ബിഗ് ബോസില്‍ ഇന്ന് രസകരമായ സംഭവങ്ങളും സങ്കടപ്പെടുത്തുന്ന പുറത്താകലും ഉണ്ടായി (Bigg Boss Episode 57 Highlights).

ബിഗ് ബോസിലെ നിര്‍ണായകമായ ദിവസങ്ങളാണ് ശനിയും ഞായറും. മോഹൻലാല്‍ വരുന്ന ദിവസങ്ങളായ ശനിയും ഞായറുമാണ് ആ ആഴ്‍ചത്തെ പ്രേക്ഷക വിധി പ്രഖ്യാപിക്കുന്നത്. ഇന്നും ഒരാള്‍ പുറത്തായി. രസകരമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്നത്തെ എലിമിനേഷൻ പ്രഖ്യാപിച്ചത്.

ക്യാപ്റ്റൻ അഖില്‍ എങ്ങനെയുണ്ട്?

മോഹൻലാല്‍ ഇന്നത്തെ എപ്പിസോഡില്‍ തുടക്കത്തില്‍ ആരാഞ്ഞത് അഖിലിന്റെ ക്യാപ്റ്റൻസിയെ കുറിച്ചായിരുന്നു. പൊതുവേ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. തന്നെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത ടാസ്‍കില്‍ വാക് തര്‍ക്കമുണ്ടായപ്പോള്‍ അഖില്‍ ഇടപെട്ടായിരുന്നു വിധി നിര്‍ണയം സുഗമമാക്കിയത് എന്ന് ബ്ലസ്‍ലി പറഞ്ഞു. ആദ്യത്തെ ദിവസങ്ങളില്‍ കുറച്ച് ആക്റ്റീവല്ലാതെ തോന്നിയെങ്കിലും പിന്നീട് ഗംഭീരമായി അഖിലെന്ന ക്യാപ്റ്റനെന്ന് വിനയ്‍യും അഭിപ്രായപ്പെട്ടു. 

Read More : റിയാസ് അപകടകാരിയെന്ന് റോബിൻ, റോണ്‍സണെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ലക്ഷ്‍മി പ്രിയ

ബിഗ് ബോസില്‍ രസകരമായ ഒരു ഗെയിമും ഇന്ന് നടന്നു. പല വിഷയങ്ങള്‍ എഴുതിയ ഓരോ നെയിംബോര്‍ഡ് അതിനു യോജിക്കുന്ന ആളുടെ ദേഹത്ത് വയ്‍ക്കുന്നതായിരുന്നു ഗെയിം. നിര്‍ദോഷമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നതെങ്കിലും ഓരോരുത്തരം തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ക്കായി നെയിം ബോര്‍ഡ് സമര്‍ഥമായി ഉപയോഗിച്ചു. എങ്കിലും വലിയ തര്‍ക്കങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്നു ഗെയിം കഴിഞ്ഞത്.

ഗഫൂര്‍ക്കാ ദോസ്‍ത് 

ഇത്തവണ വളരെ രസകരമായ ഒരു ഗെയിമിലൂടെയായിരുന്നു മത്സരാര്‍ഥികളെ പ്രേക്ഷക വിധി അറിയിച്ചത്. ട്രഷര്‍ ഹണ്ട് പോലെ. ലക്ഷ്‍മി പ്രിയയോടും വിനയ്‍യോടുമാണ് ആദ്യം ഗെയിമില്‍ പങ്കെടുക്കാൻ പറഞ്ഞത്. ആരോടെങ്കിലും ഗഫൂര്‍ക്ക ദോസ്‍ത് എന്ന് പറഞ്ഞാല്‍ മതി എന്ന സൂചനയായിരുന്നു വിനയ്‍യ്ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും ആദ്യം കിട്ടിയത്. അത് നോക്കി സ്വിമ്മിംഗ് പൂളിലെത്തിയ ഇരുവര്‍ക്കും അടുത്ത സൂചന കിട്ടി. എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ ഇല്ല അല്ലേ എന്നായിരുന്നു സൂചന. 

ജയിലില്‍ എത്തിയ ഇരുവര്‍ക്കും കിട്ടിയ അടുത്ത സൂചന റണ്‍ ബേബി റണ്‍ എന്നായിരിന്നു. ത്രഡ് മില്ലില്‍ എത്തിയ ഇരുവര്‍ക്കും അടുത്ത സൂചന കിട്ടി. സൂചനയായി ലേലു അല്ലു എന്നായിരുന്നു എഴുതിയിരുന്നത്. മരത്തിന്റെ ചുവട്ടില്‍ വച്ചിരുന്ന കവര്‍ തുറന്നപ്പോള്‍ ഇരുവരും സേവ്‍ഡ് എന്ന് എഴുതിയ കാര്‍ഡ് കിട്ടുകയും ചെയ്‍തു.

എടീയല്ല എടാ

റോബിനും ധന്യക്കും ആയിരുന്നു അടുത്ത ഊഴം. എടീയല്ല എടാ ആണ് എന്നായിരുന്നു ആദ്യത്തെ സൂചന. ബാത്ത് റൂം ആണ് അതെന്ന് അവര്‍ക്ക് മനസിലായി. ചെയ്‍ത പാപങ്ങള്‍ക്കല്ലേ കുമ്പസാരിക്കാൻ പറ്റൂവെന്ന അടുത്ത സൂചന കിട്ടി. കണ്‍ഫെഷൻ റൂമില്‍ ചെന്നപ്പോള്‍ അടുത്ത സൂചന കത്തിച്ച് കളയും പച്ചയ്‍ക്ക് എന്നായിരുന്നു. അടുപ്പിന് അടുത്ത് ചെന്നപ്പോള്‍ റോബിനും ധന്യക്കും ഉത്തരം കിട്ടി. ഇരുവരും സേവായി.

അപര്‍ണ പുറത്ത്

എവിക്ഷൻ പട്ടികയില്‍ ഇനി ബാക്കിയുള്ളത് അപര്‍ണയും ദില്‍ഷയും. ഇരുവര്‍ക്കും ഒരു കാര്‍ഡ് നല്‍കി അത് ഉരച്ചുനോക്കാൻ പറഞ്ഞു. ദില്‍ഷയുടെ കാര്‍ഡില്‍ സേവ്‍ഡ് എന്നും അപര്‍ണയുടേതില്‍ എലിമിനേറ്റഡ് എന്നുമായിരുന്നു എഴുതിയത്. അങ്ങനെ അപര്‍ണ മള്‍ബറിയും ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായി.

അപര്‍ണയ്‍ക്ക് പറയാനുള്ളത്

അപര്‍ണ ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്റെ ചെടികളെ സുഹൃത്തുക്കളെ നോക്കാൻ ഏല്‍പ്പിച്ചു. മിസിസ് മന്യ താൻ പേരിട്ട ചെടിയെ ദില്‍ഷയെ ഏല്‍പ്പിച്ചു. നരസിംഹമെന്ന ചെടി വിനയ്‍യെയും.

ഗുഡ് പേഴ്‍സണ്‍ ആയാല്‍ മാത്രം പോര എന്റര്‍ടെയ്‍നറുമാകണം ബിഗ് ബോസില്‍ നില്‍ക്കാൻ എന്ന് അപര്‍ണ മോഹൻലാലിനോട് സംസാരിക്കവേ പറഞ്ഞു. ഇത്രയും ദിവസം നില്‍ക്കാൻ കഴിയും എന്ന് വിചാരിച്ചില്ലെന്നും അപര്‍ണ പറഞ്ഞു. എല്ലാവര്‍ക്കും കഴിവുണ്ട്. സ്വയം സംശയം തോന്നരുത് എന്ന് മത്സരാര്‍ഥികളോടായി അപര്‍ണ പറഞ്ഞു. നിങ്ങളുടെ ഉള്ളിലുള്ള പ്രകാശം ലോകം മുഴുവൻ കാണട്ടെയെന്നും അപര്‍ണ പറഞ്ഞു.