ബിഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ അതിന്റെ ശക്തമായ രൂപത്തിലേക്ക് വളരുകയാണ്. പുറത്തുവരുന്ന എപ്പിസോഡുകളിൽ പലതും ഇത്തരത്തിൽ പരസ്പരമുള്ള തർക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥകളാണ് പറയുന്നത്.

എന്നാൽ എപ്പിസോഡിനപ്പുറത്തെ കാഴ്ചകളിൽ മത്സരാർത്ഥികൾ രസകരമായ മുഹൂർത്തങ്ങളും സമ്മാനിക്കുന്നുണ്ടെന്ന് വ്യക്തമാകും. കഴിഞ്ഞ ദിവസം വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന ദമ്പതികളിൽ, ഫിറോസ് മറ്റൊരു മത്സരാർത്ഥിയായ സൂര്യക്കൊപ്പം ഡാൻസ് ചെയ്യുന്ന രസകരമായ മുഹൂർത്തങ്ങളാണ് അൺസീൻ വീഡിയോയിലൂടെ ബിഗ് ബോസ് പുറത്തുവിടുന്നത്.

സിറ്റൌട്ട് ഏരിയയിൽ കൂട്ടുകൂടി ഇരിക്കുമ്പോഴാണ് സൂര്യയും ഫിറോസും നൃത്തം വയ്ക്കുന്നത്. ഫിറോസിന്റെ ഭാര്യ സജിനയ്ക്കും മറ്റ് മത്സരാർത്ഥികൾക്കും മുന്നിലായിരുന്നു ഇരുവരുടെയും പ്രകടനം. പ്രണയാർദ്രമായ രംഗം പുനരാവിഷ്കരിച്ചപ്പോൾ തമാശ രൂപേണ  തന്നെയും അതേ പോലെ പൊക്കണമെന്ന് പറഞ്ഞ് സജിന എത്തുന്നതും കാണാമായിരുന്നു.

കൂടുതൽ അടുത്തിടപഴകി നൃത്തംചെയ്ത ഇരുവരും, ഒന്നും കരുതരുതെന്നും സഹോദരി- സഹോദരൻമാരാണെന്നും സജ്നയോട് പറഞ്ഞു.  ചിരിച്ചുകൊണ്ട് മതി, മതി എന്ന് തമാശയാക്കി പറഞ്ഞ് രസകരമായാണ് അത് സജ്ന അവസാനിപ്പിക്കുന്നത്. ഇത്തരത്തിൽ രസകരമായ മുഹൂർത്തങ്ങളും ബിഗ് ബോസ് കൂടുതൽ കാഴ്ചാ രസമുള്ളതാക്കുകയാണ്.

അസമയം ആദ്യവാരം പിന്നിടുമ്പോള്‍ ആവേശകരമായി മുന്നേറുകയാണ് സീസൺ- 3. എട്ടുപേരാണ് ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍. റിതു മന്ത്ര, കിടിലം ഫിറോസ്, ലക്ഷ്മി ജയന്‍, ഡിംപല്‍ ഭാല്‍, സന്ധ്യ മനോജ്, സായ് വിഷ്ണു, അഡോണി ജോണ്‍, ഭാഗ്യലക്ഷ്മി എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. സൂര്യ ജെ മേനോന്‍ ആണ് ഈ വാരത്തിലെ ക്യാപ്റ്റന്‍.