നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബിഗ് ബോസില്‍ നിന്ന് ഒരാള്‍ കൂടി പുറത്തായി.
ബിഗ് ബോസില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പടിയിറങ്ങിയിരിക്കുന്നു. ഞായറാഴ്ചത്തെ എവിക്ഷനില്‍ ശാരികയാണ് പുറത്തായത്. അത്യന്തം നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ ആയിരുന്നു എവിക്ഷൻ പ്രഖ്യാപിച്ചത്. ഇന്നലെ കലാഭവൻ സരിഗയും പുറത്തായിരുന്നു. വളരെ അപൂര്‍വമായിട്ടാണ് ശനിയും ഞായറും എവിക്ഷൻ ഉണ്ടാകാറുള്ളത്. സീസണ്‍ ഏഴില്‍ ഇങ്ങനെ ആദ്യമായിട്ടാണ് എവിക്ഷൻ നടക്കുന്നുതെന്ന് പ്രത്യേകതയുമുണ്ട്. ശക്തമായ നിലപാടുകളുമായി കളംനിറഞ്ഞ ശാരികയ്‍ക്ക് പുറത്തുപോകേണ്ടി വന്നത് മറ്റ് മത്സരാര്‍ഥികള്‍ക്ക് ഷോക്കിംഗ് ആയിരുന്നുവെന്ന് അവരുടെ ശരീര ഭാഷയില്‍ നിന്നും വ്യക്തം. മുൻഷി രഞ്‍ജിത്, ആര്‍ജെ ബിൻസി എന്നിവരാണ് ഇതിനകം ബിഗ് ബോസില്‍ പുറത്തുപോയ മത്സാര്‍ഥികള്‍. ഇത്തവണ ബിഗ് ബോസ് ഷോ മലയാളം സീസണ്‍ ഏഴ് തുടങ്ങിയത് 19 മത്സരാര്‍ഥികളുമായിട്ടായിരുന്നു.
ആരാണ് ശാരിക കെ ബി
യുട്യൂബ് അവതാരകയാണ് ശാരിക കെ ബി. 'ഹോട് സീറ്റ്' എന്ന ഷോയിലൂടെ മൂർച്ചയേറിയ ചോദ്യങ്ങളുമായി അതിഥികളെ നേരിടുന്ന ശാരികയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് വ്യക്തതയോടെ അവതരിപ്പിക്കാനും, ആവശ്യാനുസരണം ഇടപെടാനുമൊക്കെയുള്ള ശാരികയുടെ കഴിവിനെ പ്രശംസിക്കുന്നവരും ധാരാളമാണ്.
പ്രോഗ്രാമിന്റെ പേര് പോലെ തന്നെ അതിഥികൾക്ക് എപ്പോഴും ശാരികയുടെ അഭിമുഖം 'ഹോട് സീറ്റ്' തന്നെയാണ്. ധീരവും വിമർശനാത്മകവുമായ ചോദ്യങ്ങൾ തന്നെയാണ് അതിന് കാരണവും. അവതാരകയ്ക്ക് പുറമെ വ്ളോഗർ കൂടിയായ ശാരിക, മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടുന്നത് രേണു സുധിയുമായി നടത്തിയ അഭിമുഖമാണ്. രേണുവിനോട് ചോദിച്ച ചോദ്യങ്ങളും പിന്നാലെ ഇരുവർക്കും ഇടയിൽ നടന്ന വൻ തർക്കങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ബിഗ് ബോസിലും ശാരിക തമാശയെന്നോണം തന്റെ ഹോട്ട് സീറ്റ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു.
ശക്തമായ നിലപാടുകളും മറയില്ലാത്ത ചോദ്യങ്ങളും ചോദിക്കുന്ന ശാരികയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. പലപ്പോഴും ഫെമിനിസ്റ്റ് എന്ന പട്ടം ചർത്തി കിട്ടാറുള്ള ശാരിക, താൻ കുലീനയായ സ്ത്രീയിൽ നിന്നും ബോൾഡായ പക്വതയുള്ള സ്ത്രീയായി മാറിയത് ജീവിതം പല സാഹചര്യങ്ങളിലൂടെയും തന്നെ കൊണ്ടുപോയപ്പോഴാണെന്ന് അടുത്തിടെ പറഞ്ഞിരുന്നു.
ശാരികയ്ക്ക് മുൻ ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നിരുന്നത് മോശം അനുഭവങ്ങളായിരുന്നു. 28-ാമത്തെ വയസിലായിരുന്നു ഇവരുടെ വിവാഹം. എംബിഎക്കാരനായ ആലപ്പുഴ സ്വദേശിയായിരുന്നു ഭർത്താവ്. പുതിയ ജീവിതത്തിൽ അതുവരെ കണ്ട് പരിചയിച്ച കാര്യങ്ങളായിരുന്നില്ല ശാരികയ്ക്ക് നേരിടേണ്ടി വന്നത്. ഭക്ഷണത്തിന്റെ പേരിൽ അടക്കം അമ്മായിയമ്മയിൽ നിന്നും അവർക്ക് വേർതിരിവ് നേരിടേണ്ടി വന്നു. സഹിച്ച് സഹിച്ച് ഒടുവിൽ ഭർത്താവിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കേണ്ടിയും വന്നു ശാരികയ്ക്ക്. പത്ത് വർഷത്തോളം നീണ്ടുനിന്ന കൊടിയ വേദനകൾക്ക് ഒടുവിൽ ശാരിക ആ ബന്ധവും വേർപെടുത്തി.
