ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ശാരീരികമായ വൈഷമ്യങ്ങളെ മറികടന്നുള്ള ഡിംപലിന്‍റെ ബിഗ് ബോസിലെ സാന്നിധ്യം നിരവധി ആരാധകരെയും നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി തന്നെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ചുള്ള അസംതൃപ്‍തി സുഹൃത്തുക്കളോട് വിവരിക്കുകയാണ് ഡിംപല്‍. തന്നെ ബിഗ് ബോസിലേക്ക് എടുക്കാന്‍ കാരണം സിംപതിയാണെന്ന് ഭാഗ്യലക്ഷ്‍മി മണിക്കുട്ടനോട് പറഞ്ഞുവെന്നാണ് ഡിംപലും മജിസിയ ഭാനുവും പറയുന്നത്. അനൂപിനോടും കിടിലം ഫിറോസിനോടുമാണ് അവര്‍ ഇക്കാര്യം പറയുന്നത്.

 

"എനിക്ക് അത് കേട്ടിട്ട് വളരെ ചീപ്പ് ആയിട്ടു തോന്നി. ഞാന്‍ കൊണ്ടുവന്നതെല്ലാം ചെറിയ ടോപ്പുകള്‍ ആണ്. എന്‍റെ മാര്‍ക്ക് കാണിക്കാന്‍ വേണ്ടി. കാരണം ആളുകള്‍ക്ക് അതൊരു സന്ദേശം ആകുമെന്ന് തോന്നി. സ്ട്രെച്ച് മാര്‍ക്ക് അല്ല മനുഷ്യരെ നിര്‍വചിക്കുന്നത് എന്നത്. അതൊരു ഷോഓഫിനുവേണ്ടിയല്ല. മുഖത്ത് ഒരു മാര്‍ക്ക് വന്നാല്‍ വരെ പെണ്‍കുട്ടികള്‍ക്ക് കല്യാണം മുടങ്ങിപ്പോവാറുണ്ട്. എന്‍റെ ഒരു കൂട്ടുകാരിയുടെ വിവാഹം മൂന്ന് തവണ മുടങ്ങിപ്പോയി ഒരു സ്ട്രെച്ച് മാര്‍ക്ക് ഉണ്ടെന്നു പറഞ്ഞ്. എനിക്ക് അത് കേട്ട് ഭയങ്കര സങ്കടം തോന്നിയിരുന്നു. ഞാന്‍ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഇവര്‍ പറയുന്നത്. എന്‍റെ ജീവിതത്തിന്‍റെ പ്രചോദനമാണ് അത്. ഇത് എനിക്ക് എങ്ങനെ സിംപതി തരുമെന്ന് പറ. സിംപതി എന്‍റെ വീട്ടിലേക്കുള്ള ചോറ് തരുമോ? അതോ കടമൊക്കെ തീര്‍ത്തു തരുമോ? സിംപതി കൊണ്ടല്ല ഞാന്‍ ട്രാക്കില്‍ ഓടിയത്. സിംപതി കൊണ്ടല്ല ഞാന്‍ ഇത്രയും കാലം കഷ്ടപ്പെട്ട് ജീവിച്ചത്. ഒന്നുമില്ലെലും ഇവര്‍ക്ക് എത്ര വയസുണ്ട്? എന്‍റെ അമ്മയുടെ പ്രായമുണ്ട്. ഈ തളര്‍ന്ന ശരീരം വച്ചിട്ട് ഞാന്‍ ഓടിനടക്കുന്നതിന്‍റെ പകുതി ആരും ഓടിനടക്കുന്നില്ലല്ലോ. വേദന ദൈവം എല്ലാവര്‍ക്കും കൊടുക്കും. പക്ഷേ മറ്റുള്ളവരുടെ വേദന മനസിലാക്കാനുള്ള മനസ് എത് ചിലര്‍ക്കേ കൊടുക്കൂ. അതില്‍ ഒരാളായിപ്പോയി ഞാന്‍", അനൂപ്, കിടിലം ഫിറോസ്, ഭാനു എന്നിവരോടായി ഡിംപല്‍ പറഞ്ഞു. 

 

ഡിംപലിനെ ബിഗ് ബോസിലേക്ക് എടുത്തത് സിംപതി ഉണര്‍ത്താനാണെന്ന് ഭാഗ്യലക്ഷ്‍മി മണിക്കുട്ടനോടായി പറഞ്ഞുവെന്ന് മജിയിസയാണ് അനൂപിനോടും ഫിറോസിനോടും പറഞ്ഞത്. ഭാഗ്യലക്ഷ്‍മി പറഞ്ഞത് വളരെ ചീപ്പ് ആയിപ്പോയെന്ന് ഭാനുവും അഭിപ്രായം പങ്കുവച്ചു. എന്നാല്‍ പ്രശ്‍നം പറഞ്ഞു തീര്‍ത്തൂടേ എന്നായിരുന്നു ഫിറോസിന്‍റെ ഉപദേശം. എന്നാല്‍ താന്‍ ഇക്കാര്യം സംസാരിച്ചാല്‍ രംഗം വഷളാവുമെന്നും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് അങ്ങനെ പെരുമാറാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഡിംപലിന്‍റെ പ്രതികരണം.