നിലവില്‍ പവര്‍ ടീമില്‍ നാല് പേര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏഴാം വാരത്തില്‍ പവര്‍ ടീമിന്‍റെ അംഗസംഖ്യ ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പവര്‍ ടീം അംഗമായ ജാന്‍മോണി ദാസ് ആയിരുന്നു ഷോയില്‍ നിന്ന് അവസാനം എവിക്റ്റ് ആയത്. അച്ചടക്ക നടപടിയുടെ ഭാഗമായി മോഹന്‍ലാല്‍ സിബിനെ പവര്‍ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. ജാന്‍മോണി പോയ സമയത്ത് അവരുടെ ഇഷ്ടപ്രകാരം ശ്രീരേഖയെ പവര്‍ ടീമിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സിബിന്‍റെ ഒഴിവ് നികത്തപ്പെടാതെ കിടപ്പുണ്ടായിരുന്നു. ഇന്നലെ ബിഗ് ബോസ് അത് നികത്തി.

അതിനകം നോമിനേഷനില്‍ ഉള്‍പ്പെടാത്തവരില്‍ പവര്‍ ടീമിന്‍റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നോട്ട് വരാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം നാലുപേര്‍ അതില്‍ താല്‍പര്യം അറിയിച്ചു. നന്ദന, അഭിഷേക് കെ, ഗബ്രി, ജിന്‍റോ എന്നിവരായിരുന്നു അവര്‍. ഇവര്‍ക്കായി രസകരമായ ഒരു ടാസ്ക് ആണ് ബിഗ് ബോസ് നല്‍കിയത്. നാല് പേരെയും ആക്റ്റിവിറ്റി ഏരിയയിലേക്ക് വിളിപ്പിച്ചതിന് ശേഷം രസകരവും എന്നാല്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതരത്തില്‍ ഉള്ളതുമായ ഒരു കഥ ബിഗ് ബോസ് കേള്‍പ്പിക്കുകയായിരുന്നു. പിന്നീട് ഓരോരുത്തരെയായി ഹാളിലേക്ക് വിളിപ്പിച്ചശേഷം കഥയെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളും ചോദിച്ചു.

ഇതില്‍ ഒറ്റ ശരിയുത്തരം മാത്രമാണ് ജിന്‍റോയ്ക്ക് പറയാനായത്. നന്ദനയും അഭിഷേകും രണ്ട് ഉത്തരങ്ങള്‍ ശരിയാക്കിയപ്പോള്‍ ഗബ്രി മൂന്ന് ശരിയുത്തരങ്ങള്‍ പറഞ്ഞു. അതോടെ പവര്‍ ടീമില്‍ ഒഴിവ് വന്ന കസേരയിലേക്ക് ഗബ്രി ഇടംപിടിച്ചു. നിലവില്‍ ശ്രീരേഖ, ശരണ്യ, ഋഷി, ഗബ്രി എന്നിവരാണ് പവര്‍ ടീമില്‍. പവര്‍ ടീമിലെ മറ്റൊരംഗമായിരുന്ന പൂജ കൃഷ്ണയെ നടുവേദനയെത്തുടര്‍ന്നുള്ള ചികിത്സയ്ക്കായി ബിഗ് ബോസ് ഹൌസിന് പുറത്തേക്ക് അയച്ചിരിക്കുകയാണ്. 

ALSO READ : അരിസ്റ്റോ സുരേഷ് നായകന്‍; 'മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ' ചിത്രീകരണം പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം