ഈ ആഴ്ച എവിക്ഷൻ ഉണ്ടായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരെയായിരിക്കും. നിലവിലെ നോമിനേഷൻ ലിസ്റ്റിലുള്ളത് ശൈത്യ, മുന്‍ഷി രഞ്ജിത്ത്, രേണു സുധി, നെവിന്‍, ജിസൈല്‍, അനുമോള്‍, ശാരിക, ആര്യന്‍ എന്നിവരാണ്.
19 മത്സരാർത്ഥികളുമായി കളി തുടങ്ങിയ ബിഗ് ബോസ് മലയാളം സീസൺ 7 ൽ ആദ്യത്തെ നോമിനേഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. അതും ഷോ തുടങ്ങി ഒന്നാം ദിനത്തിൽ തന്നെ. ഇതിനുമുമ്പും പല തവണയും ബിഗ് ബോസിൽ ആദ്യ ആഴ്ചയിൽത്തന്നെ എവിക്ഷൻ ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ നോമിനേഷൻ നടത്തിയശേഷം മത്സരാർത്ഥികൾക്കൊരു സർപ്രൈസായി ആദ്യ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കിയിട്ടുമുണ്ട്.
അതുകൊണ്ടുതന്നെ ഈ ആഴ്ച വീട്ടിൽനിന്ന് ആരെങ്കിലും പുറത്തേക്ക് പോകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പൊന്നും പറയാനാവില്ല.
ആദ്യ ആഴ്ചയിൽ പ്രേക്ഷകവിധി തേടാനായി എത്തിയിരിക്കുന്നത് എട്ട് പേരാണ്. ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ ആയതുകൊണ്ടുതന്നെ അനീഷിനെ ആർക്കും നോമിനേറ്റ് ചെയ്യാനാകുമായിരുന്നില്ല. അല്ലെങ്കിൽ ഈ ലിസ്റ്റിൽ എന്തായാലും ഉൾപ്പെടുമായിരുന്ന വ്യക്തിയായിരുന്നു അനീഷ്. വീട്ടിലെ പലരുടെയും പ്രധാന നോട്ടപ്പുള്ളി രേണു സുധി ആയിരുന്നിട്ടും നോമിനേഷനിൽ അവർക്കാകെ കിട്ടിയത് നാല് വോട്ടുകൾ മാത്രമായിരുന്നു. ആറ് വോട്ടുകളോടുകൂടി നോമിനേഷനിൽ ഇടം പിടിക്കാനുള്ള യോഗം ശൈത്യയ്ക്കും. ആദ്യ ദിനംതന്നെ ഇത്രയും പേർ തനിക്ക് പ്രതികൂലമായി വോട്ട് ചെയ്യുമെന്ന് ശൈത്യയും കരുതിയിരുന്നില്ല.

ശൈത്യക്ക് തൊട്ടുപിന്നാലെ അഞ്ച് വോട്ടുകളുമായി മുൻഷി രഞ്ജിത്തും പട്ടികയിൽ ഇടം പിടിച്ചു. രേണുവിനെ കൂടാതെ നെവിന്‍, ജിസൈല്‍ എന്നിവർക്കും നാല് വോട്ടുകൾ വീതം കിട്ടിയപ്പോൾ ആര്യനെതിരെ വോട്ട് ചെയ്തത് മൂന്ന് പേരാണ്. അനുമോൾ, ശാരിക എന്നിവർക്ക് രണ്ട് വോട്ടുകളും ലഭിച്ചു. ഒരു വോട്ട് വീതം ലഭിച്ച ഷാനവാസ്, അക്ബര്‍ ഖാന്‍, അഭിലാഷ്, ആദില-നൂറ, ഒനീൽ സാബു, ബിന്നി സെബാസ്റ്റ്യൻ എന്നിവർ എവിക്ഷനിൽ പെടാതെ ജസ്റ്റ് രക്ഷപെട്ടപ്പോൾ ആരും വോട്ടിങ്ങിൽ പറയാതിരുന്നത് അപ്പാനി ശരത്, കലാഭവൻ സരിഗ, ആര്‍ജെ ബിന്‍സി, റെന്ന ഫാത്തിമ എന്നിവരുടെ പേരുകളാണ്.
ഇനി ഈ ആഴ്ച എവിക്ഷൻ ഉണ്ടായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരെയായിരിക്കും എന്ന് നോക്കാം. നിലവിലെ നോമിനേഷൻ ലിസ്റ്റിലുള്ളത് ശൈത്യ, മുന്‍ഷി രഞ്ജിത്ത്, രേണു സുധി, നെവിന്‍, ജിസൈല്‍, അനുമോള്‍, ശാരിക, ആര്യന്‍ എന്നിവരാണ്.

മത്സരം രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ആവശ്യത്തിന് കണ്ടന്റുകൾ തരാൻ സാധ്യതയുള്ള രേണു സുധിയും അനുമോളും എന്തായാലും പുറത്താകാനിടയില്ല എന്നാണ് കരുതാനാവുക. കൂടാതെ ഇരുവരെയും പിന്തുണയ്ക്കുന്ന ഒരു വിഭാഗം സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആണ്. രേണു സുധിയുടെ ഹേറ്റേഴ്‌സ് ആയാലും ഇത്ര നേരത്തെ അവർ പുറത്താക്കണമെന്ന് എന്തായാലും ആഗ്രഹിക്കാനിടയില്ല. അനുമോളെ സംബന്ധിച്ച് അവർ നേരത്തെതന്നെ ഉണ്ടായിട്ടുള്ള ഫാൻ ബേസും ഈ എവിക്ഷനിൽ തുണയ്ക്കാനാണ് സാധ്യത.
ശാരികയും സേഫ് ലിസ്റ്റിൽ പെടാൻ ഇടയുള്ള ആളാണ്. രേണുവിനെ പോലെ ശാരികയ്ക്കും ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും ബിഗ് ബോസിലെത്തിയ ശാരികയോട് പലർക്കും ഒരു മമതയൊക്കെ തോന്നിത്തുടങ്ങിട്ടുണ്ട്. കൂടാതെ കാര്യങ്ങൾ കൃത്യമായി പറയാനുള്ള ശാരികയുടെ കഴിവും പ്രേക്ഷകരെ ഇംപ്രസ് ചെയ്യുന്നുണ്ടെന്നാണ് കമന്റുകളിലൂടെ മനസിലാകുന്നത്. എന്തായാലും ആദ്യ ആഴ്ചയിൽ ശാരികയും പുറത്താകാൻ സാധ്യതയില്ല.
സേഫ് ലിസ്റ്റിൽ പെടാൻ സാധ്യതയുള്ള അടുത്ത മത്സരാർത്ഥി ആര്യൻ ആണ്. ആദ്യ ദിനം തന്നെ ഒരു ഇംപ്രഷൻ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്ന ആര്യൻ ഗെയിമിൽ തുടർന്നാൽ നന്നായിരിക്കുമെന്ന് പ്രേക്ഷകരെക്കൊണ്ട് തോന്നിപ്പിച്ച മത്സരാർത്ഥിയാണ്. ഒരുപക്ഷേ യുവാക്കളുടെ വോട്ട് കുറെയൊക്കെ ആര്യന് ലഭിച്ചേക്കാം.

ശൈത്യ, മുന്‍ഷി രഞ്ജിത്ത്, നെവിന്‍, ജിസൈല്‍. ഇപ്പോഴുള്ള നോമിനേഷൻ പട്ടികയിൽ ഡേഞ്ചറസ് സോണിൽ ഉള്ളത് ഇവർ നാലുപേരുമാണ് എന്ന് പറയേണ്ടിവരും. രണ്ട് ദിവസത്തിൽ കാര്യമായ ഒരു ചലനവും ഉണ്ടാക്കാൻ ഇവർക്കായിട്ടില്ല. കൂട്ടത്തിൽ നെവിൻ ആണ് അല്പമൊക്കെ മെച്ചപ്പെട്ട മത്സരാർത്ഥി. പക്ഷേ അപ്പോഴും എന്താണ് ഈ ഷോ എന്നതിനെക്കുറിച്ചോ അവിടെ കളം പിടിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചോ നെവിൻ അത്രയൊന്നും ബോധവാനുമല്ല എന്നാണ് മനസിലാകുന്നത്. പകരം തനിക്ക് താല്പര്യമുള്ള ചർച്ചകളിൽ സ്വന്തം അഭിപ്രായം പറയാൻ മാത്രമാണ് നെവിൻ നിലവിൽ ശ്രമിക്കുന്നത്.
മുൻഷി രഞ്ജിത്തിലേക്ക് വന്നാൽ, നോമിനേഷനിൽ പലരും പറഞ്ഞപോലെ തമാശകളും കൗണ്ടറുകളുമടിച്ച് ഒരു സൈഡിൽക്കൂടി പോകാനാണ് ഇപ്പോൾ പുള്ളി ശ്രമിക്കുന്നത്. അതിനപ്പുറം ഷോയിൽ മറ്റെന്തെങ്കിലും റോൾ രഞ്ജിത്തിന് നിലവിൽ ഇല്ല. കൂടാതെ താനൊരു സീനിയറായ, ലോകപരിചയമുള്ള ആളാണെന്ന രഞ്ജിത്തിന്റെ ആറ്റിട്യൂഡും പ്രേക്ഷകർക്ക് അത്ര ഇഷ്ടമാകാൻ ഇടയില്ല. ഒന്നാം ദിനംതന്നെ ലൗഡ് ആയി, ഷോ വരുതിയിലാക്കാൻ ശ്രമിക്കുന്ന അനീഷ്, അപ്പാനി ശരത്, അഭിലാഷ്, ഷാനവാസ്, റെന്ന, രേണു തുടങ്ങി നിരവധി പേരുള്ളപ്പോൾ രഞ്ജിത്തിന്റെ ഈ തണുപ്പൻ സ്വഭാവം ആൾക്കത്ര ഗുണം ചെയ്യില്ല.

ശൈത്യയിലേക്ക് വന്നാൽ ഷോയ്ക്ക് പുറത്തുകാണാറുള്ള ശൈത്യയെ അല്ല വീടിനകത്ത് കാണുന്നത്. ഇതുവരെ ഒരു ഇംപാക്റ്റും ഉണ്ടാക്കാൻ ശൈത്യയ്ക്ക് കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല പലപ്പോഴും വീട്ടിൽ അവരുണ്ടെന്നുപോലും തോന്നിപ്പിക്കാൻ ശൈത്യ ശ്രമിച്ചിട്ടില്ല. കൂടാതെ കഴിഞ്ഞ ദിവസം മേക്കപ്പ് പ്രൊഡക്ടുകൾ അനുവാദമില്ലാതെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള ബിഗ് ബോസിന്റെ ചോദ്യംചെയ്യലിൽ ശൈത്യ നടത്തിയ പ്രസ്താവന ശരിയായില്ലെന്നാണ് വ്യക്തിപരമായി തോന്നുന്നതും. കൂട്ടത്തിലുള്ളവരെ മോശക്കാരാക്കാനും സ്വയം നല്ല കുട്ടിയാകാനുമുള്ള ശൈത്യയുടെ ആ ശ്രമത്തെ അനീഷടക്കം എല്ലാവരും ചേർന്ന് ഒറ്റയടിക്ക് ചെറുത്തു. ഇതെല്ലാം ശൈത്യയുടെ ബിഗ് ബോസ് വീട്ടിലെ നിലനിൽപ്പിനെ ബാധിക്കാൻ ഇടയുള്ള കാര്യങ്ങളാണ്.
ജിസൈലിലേക്ക് വന്നാൽ അവർക്കും പ്രേക്ഷകരുമായി ഒരു അടുപ്പം സൃഷ്ടിക്കാൻ ഇതുവരെ ആയിട്ടില്ല. ഭാഷാ പരിമിതിയും ജിസൈലിന് വലിയ വെല്ലുവിളിയാണ്. ഇതുകൊണ്ടുതന്നെയാകാം വീട്ടിലെ മറ്റുള്ളവരുമായിട്ടൊന്നും സമ്പർക്കം പുലർത്താൻ ജിസൈലിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. വീട്ടിലെ പ്രശ്നങ്ങളിലും മറ്റും ഇടപെടാനും ഇതൊരു തടസമാണ്. നിലവിലെ എവിക്ഷൻ ലിസ്റ്റിൽ ബിഗ് ബോസിന് പുറത്തേക്ക് പോകാൻ ഏറ്റവും അർഹതയുള്ള ആളും ജിസൈൽ ആണെന്നാണ് വ്യക്തിപരമായ അഭിപ്രായം.

ബിഗ് ബോസ് പോലൊരു ഷോയിൽ ഏറ്റവും പ്രധാനം മത്സരാർത്ഥികൾ പ്രേക്ഷകരുമായി ഉണ്ടാക്കിയെടുക്കുന്ന കണക്ഷൻ തന്നെയാണ്. അത് പോസിറ്റീവോ നെഗറ്റീവോ ആകാം. അറിഞ്ഞുകൊണ്ട് സംഭവിക്കുന്നതോ അറിയാതെ ഉണ്ടാകുന്നതോ ആവാം. പക്ഷേ ഇങ്ങനെയൊരാൾ ആ വീട്ടിലുണ്ടെന്ന് പ്രേക്ഷകർ തിരിച്ചറിയുക എന്നതാണ് പ്രധാനം. അങ്ങനെ നോട്ടീസ് ചെയ്യപ്പെടാനായില്ലെങ്കിൽ ബിഗ് ബോസ് വീട്ടിലെ നിലനിൽപ്പ് കുറച്ച് കഷ്ടത്തിലാകും. നിലവിലെ സൈലന്റ് മത്സരാർത്ഥികൾ ഇനിയെങ്കിലും ഇത് തിരിച്ചറിഞ്ഞ് കളിക്കുമെന്ന് കരുതാം.
