40 പേരെ ഉള്‍ക്കൊള്ളിച്ച് സാധാരണക്കാര്‍ക്കായി സംഘടിപ്പിച്ച ബിഗ് ബോസ് പ്രീ ഷോ ആയിരുന്നു അഗ്നിപരീക്ഷ. രണ്ടാം ആഴ്ച ആയപ്പോഴേക്കും 12 പേരില്‍ എത്തി. ഒടുവില്‍ പ്രേക്ഷക വോട്ടിന്‍റെ അടിസ്ഥാനത്തില്‍ നാല് പേര്‍ ബിഗ് ബോസ് ഹൗസിലേക്ക്.
നാൽപ്പത് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ നിന്നും നാലുപേർ ബിഗ്‌ബോസ് ഹൗസിലേക്ക് കയറിയിരിക്കുകയാണ്. അവസാന റൗണ്ടിൽ എത്തിയ പന്ത്രണ്ടുപേരിൽ നിന്ന് പ്രേക്ഷകരുടെ വോട്ടും ജഡ്ജസിന്റെ തീരുമാനവും അനുസരിച്ചാണ് ഈ നാലുപേർ ഹൗസിലേക്ക് ഇൻ ആയത്. ബാക്കി എട്ടുപേരും ബിഗ്‌ബോസ് ഹൗസിന്റെ പടിക്കൽ വരെയെത്തി യാത്രപറഞ്ഞിറങ്ങി. ഷിജിൻ, എൽദോ, രാകേഷ് , ലോലീറ്റ എന്നിവരാണ് എട്ടുപേരെയും കടത്തിവെട്ടി ഹൗസിലേക്ക് എൻട്രി ആയിരിക്കുന്നത്. നാല് പേരും സെലക്ട് ആയെന്ന് വേദിയില്‍ വച്ച് മോഹന്‍ലാല്‍ ആണ് പറഞ്ഞത്.
അഗ്നിപരീക്ഷ പ്രെഡിക്ഷൻ ലിസ്റ്റിൽ പോലും യാതൊരു കാരണവശാലും ഇല്ലാതിരുന്ന മത്സരാർത്ഥിയായിരുന്നു ഷിജിൻ. അഗ്നിപരീക്ഷയിൽ ഭൂരിഭാഗം മത്സരാർത്ഥികളും മര്യാദയ്ക്ക് സംസാരിക്കാൻ കഴിയാത്തവൻ, ടാസ്ക് മനസ്സിലാക്കാതെ ഗെയിം കളിക്കുന്നവൻ, ടാസ്ക് നശിപ്പിക്കുന്നവൻ, ഡ്രാമ ആർട്ടിസ്‌റ്റ്, ഒറ്റപ്പെടൽ സ്ട്രാറ്റജി കളിക്കുന്നവൻ, ഇവനൊക്കെ ബിഗ് ബോസിൽ പോയാൽ എന്ത് ചെയ്യാനാ ? എന്നൊക്കെ മുദ്ര കുത്തിയ മത്സരാർത്ഥി. അതേ ഷിജിനാണ് ഇപ്പോൾ പ്രേക്ഷക വോട്ടിന്റെയും ജഡ്ജസിന്റെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ബിഗ്‌ബോസ് ഹൗസിലേക്ക് കയറിയിരിക്കുന്നത്.
അതേസമയം തോറ്റ എംഎൽഎ, നിലപാടില്ലാത്തവൻ, അച്ചടിഭാഷയിൽ മാത്രം ആളുകളോട് സംസാരിക്കുന്നവൻ, മുണ്ട് ഉടുത്ത് ഗെയിമിൽ രാഷ്ട്രീയക്കാരനായി നിലനിൽക്കുന്നവൻ, മനുഷ്യത്വമില്ലാത്തവൻ തുടങ്ങി ഒട്ടനവധി ആരോപണങ്ങൾക്ക് വിധേയനായ എൽദോ ആണ് കേട്ട ആരോപണങ്ങളെ കാറ്റിൽ പറത്തി ഹൗസിലേക്ക് കാലെടുത്ത് കുത്തിയത്. കഴിഞ്ഞ ദിവസം അഗ്നിപരീക്ഷയിൽ നടന്ന ആരെല്ലാം ഹൗസിലേക്ക് കയറാൻ യോഗ്യരെന്ന് തെരഞ്ഞെടുക്കേണ്ട ടാസ്കിൽ ഷിജിൻ ഹൗസിലേക്ക് കയറാൻ പൂർണ്ണമായും യോഗ്യനാണെന്ന് പറഞ്ഞ ഒരേ ഒരാളും എൽദോ ആയിരുന്നു. അഗ്നിപരീക്ഷയിൽ നൽകിയ മിക്ക ടാസ്കുകളിലും വിജയകിരീടം ചൂടാൻ എൽദോയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഹൗസിലേക്ക് കയറിയ മറ്റൊരാൾ രാകേഷാണ്. കൊച്ചിയിൽ നിന്നും അഗ്നിപരീക്ഷയിലേക്കെത്തിയ ആ എന്റെർറ്റൈന്മെന്റുകാരൻ തുടക്കത്തിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഈ എന്റെർറ്റൈന്മെന്റുകൊണ്ട് മാത്രം ഹൗസിലേക്ക് കയറാൻ കഴിയില്ലെന്നായിരുന്നു സഹമത്സരാർത്ഥികൾ രാകേഷിനെപ്പറ്റി പറഞ്ഞത്. പ്രേക്ഷകർക്ക് രാകേഷിനെ ഇഷ്ട്ടമാണെന്നതിന്റെ തെളിവാണ് രാകേഷ് ഇപ്പോൾ ബിഗ് ബോസ് ഹൗസിലേക്ക് എത്തി എന്നത്. അഗ്നിപരീക്ഷയിലെ ക്യൂട്നെസ്സ് റാണി എന്നാണ് ലോലീറ്റ സഹമത്സരാർത്ഥികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ക്യൂട്ടിനെസ്സ് വാരി വിതറി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട , ടാസ്കുകളിലെ പെർഫോമൻസും വ്യക്തിത്വവും ഒട്ടും ഇല്ലാത്ത ലോലീറ്റ യാതൊരു കാരണവശാലും ഹൗസിലേക്ക് എത്തില്ല എന്നായിരുന്നു സഹമത്സരാർത്ഥികളുടെ ധാരണ. എന്നാൽ ക്യൂറ്റ്നസ്സിനും പ്രേക്ഷകർ ഉണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ കണ്ടത്. മികച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ ലോലീറ്റായും ഹൗസിൽ എത്തിയിരിക്കുന്നു.
ബിഗ്‌ബോസ് ഹൗസിലേക്ക് എത്തിച്ചേർന്ന മറ്റ് സെലിബ്രിറ്റി മത്സരാർത്ഥികളേക്കാൾ എക്സ്പീരിയൻസ് ഈ നാലുപേർക്കും തീർച്ചയായും ഉണ്ടാവും. ബിഗ് ബോസിൽ നൽകുന്ന ചില ടാസ്കുകളെല്ലാം അഗ്നിപരീക്ഷയിലും നൽകിയിരുന്നു. മാത്രമല്ല എങ്ങനെ അഭിപ്രായങ്ങൾ പറയണം, എന്താണ് ടാർഗറ്റ് ചെയ്യേണ്ടത്, എവിടെ പെർഫോം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ചെറിയ രീതിയിലെങ്കിലും പഠിച്ചുകൊണ്ടാണ് ഈ നാലുപേരും ഹൗസിലേക്ക് കയറുന്നത്. മറ്റ് പതിനേഴ് മത്സരാർത്ഥികളേയും കടത്തിവെട്ടി ഈ നാലുപേരിൽ ആരെങ്കിലും സീസൺ എട്ടിന്റെ കപ്പ് തൂക്കിയാൽ അതൊരു ചരിത്ര വിജയമായി മാറും.



