ബിഗ് ബോസില്‍ വീക്കെന്‍ഡ് ടാസ്‍കിനിടെയുണ്ടായ പ്രശ്‍നങ്ങളില്‍ പോരിലായിരുന്ന സായ് വിഷ്‍ണുവും സജിന-ഫിറോസും രമ്യതയുടെ പാതയില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബിഗ് ബോസില്‍ പുകഞ്ഞുകൊണ്ടിരുന്ന 'ശത്രുത'യ്ക്കും ഇതോടെ ശമനമായി. ഹൗസില്‍ നിന്ന് കൂടെക്കൂട്ടുന്ന ഒരു അടുത്ത സുഹൃത്ത് ആരെന്ന് പറയുക എന്നതായിരുന്നു ഇന്ന് ബിഗ് ബോസ് നല്‍കിയ മോര്‍ണിംഗ് ആക്ടിവിറ്റി. അത് ഓരോരുത്തരായി വന്നുനിന്ന് പറയണമായിരുന്നു. അതു പറയവെയാണ് സജിന സായ് വിഷ്‍ണുവിന്‍റെ പേര് പറഞ്ഞത്.

തങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രശ്‍നം ഗെയിമിന്‍റെ ഭാഗമായി സംഭവിച്ചതാണെന്നും അല്ലാതെ വ്യക്തിപരം ആയിരുന്നില്ലെന്നും സജിന പറഞ്ഞു. "ഇവിടുന്ന് ഇറങ്ങുമ്പൊ എനിക്ക് നല്ലൊരു കൂട്ടായിട്ട് ഞാന്‍ സായിയെ കൂട്ടും. എല്ലാവരും പറഞ്ഞു നമ്മുടെ ശത്രുതയെല്ലാം മാറ്റിവച്ചിട്ട് വേണം പുറത്തോട്ട് ഇറങ്ങാനെന്ന്. ഇവിടെ എന്തോ ആയിക്കോട്ടെ, ഞാന്‍ സായിയെ ആ സമയത്ത് കൂട്ടും എന്‍റെ കൂടെ. ബാക്കി എല്ലാവരും ഒരുപോലെയാ. വെളിയില്‍ ഇറങ്ങുമ്പൊ എല്ലാവരും ഒന്നുതന്നെ", സജിന പറഞ്ഞു.

 

പിന്നാലെ അടുത്ത സുഹൃത്ത് ആരെന്നു പറയാനെത്തിയ സായ് അഡോണിയുടെയും റംസാന്‍റെയും പേരാണ് പറഞ്ഞത്. പറഞ്ഞു പോകാന്‍ നേരം ഫിറോസ് ഖാന്‍ സായിയോട് അവിടെ നില്‍ക്കാന്‍ പറഞ്ഞു. സജിനയോടൊപ്പം സായിക്കരുകിലേക്ക് എത്തിയ ഫിറോസ് ഇരുവരോടും പരസ്പരം ഒരു ഹഗ് നല്‍കാന്‍ പറയുകയായിരുന്നു. ബിഗ് ബോസില്‍ മുന്‍പേ ഇഷ്ടമുള്ള മത്സരാര്‍ഥികളില്‍ ഒരാളാണ് സായിയെന്നും ഗെയിമിന്‍റെ ഭാഗമായി ഉണ്ടായി പ്രശ്നം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നും സായിയോട് സജിന പറഞ്ഞു. പിന്നാലെ സജിനയും ഫിറോസും സായിയെ ഹഗ് ചെയ്തു. ഫിറോസിനോട് രാവിലെ ചെന്ന് ക്ഷമ ചോദിച്ച കാര്യവും സായ് പറഞ്ഞു. "വിഷമില്ലാത്ത പടക്കങ്ങള്‍ ഇങ്ങനെ പൊട്ടിത്തെറിക്കും, പക്ഷേ അതില്‍ കാര്യമില്ല. ഉള്ളില്‍ നമുക്ക് വിഷമില്ല", കഴിഞ്ഞ ദിവസങ്ങളില്‍ പരസ്പരം ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ഫിറോസ് സായിയോട് പറഞ്ഞു.