ബിഗ് ബോസില്‍ നിന്ന് പുറത്തായ കലാഭവൻ സരിഗയുടെ ആദ്യ പ്രതികരണം.

ബിഗ് ബോസില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പടിയിറങ്ങിയിരിക്കുന്നു. കലാഭവൻ സരിഗയാണ് ഇന്ന് പുറത്തുപോയത്. വലിയ ഒച്ചയും ബഹളവുമൊന്നും ഇല്ലെങ്കിലും തന്റേതായിട്ട് കുറേ കാര്യങ്ങളില്‍ ഇടപെടാൻ സാധിച്ചുവെന്നാണ് ബിഗ് ബോസ് വീട്ടില്‍ നിന്നിറങ്ങിയ ശേഷം കലാഭവൻ സരിഗ മോഹൻലാലിനോട് പ്രതികരിച്ചത്. എങ്ങനെ പെരുമാറണം, എങ്ങനെ പെരുമാറരുത് എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാൻ പറ്റിയിട്ടുണ്ട് എന്നും കലാഭവൻ സരിഗ പറഞ്ഞു.

കലാഭവൻ സരിഗയുടെ വാക്കുകള്‍

ഞാൻ ഭയങ്കര ഹാപ്പിയാണ്. ഞാൻ ഇങ്ങോട്ട് വരുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ടായിരുന്നു സരിഗയെ കൊണ്ട് പറ്റില്ല എന്ന്. അല്ലെങ്കില്‍ പോകരുത് എന്ന് പറഞ്ഞിട്ട് കുറേപ്പേര്‍ പേടിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാല്‍ ഒരു പ്രാവശ്യമെങ്കിലും ബിഗ് ബോസിലേക്ക് ഒരു എൻട്രി കിട്ടുകയാണെങ്കില്‍ എല്ലാവരും അവിടെ വരണം എന്നാണ്. എന്റെ പെര്‍ഫോമൻസില്‍ ഒരുപാട് വീഴ്ചകള്‍ വന്നിട്ടുണ്ടാകും. ഇത്രയും ദിവസം കൊണ്ട് എനിക്ക് തോന്നുന്നു, കലാഭവൻ സരിഗ എന്ന് പറയുമ്പോള്‍ 10 ശതമാനം ആള്‍ക്കാരാണ് നേരത്തെ അറിയുന്നതെങ്കില്‍, ഇപ്പോള്‍ എന്തായാലും ഒരു 20 ശതമാനം ആള്‍ക്കാരെങ്കിലും അറിയുന്നുണ്ടാകും. അത് നല്ലതാണെങ്കിലും മോശമായിട്ടുണ്ടെങ്കിലും കൂടിയിട്ടുണ്ടാകും. ഞാൻ ഭയങ്കരമായി എല്ലാ കാര്യത്തിലും ഇടപെടുന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷേ ഇവിടെ വന്നപ്പോള്‍ വലിയ ഒച്ചയും ബഹളവുമൊന്നും ഇല്ലെങ്കിലും എന്റേതായിട്ട് കുറേ കാര്യങ്ങളില്‍ ഇടപെടാൻ സാധിച്ചു. എങ്ങനെ പെരുമാറണം, എങ്ങനെ പെരുമാറരുത് എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാൻ പറ്റിയിട്ടുണ്ട്.

ആരാണ് കലാഭവൻ സരിഗ?

കൊച്ചിൻ കലാഭവന്റെ മിമിക്രി താരം എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയ കലാഭവൻ സരിഗ സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത വ്യക്തിയാണ്. കോമഡി കൈകാര്യം ചെയ്തും അഭിനയിച്ചും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് അവർ സുപരിചിതയാണ്. മിമിക്രിയ്ക്ക് പുറമെ ടെലിവിഷനിലെ അറിയപ്പെടുന്ന മുഖമായതോടെയാണ് സരിഗയ്ക്ക് കൂടുതൽ ജനപ്രീതി ലഭിക്കുന്നത്.

സരിഗയുടെ കൊയിലാണ്ടി ഭാഷയും കോമഡി ടൈമിങ്ങും വോയ്സ് മോഡുലേഷനും അവരെ സ്റ്റേജ് ഷോകളിൽ തന്നെ വ്യത്യസ്തയാക്കി. കോമഡിക്ക് പുറമെ ഇമോഷണൽ റോളുകളും തനിക്ക് വഴങ്ങുമെന്ന് ടെലിവിഷൻ സീരിയലുകളിലൂടെയാണ് സരിഗ തെളിയിച്ചത്. നാടൻ പാട്ടുപാടി സ്റ്റേജിൽ ആവേശം തീർക്കുന്ന സരികയെയും പ്രേക്ഷകർ കണ്ടിട്ടുണ്ട്. സെലിബ്രിറ്റി കിച്ചൺ മാജിക് എന്ന ഷോയിലൂടെ കുടുംബത്തെ കൂടി പരിചയപ്പെടുത്തിയതോടെ സരിഗ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സ്വന്തം ആളായി.

കലാഭവൻ്റെ തന്നെ കലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ചുലഞ്ഞ് നിൽക്കുന്ന സരിഗയെയും പ്രേക്ഷകർ കണ്ടു. കരിയറിനന്റെ തുടക്കകാലത്ത് തനിക്ക് എല്ലാവിധ മാനസിക പിന്തുണയും നൽകിയത് സുബിയാണെന്ന് പറഞ്ഞ സരിഗ, സുബി അവർക്ക് പ്രചോദനവും റോൾമോഡലും ആയിരുന്നുവെന്നും പറഞ്ഞിരുന്നു.

മിമിക്രി കലാകാരന്മാരുടെ സ്റ്റേജ് മുതൽ മെയിൻസ്ട്രീം ടെലിവിഷൻ വരെയുള്ള പരിണാമവും വളർച്ചയും അടയാളപ്പെടുത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് സരിഗ. മൂന്നു വയസു മുതൽ പാട്ടും നൃത്തവും പഠിച്ചു തുടങ്ങിയ സരികയെ പുളിയഞ്ചേരി യുപി സ്കൂൾ ആണ് ഒരു കലാകാരിയാക്കിയതെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. നാട്ടിലും സ്കൂളിലും ചെറിയ പരിപാടികൾ അവതരിപ്പിച്ചാണ് തുടക്കം. കേരള സ്കൂൾ സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം കൂടി നേടിയതോടെ സരിഗ നാടിനു തന്നെ അഭിമാനമായി. ആൺകുട്ടികൾ കുത്തകയാക്കി വച്ചിരുന്ന ഒരു കലാ മേഖലയിൽ സരിഗയുണ്ടാക്കിയ നേട്ടം തന്നെയാണ് അവരെ ശ്രദ്ധേയയാക്കിയത്. ശേഷം കലാഭവനിൽ എത്തിയതോടെ സ്റ്റേജ് ഷോകളിൽ തിളങ്ങി.

സിനിമാല, വരൻ ഡോക്ടറാണ്, ഭാര്യമാർ സൂക്ഷിക്കുക, ലൗഡ് സ്പീക്കർ തുടങ്ങിയ ടെലിവിഷൻ പ്രോഗ്രാമുകളും സീരിയലുകളും സരിഗയെ പ്രേക്ഷകന് പ്രിയങ്കരിയാക്കി. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക