ഒട്ടുമിക്ക മത്സരാര്‍ഥികളും ഏതെങ്കിലും വിധത്തില്‍ ഈ ചര്‍ച്ചകളുടെ ഭാഗമായി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ നാലാം വാരത്തിലൂടെ കടന്നുപോകുമ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും വര്‍ധിച്ചിട്ടുണ്ട്. പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ ഒമര്‍ ലുലുവിന്‍റെ കടന്നുവരവും ഹൌസിലെ ബലതന്ത്രങ്ങളെ സ്വാധീനിക്കുന്നുണ്ട്. കിച്ചണ്‍ ഏരിയയില്‍ വച്ച് ഷിജു നടത്തിയ ഒരു പരാമര്‍ശത്തില്‍ നിന്നുണ്ടായ വാക്കുതര്‍ക്കമായിരുന്നു ബിഗ് ബോസ് ഹൌസില്‍ ഇന്നത്തെ പ്രധാന വിഷയം. നിരവധി മത്സരാര്‍ഥികള്‍ ഈ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞെത്തി. മുന്‍പ് അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന സെറീനയ്ക്കും റെനീഷയ്ക്കും ഇടയില്‍ ഒരു തര്‍ക്കം ഉണ്ടാവുന്നതിലേക്കും ഇത് എത്തി.

ഒരു തമാശ പറയുന്നതിനിടെ ഷിജു മനീഷയെ ഹഗ് ചെയ്തു. തിരികെ നടക്കുമ്പോള്‍ ഷിജു പറഞ്ഞ കമന്‍റില്‍ നിന്നാണ് തര്‍ക്കത്തിന്‍റെ തുടക്കം. ആളുകള്‍ കണ്ടാല്‍ സംശയിക്കും. ഒന്നുമില്ല കേട്ടോ. വികാരങ്ങളൊക്കെ വറ്റിവരണ്ടു എന്നായിരുന്നു ഷിജുവിന്‍റെ കമന്‍റ്. വാക്കുകള്‍ പറയുമ്പോള്‍ സൂക്ഷിച്ചാല്‍ കൊള്ളാമെന്ന് ജുനൈസും അതിനെ പിന്തുണച്ച് സെറീനയും എത്തിയതോടെ അന്തരീക്ഷം ചൂട് പിടിച്ചു. ഡബിള്‍ മീനിംഗ് കോമഡികള്‍ പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സെറീന പറഞ്ഞപ്പോള്‍ അത്തരം തമാശകള്‍ കേള്‍ക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് ജുനൈസും പറഞ്ഞു.

ഈ സമയം ഷിജുവിന്‍റെ ഭാഗം ന്യായീകരിച്ചെത്തിയത് ഒമര്‍ ലുലു ആയിരുന്നു. ഷിജു പറഞ്ഞതില്‍ എന്താണ് ഡബിള്‍ മീനിംഗ് എന്ന് ചോദിച്ച ഒമര്‍ അദ്ദേഹം നേരിട്ടല്ലേ കാര്യം പറഞ്ഞതെന്നും അഭിപ്രായപ്പെട്ടു. മറ്റുള്ളവരെ ഉപദേശിക്കുന്നത് നല്ല കാര്യമല്ലെന്ന് പറഞ്ഞ് റെനീഷയും അവിടേക്ക് എത്തിയതോടെ തര്‍ക്കം റെനീഷയും സെറീനയും തമ്മിലുള്ളതായും മാറി. ആരെയും ഉപദേശിക്കാനല്ല താന്‍ ശ്രമിച്ചതെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും അവരുടെ ഇമേജിനുവേണ്ടി ശ്രദ്ധിച്ചോളാന്‍ പറഞ്ഞതാണെന്നും സെറീന വിശദീകരിച്ചു. ഷിജുവും മനീഷയും പ്രായമുള്ളവര്‍ അല്ലേയെന്നും അവര്‍ക്ക് കാര്യങ്ങള്‍ അറിയില്ലേയെന്നും അവരെ എന്തിന് ഉപദേശിക്കണമെന്നും റെനീഷ പറഞ്ഞത് ഈ തര്‍ക്കത്തെ വീണ്ടും ചൂടുപിടിപ്പിച്ചു.

റെനീഷയുടെ പ്രസ്താവന പ്രായം കുറഞ്ഞവര്‍ക്ക് പക്വതയില്ല എന്ന് കൂടിയാണ് അര്‍ഥമാക്കുന്നതെന്ന് ജുനൈസ്, സാഗര്‍, സെറീന എന്നിവര്‍ പറഞ്ഞു. ഇത് ശരിയല്ലെന്നും. എന്നാല്‍ അത്തരമൊരു താരതമ്യം താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സെറീന വാദിച്ചു. സംസാരിക്കുമ്പോള്‍ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പറയണമെന്നും മുന്‍പും റെനീഷയോട് ഇക്കാര്യം താന്‍ പറഞ്ഞിട്ടിള്ളതാണെന്നും സെറീന പറയുന്നുണ്ടായിരുന്നു.

ALSO READ : ഇതില്‍ ആര് പുറത്തുപോകും? 10 പേരുടെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ച് ബിഗ് ബോസ്