മത്സരാര്‍ഥികള്‍ ഒരു മിനിറ്റിനുള്ളിൽ വീടിന് പുറത്തുപോയി പണവുമായി തിരിച്ചെത്തണം. പരാജയപ്പെട്ടാൽ ഷോയിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കപ്പെടും
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി ഒരാഴ്ചയും ഏതാനും ദിവസങ്ങളും മാത്രം. ഫിനാലെ വീക്കിന് തൊട്ടുമുന്‍പുള്ള ഈ ആഴ്ച മത്സരാര്‍ഥികളും പ്രേക്ഷകരും ഏറെ കൗതുകത്തോടെ കാത്തിരുന്ന മണി വീക്ക് ആണ് ബിഗ് ബോസ് നടത്തുന്നത്. എന്നാല്‍ വലിയ തുകയുള്ള മണി ബോക്സ് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നതിന് പകരം പല ടാസ്കുകളായാണ് ബിഗ് ബോസ് ഇത്തവണ അത് നടത്തിയത്. ബിഗ് ബാങ്ക് വീക്ക് എന്നാണ് ഈ ടാസ്കുകള്‍ ഉള്‍പ്പെട്ട ആഴ്ചയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും വലിയ സമ്മാനത്തുക ലക്ഷയുദ്ധം എന്ന് പേരിട്ടിരുന്ന, ഇന്നലെ നടന്ന ടാസ്കില്‍ ആയിരുന്നു. ഇതില്‍ ഒന്നാമതെത്തിയ നൂറയ്ക്ക് മൂന്നര ലക്ഷം രൂപയാണ് ലഭിച്ചത്. എന്നാല്‍ അതിനേക്കാള്‍ വലിയ സമ്മാനത്തുകയുള്ള എന്നാല്‍ ഏറെ റിസ്കി ആയ ഒരു ടാസ്ക് കൂടി മണി വീക്കില്‍ ഉണ്ട് എന്നതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്.
പ്രധാന വാതിലിലൂടെ പുറത്തിറങ്ങി പുറത്ത് ഒളിപ്പിച്ചിരിക്കുന്ന പണം കണ്ടെത്തുകയാണ് മത്സരാര്‍ഥികള്‍ ചെയ്യേണ്ടത്. എന്നാല്‍ ഒരു മിനിറ്റ് സമയം മാത്രമാണ് ഇതിനായി ലഭിക്കുക. ഈ സമയത്തിനുള്ളില്‍ തിരികെ എത്തിയില്ലെങ്കില്‍ ഹൗസില്‍ കയറാനാവില്ല. ടാസ്കിനെക്കുറിച്ച് ബിഗ് ബോസിന്‍റെ അനൗണ്‍സ്‍മെന്‍റ് ഇങ്ങനെ- “ഇനി ബിഗ് ബാങ്ക് വീക്കിലെ ഏറ്റവുമധികം സമ്മാനത്തുകയുള്ള ടാസ്ക്. മത്സരിക്കുന്നവര്‍ പ്രധാന വാതിലിലൂടെ പുറത്തുപോയി ഒരേയൊരു മിനിറ്റിനുള്ളില്‍ പണവുമായി തിരികെയെത്തണം. എത്തിയില്ലെങ്കില്‍ പണവും നഷ്ടപ്പെടും. ഈ ബിഗ് ബോസ് വീട്ടില്‍ നിന്നും എന്നെന്നേക്കുമായി പുറത്താക്കപ്പെടുകയും ചെയ്യും”, പ്രൊമോയില്‍ ബിഗ് ബോസ് അറിയിക്കുന്നുണ്ട്.
എല്ലാവരോടും യാത്ര പറഞ്ഞ് ഈ ടാസ്കില്‍ പങ്കെടുക്കാനായി ഹൗസിന് പുറത്തേക്ക് ഓടി ഇറങ്ങുന്ന അക്ബര്‍, ആദില, അനു എന്നിവരെ പ്രൊമോയില്‍ കാണാം. ഹൗസിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാറില്‍ കയറി പണപ്പെട്ടി അൻ്വേഷിക്കുന്ന മത്സരാര്‍ഥികളെ വീഡിയോയില്‍ കാണാം. എന്നാല്‍ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളില്‍ ടാസ്ക് മുഴുമിച്ച് തിരികെയെത്താന്‍ മത്സരാര്‍ഥികള്‍ക്ക് സാധിക്കുമോ എന്ന സസ്പെന്‍സ് ബാക്കിവച്ചുകൊണ്ടാണ് പ്രൊമോ അവസാനിക്കുന്നത്. പുറത്തേക്ക് പോയവരോട് വേഗം തിരിച്ചെത്താന്‍ പറയുന്ന നൂറയെയും പ്രൊമോയില്‍ കാണാം. അതേസമയം ഇന്നത്തെ എപ്പിസോഡ് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.



