സീസണ്‍ അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രം

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം. മറ്റു സീസണുകളെ അപേക്ഷിച്ച് തുടക്കം മുതല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളുമൊക്കെ സംഭവിച്ച സീസണായിരുന്നു ഇത്തവണത്തേത്. എപ്പോഴും പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ പങ്കുവെക്കാറുള്ള ചില മത്സരാര്‍ഥികളും ഉണ്ടായിരുന്നു. പുറത്തുപോയ ഡോ. റോബിനും ജാസ്‍മിനും ആയിരുന്നു അതില്‍ ഒരു ജോഡി. നിലവില്‍ ഹൌസിലുള്ളവരില്‍ റിയാസും ലക്ഷ്‍മിപ്രിയയും അത്തരത്തിലുള്ള മത്സരാര്‍ഥികളാണ്. 

സ്ത്രീപക്ഷവാദത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളെന്ന് സ്വയം പരിചയപ്പെടുത്തിയിട്ടുള്ള റിയാസ് ലക്ഷ്മി‍പ്രിയയുടെ നിലപാടുകള്‍ പലപ്പോഴും സ്ത്രീവിരുദ്ധമാണെന്ന് പറയുകയും അത് സമര്‍ഥിക്കാന്‍ ശ്രമിക്കുകയും ചെയ്‍തിരുന്നു. ഇരുവര്‍ക്കുമിടയില്‍ പലപ്പോഴും രൂപപ്പെട്ട മൂര്‍ച്ഛയേറിയ വാദപ്രതിവാദങ്ങള്‍ക്ക് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരും സാക്ഷികളാണ്. എന്നാല്‍ അത്തരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനുള്ള ഒരു അവസരം ഇന്ന് മോഹന്‍ലാല്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കി. 

ALSO READ : 27 വര്‍ഷങ്ങള്‍ക്കു ശേഷം 'ഹൈവേ'യ്ക്ക് രണ്ടാംഭാഗം; സുരേഷ് ഗോപിക്കൊപ്പം ജയരാജ്

ത്രികോണ പ്രണയത്തിന്‍റെ കാര്യം പറഞ്ഞ് വിഷമിപ്പിച്ചതിന് കഴിഞ്ഞ ദിവസം റിയാസ് ദില്‍ഷയോട് ക്ഷമ ചോദിച്ചത് ഈ സീസണിലെ മനോഹരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു. ഇക്കാര്യം എടുത്തുപറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ മറ്റു മത്സരാര്‍ഥികള്‍ക്കും അത്തരത്തില്‍ ആരോടെങ്കിലും ക്ഷമ ചോദിക്കാനുണ്ടെങ്കില്‍ അത് ആവാമെന്ന് പറഞ്ഞത്. തന്നോടുള്ള ചോദ്യത്തിന് ലക്ഷ്മിപ്രിയ റിയാസിന്‍റെ പേരാണ് പറഞ്ഞത്. റിയാസിന്‍റെ സംസാരശൈലിയെ ലക്ഷ്മി മുന്‍പ് പരിഹസിച്ചിരുന്നു. ചിലര്‍ക്ക് ജന്മനാ ഉള്ള തകരാറ് ആണെന്നും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മോശമായൊന്നും ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും സ്റ്റൈലൈസ്ഡ് ആയി സംസാരിക്കുന്ന ആളാണ് റിയാസ് എന്നും അതിനെയാണ് കളിയാക്കിയതെന്നും ലക്ഷ്മി പറഞ്ഞു. ഏതെങ്കിലും തരത്തില്‍ മനസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും ലക്ഷ്മി പറഞ്ഞു. ഒരു മകനോടുള്ള വാത്സല്യമാണ് റിയാസിനോട് തനിക്ക് തോന്നിയിട്ടുള്ളത് എന്നും. ഇരുവരും കണ്ണീരണിഞ്ഞ് ആശ്ലേഷിച്ച കാഴ്ച മറ്റു മത്സരാര്‍ഥികള്‍ക്കും മറക്കാനാവാത്ത ഒന്നായി മാറി.