലും

ആക്റ്റീവ് ആവുന്നില്ലെന്ന സഹമത്സരാര്‍ഥികളുടെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ ആമയും മുയലും കഥയിലെ ആമയാണെന്നായിരുന്നു ഒരു മത്സരാര്‍ഥിയുടെ മറുപടി. അങ്ങനെ പതുക്കെ പോയാല്‍ ദിവസം തീരില്ലേ എന്ന് മോഹന്‍ലാലും തിരിച്ച് ചോദിച്ചു. മൂന്ന് ആഴ്ച പിന്നിടുമ്പോഴും കാണികളില്‍ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിക്കാന്‍ ഒരു മത്സരാര്‍ഥിക്കും സാധിച്ചിട്ടില്ല എന്നത് സീസണ്‍ 6 ന്‍റെ പ്രത്യേകതയാണ്. പിന്നെയും പറയാനുള്ളത് വേറിട്ട ഉള്ളടക്കം നല്‍കുന്ന ജിന്‍റോയുടെ പേരാണ്. റസ്മിന്‍, അര്‍ജുന്‍, അപ്സര, നോറ എന്നിവരാണ് നിലവില്‍ ഭേദപ്പെട്ട രീതിയില്‍ കളിക്കുന്നത്. പവര്‍ റൂം വിട്ട് വന്നതിന് ശേഷം ​ഗബ്രിയും ജാസ്മിനും കൂടുതല്‍ വിസിബിള്‍ ആയിട്ടുണ്ടെങ്കിലും പരസ്പരമുള്ള ബോണ്ടിം​ഗില്‍ കുടുങ്ങിക്കിടക്കുകയാണ്. ​ഗെയിമര്‍ എന്ന നിലയില്‍ അതില്‍ നിന്ന് പുറത്തുവരാനുള്ള ആ​ഗ്രഹം ജാസ്മിന്‍ വാരാന്ത്യ എപ്പിസോഡില്‍ പ്രകടിപ്പിച്ചിരുന്നു. അതിനോടുള്ള ​ഗബ്രിയുടെ പ്രതികരണം ഈ സഖ്യം ഉടനെ അവസാനിക്കാന്‍ പോകുന്നില്ലെന്നതിന്‍റെ സൂചനയായി. 

പുതിയ ക്യാപ്റ്റന്‍

ഹൗസില്‍ തന്‍റേതായ ക്യാരക്റ്റര്‍ പ്രകടിപ്പിക്കാന്‍ ഒട്ടുമേ മടിയില്ലാത്ത ജാന്‍മോണി ദാസ് ആണ് ഈ വാരത്തിലെ ക്യാപ്റ്റന്‍. മിക്കപ്പോഴും വൈകാരികമായി തീരുമാനമെടുക്കുന്ന, തനിക്കെതിരായ വിമര്‍ശനങ്ങള്‍ പൊതുവെ ചെവിക്കൊള്ളാന്‍ തയ്യാറാവാത്ത ജാന്‍മോണി ക്യാപ്റ്റനെന്ന നിലയില്‍ ഹൗസ് എങ്ങനെ കൊണ്ടുപോകും എന്നത് കാത്തിരിക്കേണ്ട കൗതുകമാണ്. പവര്‍ ടീമം​ഗമായ ജിന്‍റോയുമായി അടുത്ത സൗഹൃദം ഉള്ളയാളാണ് ജാന്‍മോണി. ഇത് പവര്‍ ടീം- ക്യാപ്റ്റന്‍ ബന്ധത്തെ എത്തരത്തില്‍ സ്വാധീനിക്കും എന്നതും കണ്ടറിയണം. ഇപ്പോഴും ആക്റ്റീവ് ആയിരിക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാല്‍ വീക്കെന്‍ഡ് എപ്പിസോഡ് അവസാനിപ്പിച്ചത്. ഇവരൊക്കെ ശബ്ദമുയര്‍ത്താന്‍ തുടങ്ങുന്ന വാരമായിരിക്കും ഇത്. അതിനാല്‍ത്തന്നെ ക്യാപ്റ്റനും പവര്‍ ടീമിനുമൊക്കെ പിടിപ്പത് പണിയുണ്ടാവുമെന്ന് ഉറപ്പാണ്. മൂന്നാം വാരത്തില്‍ 14 പേരിലേക്ക് ചുരുങ്ങിപ്പോയ സീസണ്‍ 6 ല്‍ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്ന് സംഭവിക്കുമെന്ന കാത്തിരിപ്പിലുമാണ് ബി​ഗ് ബോസ് ആരാധകര്‍.

ALSO READ : 64 കിലോയിൽ നിന്ന് 44 കിലോയിലേക്ക്; ആടുജീവിതത്തിലെ 'ഹക്കി'മിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ച് കെ ആര്‍ ഗോകുൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Follow Us:
Download App:
  • android
  • ios