അഗ്നിപരീക്ഷയിൽനിന്ന് ബിഗ് ബോസിലേക്കെത്തുമെന്ന് ആരും പ്രതീക്ഷിക്കാതിരുന്ന മത്സരാർത്ഥി, വീട്ടിലേക്കെത്തിയപ്പോഴാകട്ടെ ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമാകുന്ന ആളുകളിൽ ഒരാളായി മാറി
അഗ്നിപരീക്ഷയിൽനിന്ന് ബിഗ് ബോസിലേക്കെത്തുമെന്ന് ആരും പ്രതീക്ഷിക്കാതിരുന്ന മത്സരാർത്ഥി, വീട്ടിലേക്കെത്തിയപ്പോഴാകട്ടെ ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമാകുന്ന ആളുകളിൽ ഒരാളായി മാറി. പലതരം ഗ്രൂപ്പുകളും കൂട്ടുകെട്ടുകളുമുള്ള ബിഗ് ബോസ് വീട്ടിലെ ഒറ്റയാൻ. ഷിജിൻ സത്യത്തിൽ നായകനാണോ അതോ വില്ലനോ?
അഗ്നിപരീക്ഷയിൽ ആദ്യം മികച്ച തുടക്കം നൽകിയ ഷിജിന്റെ ഗ്രാഫ് പെട്ടന്നുതന്നെ താഴ്ന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ടാസ്കുകളിൽ പലപ്പോഴും അഗ്രസീവ് ആയി പെരുമാറുന്നു എന്ന് ജഡ്ജസ് പറഞ്ഞതോടെ സ്വയം നിയന്ത്രിക്കുന്നത് പോലെയും തോന്നിയിരുന്നു. സഹമത്സരാർത്ഥികൾ പലരും പടിപടിയായി തങ്ങളുടെ ഗ്രാഫ് ഉയർത്തിയപ്പോൾ ഷിജിന് അതിന് കഴിയാതെവന്നു. ജഡ്ജസും മറ്റുള്ള മത്സരാര്ഥികളും ബിഗ് ബോസിന് ഒട്ടും ഫിറ്റ് ആകാത്ത ആളെന്ന നിലയിൽ ഒന്നിൽകൂടുതൽ തവണ വിലയിരുത്തിയതും ഷിജിന്റെ ആത്മവിശ്വാസം പൂർണ്ണമായി ഇടിച്ചു. അതുകൊണ്ടൊക്കെത്തന്നെ വീട്ടിലേക്ക് കയറുന്നവരുടെ കൂട്ടത്തിൽ താനും ഉണ്ടാകുമെന്ന് ഷിജിൻ പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാൽ വീട്ടിലേക്ക് കയറിയശേഷം പിന്നീട് നമ്മൾ കണ്ടത് ഷിജിൻ 2.0 യാണ്. പഴയതിലും ആത്മവിശ്വാസമുള്ള, ധൈര്യമുള്ള മറ്റൊരു ഷിജിൻ. പ്രേക്ഷകരുടെ പിന്തുണ തനിക്കുണ്ട് എന്ന മനസ്സിലാക്കൽ തന്നെയാണ് അതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെയാണ് വീട്ടിലെത്തിയ ഷിജിൻ 'താൻ ഒറ്റക്കല്ല വന്നത്' എന്ന് ആവർത്തിക്കുന്നതും. അഗ്നിപരീക്ഷയിൽ എല്ലാവരും വീക്ക് ആണെന്ന് പറഞ്ഞിട്ടും തനിക്ക് ബിഗ് ബോസിലേക്കെത്താൻ പറ്റിയെങ്കിൽ അതിന് പ്രേക്ഷകരുടെ വോട്ട് ഒരു പരിധിയിൽ അധികം സഹായകമായിട്ടുണ്ടെന്ന ബോധ്യം ഷിജിനുണ്ട്. ആ ബോധ്യത്തിലാണ് ഷിജിന്റെ ബിഗ് ബോസ് വീട്ടിലെ മുന്നോട്ടുപോക്കും.
മുൻ സീസണുകളിൽ പലരും പയറ്റിയിട്ടുള്ള പല സ്ട്രാറ്റജികളുടെയും മിക്സ് ആണ് പലപ്പോഴും ഷിജിന്റെ ഗെയിം. ഇടക്കൊക്കെ അയാൾക്കതിൽ വിജയിക്കാനാവുന്നുണ്ട് എങ്കിലും പലപ്പോഴും കൈവിട്ട് പോകുന്നുമുണ്ട്. അഗ്നിപരീക്ഷയിൽനിന്ന് ആദ്യ ദിവസം തന്നെ വീട്ടിലേക്ക് കയറിയത് നാല് പേരായിരുന്നു. ഷിജിൻ, എൽദോ, രാകേഷ്, ലോലീറ്റ. ഇതിൽ ഷിജിൻ ഒഴികെ ബാക്കി മൂന്നുപേരും ഏറെക്കുറെ ഒരു ടീമായാണ് ആദ്യ ദിവസം മുതൽ കളിക്കുന്നത്. ഷിജിനാകട്ടെ ഒന്നാം ദിവസം തന്നെ വളരെ കൃത്യമായി ഇവരിൽനിന്ന് വിട്ടുനിൽക്കുകയും താനാ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് വീടിനകത്തും പുറത്തുമുള്ളവർക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. ആ ഗ്രൂപ്പ് എന്നല്ല, വീട്ടിലെ ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാൻ ഷിജിൻ ഇതുവരെ ശ്രമിച്ചിട്ടില്ല. എന്നുമാത്രമല്ല, താൻ ഒറ്റക്കാണ് ഗെയിം കളിക്കുന്നത് എന്ന പ്രതീതി ഉണ്ടാക്കാനും ഷിജിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഒരുതരം ഒറ്റപ്പെടൽ സ്ട്രാറ്റജിയും ഷിജിൻ പുറത്തെടുത്തിട്ടുണ്ട്. വീട്ടിൽ മറ്റുള്ളവരെല്ലാം തനിക്ക് എതിരാണെന്നും തന്നെ വിലകുറച്ച് കാണുന്നവരാണ് എന്നുമുള്ള വാദം ഷിജിൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുറെയൊക്കെ അത് സ്ഥാപിക്കാനും അയാൾക്ക് ആയിട്ടുണ്ട്.
വീട്ടിൽ ഷിജിന് കുറച്ച് അടുപ്പമുള്ളതായി തോന്നുന്നത് കൊമ്പനോടാണ്. തന്നെപ്പോലെ ഒരാളായി ഷിജിൻ കൊമ്പനെ കാണുന്നുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഐശ്വര്യയിൽനിന്ന് മാറി കൊമ്പൻ ഒറ്റക്ക് ഗെയിം കളിക്കണമെന്ന് ആഗ്രഹവും ഷിജിനുണ്ട്. തന്നാൽ കഴിയുമ്പോൾ ഷിജിൻ ഇത് കൊമ്പന് മനസിലാക്കി കൊടുക്കാൻ ശ്രമിക്കാറുമുണ്ട്.
എല്ലാവരും വലത്തേക്ക് നടന്നാൽ തനിക്ക് ഇടത്തേക്ക് നടക്കണമെന്ന നിർബന്ധമാണ് ഷിജിന്റെ മറ്റൊരു പ്രത്യേകത. ബിഗ് ബോസ് വീട്ടിലെ 'വ്യത്യസ്തൻ' എന്ന ലേബൽ മറ്റാർക്കും വിട്ടുകൊടുക്കില്ല എന്ന വാശിയോടെയാണ് ഷിജിൻ പലപ്പോഴും തീരുമാനങ്ങൾ എടുക്കുന്നത്. ഓരോ ടാസ്കിലും അത് വളരെ വ്യക്തവുമാണ്. തന്റെ ഗെയ്മിലും ആക്റ്റിലും എല്ലാം ഈ വ്യത്യസ്തത ഉണ്ടാകണമെന്ന് ഷിജിന് നിർബന്ധവുമുണ്ട്. ഇക്കഴിഞ്ഞ വീക്കിലി ടാസ്കിൽ അടക്കമുള്ള ഷിജിന്റെ പ്രവർത്തികൾ തന്നെ അതിന് ഉദാഹരണം.
എന്നാൽ വീണ്ടുവിചാരമില്ലാത്ത പ്രവർത്തികളാണ് പലപ്പോഴും ഷിജിന് തിരിച്ചടിയാകുന്നത്. മിക്കപ്പോഴും ഒറ്റബുദ്ധിയിലുള്ള പെരുമാറ്റമാണ് ഷിജിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. താൻ ചെയ്യാൻ പോകുന്ന ആക്റ്റിനെ കുറിച്ചോ അതിന്റെ വരുംവരായ്കയെ കുറിച്ചോ ചിന്തിക്കാൻ പലപ്പോഴും അയാൾക്ക് കഴിയുന്നില്ല. മോഹൻലാൽ നൽകിയ ബെസ്റ്റ് പെർഫോമർക്കുള്ള ബർഗർ നിരസിച്ചതും വീടിനകത്തേക്ക് കടക്കാൻ പ്രോപ്പർട്ടി നശിപ്പിച്ചതുമടക്കം ഇത്തരത്തിലെ ഒറ്റബുദ്ധിയിലെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ലോലീറ്റയുടെ മാനിപുലേഷന്റെ കൂടി ഭാഗമായാണ് വീടിനകത്തേക്ക് കയറാനുള്ള തീരുമാനം ഷിജിൻ എടുത്തത്. എന്നാൽ ലോലീറ്റ തന്നെ കരുവാക്കുകയാണെന്ന് തിരിച്ചറിയാനോ അതിനെ കുറച്ചുകൂടി നന്നായി എക്സിക്യൂട്ട് ചെയ്യാനോ ഷിജിന് കഴിയാതെ പോയി.
വീട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാനും ഫോക്കസ് തന്നിലേക്ക് തിരിക്കാനും ഷിജിൻ പലപ്പോഴും ശ്രമിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇത് വർക്ക്ഔട്ട് ആകാറുമുണ്ട്. എന്നാൽ ഷിജിൻ കൂടുതൽ ഫോക്കസ് ചെയ്യാറുള്ളതും എതിർഭാഗത്ത് നിർത്താൻ ശ്രമിക്കാറുള്ളതും പ്രധാനമായും അഗ്നിപരീക്ഷ മത്സരാർത്ഥികളെയാണ്. അവരാണ് തന്റെ നേരിട്ടുള്ള എതിരാളികൾ എന്ന ബോധ്യം ഷിജിന് എപ്പോഴുമുള്ളതായി തോന്നാറുണ്ട്. എല്ലാ പ്രശ്നങ്ങളും ഇടപെടുന്നു എന്ന് പറയുമ്പോൾപ്പോലും പ്രശ്നങ്ങളിൽനിന്ന് മുതലെടുക്കാനുള്ള പ്രവണത ഷിജിന് താരതമ്യേന കുറവാണെന്നും തോന്നിയിട്ടുണ്ട്. താഷി, ഗൗതം വിഷയത്തിൽ എരിതീയിൽ എണ്ണയൊഴിക്കാൻ പലരും ശ്രമിച്ചപ്പോഴും ഷിജിൻ അങ്ങനെ ചെയ്യുന്നതായി തോന്നിയിട്ടില്ല.
സംസാരത്തിലെ ക്ലാരിറ്റി കുറവാണ് ഷിജിന്റെ പ്രധാന പോരായ്മ. തന്റെ ഭാഗത്ത് ന്യായമുള്ള വിഷയങ്ങൾ പോലും നന്നായി സംസാരിച്ച് ഫലിപ്പിക്കാൻ ഷിജിന് കഴിയാറില്ല. ഉദാഹരണത്തിന് കഴിഞ്ഞ വീക്കിലി ടാസ്കിൽ വീടിനുള്ളിലേക്ക് താൻ കയറിയത് ലോലീറ്റയുടെ കൂടി പ്രേരണ കൊണ്ടാണെന്ന വസ്തുത പറയാനോ ലോലീറ്റയുടെ പല വിഷയത്തിലെയും ഇരട്ടത്താപ്പ് പൊളിക്കാനോ ഷിജിന് കഴിഞ്ഞിരുന്നില്ല. അക്കാര്യം ഷിജിൻ വ്യക്തമായി പറഞ്ഞിരുന്നു എങ്കിൽ ലോലീറ്റ വീടിനുള്ളിൽ എക്പോസ് ചെയ്യപ്പെട്ടേനെ. പക്ഷെ അത്തരത്തിൽ ആളുകളെ എക്പോസ് ആക്കാനോ സംസാരത്തിലൂടെ ആളുകളുടെ കള്ളത്തരങ്ങളും ഇരട്ടത്താപ്പും പൊളിക്കാനോ ഷിജിന് കഴിഞ്ഞിട്ടില്ല.
ഇതിനോടകം ഒരു ഫാൻ ബേസ് ഉണ്ടാക്കാൻ സാധിച്ചിട്ടുള്ള ചുരുക്കം മത്സരാർത്ഥികളിൽ ഒരാളുമാണ് ഷിജിൻ. ജെനുവിനായ വ്യക്തി എന്നതാണ് പ്രേക്ഷകർക്ക് ഷിജിനോട് കണക്ഷൻ ഉണ്ടാകാനുള്ള പ്രധാന കാരണം. എന്നാൽ മുൻപിൻ നോക്കാതെയുള്ള ഈ എടുത്തുചാട്ടം അൽപ്പമെങ്കിലും നിയന്ത്രിക്കാൻ അയാൾക്കായില്ലെങ്കിൽ ഷിജിന്റെ മുന്നോട്ടുള്ള ഗെയ്മിനെ പോലും അത് ബാധിച്ചേക്കും. അത്തരം കാര്യങ്ങളിൽ ഒരു നിയന്ത്രണം വരുത്താനും കൂടുതൽ ഫോക്കസ്ഡ് ആയി ഗെയിം കളിക്കാനും സാധിച്ചാൽ ഒരുപക്ഷെ ഷിജിൻ 100 ദിവസങ്ങൾ മുന്നോട്ടുപോകാൻ പോലും സാധ്യതയുണ്ട്.



