ബിഗ് ബോസ് സീസൺ 8-ന്‍റെ തീം 'ജനാധിപത്യ'മാണ്. ലീഡറെയും അനുയായികളെയും തെരഞ്ഞെടുക്കുന്ന പുതിയ കൺസെപ്റ്റ്, അധികാരം വ്യക്തികളെ എങ്ങനെ മാറ്റുന്നുവെന്ന് കാണിക്കുന്നു.

ഓരോ സീസണിലും ബിഗ് ബോസിന് ഓരോ തീമുകളുണ്ടാകും, ചില ഒഫിഷ്യൽ ടാഗ് ലൈനുകൾ. 'the show must go on' എന്നായിരുന്നു മൂന്നാം സീസന്റെ തീമും ടാഗ് ലൈനുമെങ്കിൽ നാലിലേക്കെത്തുമ്പോൾ അത് 'the new normal' എന്നായിരുന്നു. 'Battle of the Originals' എന്നതായിരുന്നു സീസൺ 5 ന്റെ ടാഗ്‌ലൈൻ. ഒന്ന് മാറ്റിപ്പിടിക്കാൻ പവർ റൂം കൺസപ്റ്റുമായി സീസൺ 6 എത്തിയപ്പോൾ ഏഴിന്റെ പണികൾ കാത്തുവച്ചിരുന്ന പണിപ്പുരയുമായാണ് ഏഴാം സീസൺ വന്നത്. ഇപ്പോൾ സീസൺ 8 ലെത്തിനിൽക്കുമ്പോൾ ഈ സീസന്റെ തീമും ടാഗ്‌ലൈനും ജനാധിപത്യമാണ്. അവിടെ ജയിച്ചാൽ മാത്രം പോരാ, ജയിച്ചുകൊണ്ടിരിക്കണം. ജനാധിപത്യത്തിന് എന്താണ് ബിഗ് ബോസ് വീട്ടിൽ കാര്യം? എങ്ങനെയാണ് ഈ തീം ഷോയെ ഇന്ററസ്റ്റിങ് ആക്കി മാറ്റുന്നത്?

'ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി നടത്തുന്ന ഭരണം', ഏറ്റവും ചുരുക്കി ജനാധിപത്യത്തെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ യഥാർത്ഥത്തിൽ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങൾക്കുവേണ്ടി തന്നെയാണോ ഈ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രവർത്തിക്കുന്നത്? അധികാരം എന്നത് മനുഷ്യന്റെ പ്രയോരിറ്റികളെ എങ്ങനെയൊക്കെയാണ് മാറ്റുന്നത്? തങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് ജനങ്ങൾ തീരുമാനിക്കും എന്ന് പറയുമ്പോഴും സത്യത്തിൽ അങ്ങനെതന്നെയാണോ നടക്കുന്നത്? അതോ തങ്ങൾ ആരെ തെരഞ്ഞെടുക്കണം എന്നതിൽ ജനങ്ങൾ ഏതെങ്കിലും തരത്തിൽ മാനിപ്പുലേറ്റ് ചെയ്യപ്പെടുകയാണോ? എപ്പോഴും എല്ലായിടത്തും പ്രസക്തമായ ഈ ചോദ്യങ്ങൾ തന്നെയാണ് ബിഗ് ബോസും നമ്മളോട് ചോദിക്കുന്നത്. അഥവാ ഒരു ജനാധിപത്യ രാജ്യത്തിന്റെ ചെറിയ പതിപ്പാണ് അവർ നമുക്ക് മുന്നിൽ കാണിച്ചുതരുന്നത്.

അധികാരം കൈവശമാകുമ്പോൾ അത് വ്യക്തികളുടെ ക്യാരക്ടറിനെ എങ്ങനെയാണ് നെഗറ്റീവ് ആയി ബാധിക്കുന്നതെന്ന് ആറാം സീസണിലെ പവർ റൂം കൺസപ്റ്റിലും ബിഗ് ബോസ് കാണിച്ചുതന്നിട്ടുണ്ട്. പക്ഷേ ആ കൺസപ്റ്റ് ഷോയുടെ മുന്നോട്ടുപോക്കിനെ അത്ര നന്നായിട്ടായിരുന്നില്ല ബാധിച്ചത്. നിരവധി പേർ തുടർച്ചയായി പവർ റൂമിൽ എത്തുകയും നോമിനേഷനിൽ ഉൾപ്പെടാതെ ഏറെ ദൂരം മുന്നോട്ട് പോകുകയും ചെയ്തിരുന്നു. പവർ റൂം അധികാരം ലഭിച്ച പല മത്സരാർത്ഥികളും എക്സ്പോസ് ചെയ്യപ്പെട്ടെങ്കിലും ആ കൺസപ്റ്റ് ഷോയുടെ മൊത്തം ഫ്ലോയ്ക്ക് ഗുണകരമായിരുന്നില്ല. അതേ പവർ റൂമിന്റെ കുറച്ചുകൂടി നവീകരിച്ച, മെച്ചപ്പെട്ട വേർഷനാണ് ഇത്തവണത്തെ ലീഡറും അനുയായികളും എന്ന കൺസപ്റ്റ്. എന്നാൽ ജനാധിപത്യപരമായാണ് ഈ തെരഞ്ഞെടുപ്പുകൾ എന്നുള്ളതുകൊണ്ടും ഒരേ സമയം മൂന്നിൽ കൂടുതൽ ആളുകൾക്ക് ഈ അധികാരം കയ്യാളാൻ സാധിക്കില്ല എന്നുള്ളതുകൊണ്ടും പവർ റൂമിനെക്കാൾ നല്ല രീതിയിൽ ഈ തീം വർക്ക്ഔട്ട് ആകാനുള്ള സാധ്യതയുണ്ട്. പക്ഷേ ആത്യന്തികമായി പവർ റൂമിലുണ്ടായിരുന്ന ആളുകൾ ഏത് തരത്തിലാണോ പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ആയത്, അതേ വിധി തന്നെയാകും ലീഡറെയും അനുയായികളെയും കാത്തിരിക്കുന്നതും. കാരണം അധികാരം നൽകുന്ന സുഖം എന്നത് രാജഭരണത്തിലും ഏകാധിപത്യത്തിലും ജനാധിപത്യത്തിലുമെല്ലാം ഏറെക്കുറെ സമാനമാണ്.

സാധാരണ ബിഗ് ബോസ് വീടിന് ഒരു ക്യാപ്റ്റനാണ് ഓരോ ആഴ്ചയിലും ഉണ്ടാകാറുള്ളത്. വീട്ടിലുള്ളവർ ചേർന്ന് മൂന്ന് പേരെ തെരഞ്ഞെടുക്കുകയും അവർ തമ്മിൽ മത്സരിച്ച് ജയിക്കുന്ന ആൾ ക്യാപ്റ്റൻ ആവുകയുമാണ് അതിന്റെ രീതി. പക്ഷേ ക്യാപ്റ്റൻ എന്നതിൽനിന്ന് മാറി ലീഡർ എന്ന വാക്കിലേക്ക് എത്തുമ്പോൾത്തന്നെ ആ വ്യക്തി കൂടുതൽ അധികാരം കയ്യാളുന്നുവെന്ന് അവർക്ക് സ്വയവും കൂടെയുള്ളവർക്കും തോന്നുന്നുണ്ട്. ക്യാപ്റ്റൻ എന്നത് ഒരാളിൽ നിക്ഷിപ്തമാക്കപ്പെട്ട നേതൃസ്ഥാനമാണ്. നയിക്കുക എന്നതിലുപരിയായി ഏൽപ്പിക്കപ്പെട്ട ചുമതലകൾ നിർവ്വഹിക്കാനുള്ള ആളായാണ് ക്യാപ്റ്റനെ ബിബി വീട്ടിലുള്ളവർ കണ്ടിരുന്നതും. എന്നാൽ ലീഡർ എന്ന ആശയത്തിലേക്ക് വരുമ്പോൾ അത് നേടിയെടുക്കപ്പെട്ട നേതൃസ്ഥാനം എന്നതിലേക്ക് മാറുന്നുണ്ട്. തങ്ങളെ നയിക്കേണ്ട ആൾ എന്ന ചിന്തയും അതുവഴി അയാളോട് വിധേയത്വം തോന്നാനുള്ള പ്രവണതയും കൂടുന്നു. ഈ വ്യത്യാസമാണ് ബിഗ് ബോസ് എട്ടാം സീസന്റെ കീ പോയിന്റും.

ലീഡറിനെ വീട്ടിലുള്ളവർ തെരഞ്ഞെടുക്കുമ്പോൾ തന്റെ അനുയായികൾ ആരാകണമെന്ന് ലീഡർക്ക് തീരുമാനിക്കാം. ബിഗ് ബോസ് വീട്ടിലുള്ളവർക്ക് പലതരം വാദ്ഗാനങ്ങൾ നൽകിയാണ് ഇവർ അധികാരത്തിലേക്കെത്തുന്നത്. നിലവിലെ ലീഡറായ ജസീല ഇത്തരത്തിൽ മറ്റുള്ളവർക്ക് നൽകിയ പ്രധാന വാഗ്ദാനം എന്ത് കാര്യങ്ങളും തങ്ങളുമായി പങ്കുവയ്ക്കാനാകുമെന്നും എല്ലാവർക്കും തുല്യമായ സ്ഥാനം ഉറപ്പ് നൽകും എന്നുമാണ്. ഇത് വിശ്വസിച്ച് തന്നെയാണ് കൂടുതൽ പേർ ജസീലയെയും അനുയായികളെയും തെരഞ്ഞെടുത്തതും. എന്നാൽ അധികാരത്തിലെത്തിയതോടെ 'ലീഡർ പറയുന്നത് കേൾക്കുക' എന്നതിലേക്ക് വളരെ സ്വാഭാവികമായി കാര്യങ്ങൾ മാറി. തന്നെ അനുസരിക്കേണ്ടതുണ്ടെന്ന് ജസീലയും ആവർത്തിച്ച് പറയാൻ തുടങ്ങി. ലഭിച്ച അധികാരം നിലനിർത്താൻ എല്ലാ വഴികളും അവർ പ്രയോജനപ്പെടുത്താനും തുടങ്ങി.

ഒരു രാജ്യത്ത് തങ്ങളുടെ അറിവില്ലാതെ അധികാരികൾ ചെയ്യുന്ന കാര്യങ്ങൾ എങ്ങനെയാണ് പൊതുജനങ്ങൾ മനസിലാക്കുക? മാധ്യമങ്ങളാണ് അതിന് അവരെ സഹായിക്കുക. ഇവിടെയും അധികാരികൾ നടത്തുന്ന പല വിഷയങ്ങളും ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തിലാണ് ബിബി ന്യൂസ് പേപ്പർ പുറത്തിറക്കിയത്. അതിലൂടെ തങ്ങൾ നേരിട്ടതിലെ അനീതി അവിടെയുള്ളവർ അറിഞ്ഞു. ചിലർ അത് മനസിലാക്കി, അതിനെതിരെ പ്രതികരിച്ചു. മറ്റുചിലർ അധികാരവർഗ്ഗത്തിന്റെ ഒപ്പം നിൽക്കുന്നതാണ് കൂടുതൽ നേട്ടമെന്ന് കരുതി അവരുടെ ഭാഗം പറഞ്ഞു. ചിലർ ഒന്നിലും ഉൾപ്പെടാതെ നിന്നു.

എങ്ങനെയാണ് അധികാരവും പവറും വ്യക്തികളിൽ പ്രവർത്തിക്കുന്നത്? അത് നേടാൻ ആളുകൾ എന്തൊക്കെയാണ് ചെയ്യുന്നത്? നമ്മുടെ ക്ഷേമത്തിനായാണ് എന്ന് നമ്മളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അധികാരവർഗം നടത്തുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ നമ്മുടെതന്നെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടാണോ, അതോ അവരുടെ നിലനിൽപ്പ് ലക്ഷ്യം വച്ചുകൊണ്ടോ? ഈ ചോദ്യങ്ങൾ എല്ലായിടത്തും, എല്ലാക്കാലത്തും പ്രസക്തമാണ്, അത് ബിഗ് ബോസ് വീടിനകത്തായാലും പുറത്തായാലും...

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming