ബിഗ് ബോസ് മലയാളത്തിന് മുൻപ് സൽമാൻ ഖാന്റെ ബിഗ് ബോസ് 9 ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്ത ജിസേൽ, മലയാളിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി.
ബിഗ്ബോസ് മലയാളം സീസൺ 7 ലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജിസേൽ തക്രാൽ. ഫാഷൻ, വിനോദ മേഖലകളിലെ പരിചിത മുഖമാണെങ്കിലും ബിഗ്ബോസിലെത്തും വരെ മലയാളികൾക്ക് അത്രകണ്ട് പരിചിതയായിരുന്നില്ല ജിസേൽ. ഗിസേലിന്റെ വേരുകൾ കേരളത്തിലാണ്. ആലപ്പുഴക്കാരിയാണ് ജിസേലിന്റെ അമ്മ. പഞ്ചാബിയായിരുന്നു അച്ഛൻ. ജിസേൽ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. അമ്മയും വല്യമ്മയും ചേർന്നാണ് ജിസേലിനെ വളർത്തിയത്. ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം അഭിമുഖങ്ങളുമായി തിരക്കിലാണ് ജിസേൽ.
'അവിയലും സാമ്പാറുമൊക്കെ ഉണ്ടാക്കാൻ അറിയാം'
മലയാളികളെയും മലയാളികളുടെ ഭക്ഷണവുമൊക്കെ ഒരുപാട് ഇഷ്ടമാണെന്നു പറയുകയാണ് ജിസേൽ ഇപ്പോൾ. തനിക്ക് അവിയലും സാമ്പാറുമൊക്കെ ഉണ്ടാക്കാൻ അറിയാമെന്നും ജിസേൽ പറയുന്നു. ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
''ആഹാരമൊക്കെ ഉണ്ടാക്കാൻ ചെറുതായപ്പോൾ തന്നെ മമ്മി പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ ഉണ്ടാക്കില്ലായിരുന്നു. എനിക്ക് അവിയൽ ഉണ്ടാക്കാൻ അറിയാം. സാമ്പാർ ഉണ്ടാക്കാനറിയാം. ബിഗ്ബോസിൽ ചെന്നിട്ട് എല്ലാം ഉണ്ടാക്കി. പക്ഷേ, അവിടെ വെച്ച് അവിയൽ ഉണ്ടാക്കാൻ പറ്റിയില്ല. സാമ്പാർ ഉണ്ടാക്കി, പുളി കിട്ടിയ ദിവസം സാമ്പാർ ഉണ്ടാക്കാം എന്നു വിചാരിച്ചു'', ജിസേൽ പറഞ്ഞു. എന്നെങ്കിലും കല്യാണം കഴിക്കാൻ ആഗ്രഹിച്ചാൽ ഒരു മലയാളി ചെറുക്കനെ കല്യാണം കഴിക്കാനാണോ താത്പര്യം എന്ന അവതാരകയുടെ ചോദ്യത്തിന് കിട്ടിയാൽ നല്ലതാണ് എന്നായിരുന്നു ജിസേലിന്റെ മറുപടി.
പതിനാലാം വയസില്‍ മോഡലിംഗ് കരിയര്‍ ആരംഭിച്ച ആളാണ് ജിസേല്‍. ഒരു മോഡലിംഗ് കോമ്പറ്റീഷനിലെ ടോപ്പ് 5 സ്ഥാനത്ത് എത്തിയ ജിസേല്‍ മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടന്‍ഷ്യല്‍ എന്നീ ടൈറ്റിലുകളും നേടിയിരുന്നു. കൗമാരകാലത്തുതന്നെ മിസ് രാജസ്ഥാന്‍ ടൈറ്റിലും നേടി. തുര്‍ക്കിയില്‍ നടന്ന ഫോര്‍ഡ് മോഡല്‍സ് സൂപ്പര്‍മോഡല്‍ ഓഫ് ദി വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും പങ്കെടുത്തിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് ഹിന്ദി സീസണ്‍ 9 ഉള്‍പ്പെടെ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട് ജിസേല്‍.



