Asianet News MalayalamAsianet News Malayalam

'പ്രേക്ഷകരുടെ സ്‍നേഹം എന്നെ മാറ്റി', ബിഗ് ബോസ് 3 റണ്ണര്‍ അപ്പ് സായ് വിഷ്‍ണു അഭിമുഖം

ബിഗ് ബോസ് റണ്ണര്‍ അപ്പ് ആയതിനു ശേഷമുള്ള സായ് വിഷ്‍ണുവിന്റെ ആദ്യ അഭിമുഖം.

Interview with bigg boss Runner up Sai Vishnu
Author
Kochi, First Published Aug 1, 2021, 11:17 PM IST

ബിഗ് ബോസ്‍ മൂന്നാം സീസണില്‍ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ സായ് വിഷ്‍ണു എന്ന ചെറുപ്പക്കാരൻ പ്രേക്ഷകര്‍ക്ക് അപരിചിതനായിരുന്നു. പക്ഷേ ആത്മവിശ്വാസത്തോടെ ചിരിച്ചുകൊണ്ടായിരുന്നു സായ് വിഷ്‍ണു ബിഗ് ബോസിലേക്ക് വാതില്‍ തുറന്നത്. സായ് വിഷ്‍ണു ആരെന്ന് അറിയാൻ ചിലരെങ്കിലും ഗൂഗിളില്‍ പരതിയിട്ടുണ്ടാകും. സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ മാത്രം സായ് വിഷ്‍ണുവിനെ കണ്ടെത്തിയവരുണ്ടാകും. എന്നാല്‍ ഇന്ന് ഗൂഗിളിലെയും സോഷ്യല്‍ മീഡിയകളിലെയും മലയാളം തിരച്ചിലുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് സായ് വിഷ്‍ണു. ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ റണ്ണര്‍ അപ്പായാണ് സായ് വിഷ്‍ണു സ്വപ്‍നം കാണുന്നവരുടെ പര്യായമായി ഇന്നും നിറഞ്ഞുചിരിക്കുന്നത്. 

ബിഗ് ബോസ് എൻട്രിയില്‍ തന്നെ സ്വന്തം നിലപാട് വ്യക്തമാക്കി സായ് വിഷ്‍ണു. തനിക്കൊരു സ്വപ്‍നമുണ്ട് എന്നായിരുന്നു സായ് വിഷ്‍ണു പറഞ്ഞുതുടങ്ങിയത്. ഓസ്‍കാര്‍ നേടണം. കാൻ ഫെസ്റ്റിവലില്‍ പങ്കെടുക്കണം. അങ്ങനെ സ്വപ്‍നങ്ങളെ കുറിച്ച് വാതോരാതെ സംസാരിച്ചും പിന്നീടും സായ് വിഷ്‍ണു. ഒടുവില്‍ സ്വപ്‍നം കാണാൻ ഒരുപാടുപേരെ പ്രചോദിപ്പിച്ചുകൊണ്ട് ബിഗ് ബോസില്‍ റണ്ണര്‍ അപായി നില്‍ക്കുന്ന സായ് വിഷ്‍ണു ഏഷ്യാനെറ്റ് ന്യൂസ്‍ ഓണ്‍ലൈനിനോട് മനസ് തുറക്കുകയാണ്.

Interview with bigg boss Runner up Sai Vishnu

മറ്റ് മത്സരാര്‍ഥികളെപ്പോലെ അത്രയും പ്രശസ്‍തനല്ലാതിരുന്നിട്ടുകൂടി വളരെ ആത്മവിശ്വാസത്തോടെയായിരുന്നു സായ് വിഷ്‍ണു ബിഗ് ബോസിലേക്ക് കയറിവന്നത്. എന്താണ് ഈ ആത്മവിശ്വാസത്തിന് പിന്നില്‍?

ഓര്‍മ വച്ചതുമുതല്‍ മനസില്‍ സിനിമയുണ്ട്. സിനിമയ്‍ക്കായി നിരന്തരം ആത്മാര്‍ഥമായി പരിശ്രമിക്കാറുണ്ട്. എന്റെ ആഗ്രഹങ്ങളെ  പിന്തുണച്ചവരുണ്ട്. എതിര്‍ത്തവരുണ്ട്. ചുറ്റുമുള്ളവര്‍ മനസിലാക്കിയ സമയമുണ്ട്. മനസിലാക്കാത്ത സമയമുണ്ട്. പക്ഷേ എന്റെയൊപ്പം എന്നും കൂടെ നിന്നിട്ടുള്ളത് ഞാൻ മാത്രമാണ്. അതുകൊണ്ടുതന്നെ എനിക്ക് എന്നെ വലിയ വിശ്വസമാണ്. 

രണ്ടു കാര്യങ്ങളാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. എന്നെ ഏറ്റവും മികച്ചതാക്കുക എന്നതാണ് ഒരു കാര്യം. അതിനുവേണ്ടി പരമാവധി പരിശ്രമിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. സിനിമയാണെങ്കില്‍ അവസരങ്ങള്‍ക്കായി ശ്രമിക്കുകയെന്നതാണല്ലോ പ്രധാനം. അതിലേക്ക് എത്തിപ്പെടാൻ വേണ്ട കാര്യങ്ങള്‍ യഥാസമയം ചെയ്യുക എന്നതും. അതുകൊണ്ടുതന്നെ എന്നെ എപ്പോഴും  മികച്ചതാക്കാൻ ശ്രമിക്കാറുണ്ട്. സിനിമയുടെ കാര്യമെടുത്താല്‍ ഞാൻ വളരെ കോണ്‍ഫിഡന്റ് ആണ്. എന്റെ  ജീവിതത്തില്‍ എന്റെ അനുഭവമാണ് എന്നെ മികച്ചതാക്കുന്നത്. ജീവിതത്തിന്റെ സമസ്‍ത മേഖലകളിലും അതിലെ പരമാവധി ഞാൻ അനുഭവിച്ചിട്ടുണ്ട്. സങ്കടപ്പെട്ടതും നിരാശനായതും  സന്തോഷിച്ചതും ആഘോഷിച്ചതുമായുള്ള എല്ലാവിധ അനുഭവങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. ആ അനുഭവങ്ങളിലൂടെയാണല്ലോ ഒരാള്‍ മോള്‍ഡ് ചെയ്യപ്പെടുക. അനുഭവങ്ങളിലൂടെ ആര്‍ജ്ജിച്ച ആത്മവിശ്വാസമാണ് എനിക്കുള്ളത്.

Interview with bigg boss Runner up Sai Vishnu

ബിഗ് ബോസില്‍ ഇങ്ങനെ റണ്ണര്‍ അപ്പായി മാറാൻ വരെ അനുകൂലമായ ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും?

എന്റെ യാത്രയില്‍ നല്ലത് സംഭവിക്കുമെന്നും അല്ലെങ്കില്‍ എന്റെ സ്വപ്‍നങ്ങള്‍  വിചാരിക്കുന്നതുപോലെ ആകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നെ കൂടുതല്‍ മികച്ചതാക്കാൻ വേണ്ടിയാകും എന്നെ ഇതില്‍ കൂടെയൊക്കെ കടത്തിക്കൊണ്ടുപോയത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെയാണ്  ഞാൻ ബിഗ് ബോസില്‍ എത്തിയതും

ഞാനെന്ന് പറയുന്ന വ്യക്തിയുടെ അടിതൊട്ടു മുടി വരെയുള്ള, ഉള്ളിലുള്ള കാര്യങ്ങളെല്ലാം സത്യസന്ധമായിട്ടായിരുന്നു അവതരിപ്പിച്ചത്. എന്റെ എല്ലാ കാര്യങ്ങളും ബിഗ് ബോസില്‍ എനിക്ക് അനുകൂലമായി മാറിയെന്നാണ് ഞാൻ വിചാരിക്കുന്നത്. സ്വപ്‍നം കാണുന്നവരുടെ സീസണ്‍ ആണല്ലോ  ഇത്തവണത്തേത്. സ്വപ്‍നങ്ങളുമായിട്ടാണ് ഞാനും ബിഗ് ബോസില്‍ എത്തിയത്. എന്റെ ജീവിതവും സ്വപ്‍നവുമൊക്കെ ഒത്തിരിപേരെ പ്രചോദിപ്പിച്ചുവെന്ന്  അറിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.  ഇതുവരെയുള്ള എന്റെ എല്ലാ അനുഭവങ്ങളും ചേര്‍ന്നാണല്ലോ എന്നെ ഞാനാക്കി മാറ്റിയത്. എന്റെ ക്യാരക്ടര്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും എനിക്ക് ബിഗ് ബോസില്‍ എനിക്ക് അനുകൂലമായിട്ടുണ്ട്.  എന്നിലുണ്ടായ എല്ലാമാണ് എന്നെ ബിഗ് ബോസില്‍ ഇതുവരെ എത്തിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്‍ടം. 

സായ് വിഷ്‍ണു സ്വന്തം ജീവിതകഥ പറയുന്നതോടെയാണ് പ്രേക്ഷകരിലടക്കം ശ്രദ്ധിക്കപ്പെടുന്നത്. കഷ്‍ടപ്പാടുകളൊക്കെ നിറഞ്ഞ അനുഭവങ്ങള്‍ പറഞ്ഞത് ഗെയിം സ്‍ട്രാറ്റജിയുടെയും ഭാഗമായിരുന്നുവെന്ന സഹ മത്സാര്‍ഥികളുടെയടക്കമുള്ള ആക്ഷേപങ്ങളോടുള്ള പ്രതികരണം?

എന്നെ സംബന്ധിച്ചിടത്തോളം അതുകഴിഞ്ഞ് ലക്ഷ്വറി ബജറ്റില്‍ പോയന്റ് കിട്ടിയപ്പോള്‍ ആണ് അതൊരു ടാസ്‍ക് ആയിരുന്നെന്ന് ഞാൻ മനസിലാക്കുന്നത്. സെല്‍ഫ് ഇൻട്രൊഡക്ഷൻ പോലെയാണ്  എന്നാണ് ആദ്യം ഞാൻ വിചാരിച്ചിരുന്നത്. എന്നെപ്പറ്റി സംസാരിക്കാൻ ആവശ്യപ്പെട്ടാല്‍ ഞാൻ എന്റെ നൂറു ശതമാനം സത്യസന്ധമായി സംസാരിക്കുകയല്ലേ വേണ്ടത്. അതു ഞാൻ ചെയ്‍തു. ബിഗ് ബോസിലാണെങ്കിലും പുറത്താണെങ്കിലും ഞാൻ അങ്ങനെ തന്നെയാണ് ചെയ്യാറ്. എങ്കില്‍പോലും അന്ന് ഞാൻ എല്ലാകാര്യങ്ങള്‍ പറയുകയും ചെയ്‍തിട്ടില്ല. പറയാൻ ആവശ്യപ്പെട്ടത് ജീവിതമല്ലേ. അതില്‍ എന്ത് ഗെയിം സ്‍ട്രാറ്റജി വരാൻ?

Interview with bigg boss Runner up Sai Vishnu

ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ?

ബിഗ് ബോസ് തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പാണ് എനിക്ക് ഇങ്ങനെയൊരു അറിയിപ്പ് വരുന്നത്. ബിഗ്  ബോസില്‍ വരാൻ താല്‍പര്യമുണ്ടോയെന്ന് അന്വേഷിച്ചത്. ആദ്യംവിചാരിച്ചത് ഒരു പ്രാങ്ക് ആണെന്നാണ്. ബിഗ് ബോസിലേക്കുള്ള ക്ഷണം സത്യമാണെന്ന് മനസിലാക്കിയതുമുതല്‍ എന്നെ   മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. 

ആ സമയത്ത് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണിലായിരുന്നു. ഭക്ഷണവും  സാമ്പത്തികവും പ്രശ്‍നവുമായിരുന്നു. എങ്കിലും ബോഡി ബില്‍ഡിംഗ് ചെയ്യാൻ തുടങ്ങി. ഞാൻ ഒരുപാട് പുസ്‍തകങ്ങള്‍ വായിച്ചു. എന്റെ ക്യാരക്ടര്‍ മികച്ചതാക്കാൻ ശ്രമിച്ചു. എന്നെ ഏറ്റവും മികച്ചതാക്കുക എന്നതായിരുന്നു എന്റെ തയ്യാറെടുപ്പുകള്‍. മറ്റ് ബിഗ് ബോസുകള്‍ മുഴുവനായി കണ്ടില്ലെങ്കിലും അവിടിവിടങ്ങളായി കണ്ടു. 

ബിഗ് ബോസില്‍ ചെന്ന് ഇങ്ങനെയൊക്കെ പെരുമാറും എന്ന് വിചാരിക്കുന്നത് മണ്ടത്തരമാണെന്ന് എനിക്ക് അറിയാമായിരുന്നു. വൈകുന്നേരമാകുമ്പോള്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടാകും. അന്നേരം ഞാൻ ഇങ്ങനെ ചെയ്യും എന്നൊന്നും ജീവിതത്തില്‍ തീരുമാനിച്ചുറപ്പിക്കാൻ പറ്റില്ലല്ലോ. ബിഗ് ബോസിലും ഒരു സാഹചര്യം വരുമ്പോള്‍, ഞാൻ എന്താണോ അതില്‍നിന്നുകൊണ്ട് മികച്ച രീതിയില്‍ പെരുമാറാനേ ആകൂ.  ഒരു സാഹചര്യം വരുമ്പോള്‍ ചുറ്റുപാടും നോക്കിയിട്ട് പ്രതികരിക്കുക സ്വീകരിക്കുക, പെരുമാറുക അങ്ങനെയൊക്കെയാണ് ഞാൻ ചെയ്‍തത്.

Interview with bigg boss Runner up Sai Vishnu

സ്വപ്‍നങ്ങളെ കുറിച്ച് ഒരുപാട് സംസാരിക്കുമ്പോഴും ബിഗ് ബോസ് പ്ലാറ്റ്‍ഫോം പെര്‍ഫോം ടാസ്‍കുകളിലൊന്നും വേണ്ടത്ര ഉപയോഗിക്കുന്നില്ല എന്ന ആക്ഷേപം സഹമത്സരാര്‍ഥികളില്‍ നിന്ന് നേരിടേണ്ടി വന്നല്ലോ?

അഭിനയം ഇഷ്‍ടമുള്ള ഒരാളുടെ ഏറ്റവും വലിയ സന്തോഷം അഭിനയിക്കുമ്പോള്‍ കിട്ടുന്നതു തന്നെയായിരിക്കും.  സിനിമയില്‍ എനിക്ക് അഭിനയിക്കാൻ പറ്റിയിട്ടില്ല. വെബ് സീരിസുകളും നാടകങ്ങളും ആല്‍ബങ്ങളൊക്കെ ചെയ്‍തിട്ടുണ്ട്. ചിലതിന് പ്രതിഫലം  ഉണ്ടാകില്ല. മറ്റ് ചില പരിമിതികളുണ്ടാകും. പക്ഷേ ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷത്തിന് വേണ്ടിയാണ് അതൊക്കെ ചെയ്‍തു കൊണ്ടിരുന്നത്. ആ ഞാൻ ഏത് പ്ലാറ്റ്‍ഫോം കിട്ടിയാലും മികച്ചതായി ചെയ്യും. ബിഗ് ബോസ് പ്ലാറ്റ്‍ഫോമിലും ഏറ്റവും മികച്ച രീതിയില്‍ എന്നെക്കൊണ്ട് പറ്റാവുന്നതിന്റെ പരമാവധി തന്നെ ഞാൻ ചെയ്‍തിട്ടുണ്ട്. ഒരാള്‍ സര്‍ഗാത്മകമായ കാര്യം ചെയ്യുമ്പോള്‍ പത്തുപേരും പത്ത് അഭിപ്രായം ആയിരിക്കും പറയുന്നത്. അതിനെ കുറിച്ച് ഞാൻ ആശങ്കപ്പെടാറില്ല. 

വളരെ അഗ്രസീവ് ആയ ചെറുപ്പക്കാരനായിട്ടാണ് തുടക്കത്തില്‍ സായ് വിഷ്‍ണുവിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. പിന്നീട് കുറച്ചുകൂടി പക്വതയോടെ പെരുമാറുന്ന ആളായി സായ് വിഷ്‍ണു മാറിയെന്നും അഭിപ്രായം വന്നു. ബിഗ് ബോസ് സായ് വിഷ്‍ണുവില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണ്?

ചോദ്യത്തിലെ ആദ്യത്തെ ഭാഗത്തിന് തന്നെ ആദ്യം മറുപടി പറയാം. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അവസാനം വരെ ഉണ്ടായത്. എനിക്ക് ശരിയെന്ന് തോന്നുന്നത് എന്നും ഞാൻ പറഞ്ഞിട്ടുണ്ട്. തെറ്റെന്ന് തോന്നിയത്  ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്റെ നിലപാടുകളും അഭിപ്രായങ്ങളും  ഞാൻ  ആദ്യ മുതല്‍ അവസാനം വരെ പറഞ്ഞിട്ടുണ്ട്. വളരെ പ്രശസ്‍തരായ ആളുകള്‍ക്കിടയിലേക്കാണ്  ഞാൻ വന്നത്. എന്നെ കുറിച്ച് ആര്‍ക്കും അറിയില്ല. അപ്പോള്‍ ആളുകള്‍  എന്നെ മനസിലാക്കിയെടുക്കുക എന്ന ഒരു പ്രക്രിയ ഉണ്ടല്ലോ. അതുകൊണ്ടാകും തുടക്കത്തില്‍ അഗ്രസീവാണെന്നു  പിന്നീടങ്ങ് കാര്യങ്ങള്‍ പറഞ്ഞില്ല എന്നും തോന്നിയത്

പിന്നെ ലാലേട്ടൻ പറയുന്ന ഒരോ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചിരുന്നു. ലാലേട്ടൻ എന്ന വ്യക്തിയോടുള്ള സ്‍നേഹം അതിലുണ്ട്. ബിഗ് ബോസ് നമ്മളുമായിട്ടുള്ള കമ്മ്യൂണിക്കേഷനും ലാലേട്ടനിലൂടെയാണല്ലോ. ദേഷ്യം കുറയ്‍ക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ലാലേട്ടൻ പറഞ്ഞ കാര്യങ്ങള്‍ക്ക് ഞാൻ പ്രാധാന്യം കൊടുത്തിട്ടുണ്ട്. പക്ഷേ എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞിട്ടുണ്ട്.

Interview with bigg boss Runner up Sai Vishnu

ചുറ്റുപാടില്‍ നിന്ന് വാല്യുവുള്ള എന്ത് കാര്യമായാലും അത് മനസിലാക്കി ഞാൻ സ്വയം മാറാൻ ശ്രമിക്കാറുണ്ട്.  ബിഗ് ബോസ് വരുത്തിയ ഇത്രയും ആളുടെ സ്‍നേഹം തന്നെയാണ്.  സ്വപ്‍നം കാണുന്നവരുടെ സീസണ്‍ എന്ന് പറയുന്നത് ഇങ്ങനെ തന്നെ ആകണം എന്ന് എനിക്ക് തോന്നുന്നു. കാരണം ബിഗ് ബോസ് ഇടയ്‍ക്ക് ബ്രേയ്‍ക്ക് ചെയ്‍ത് ഒരാഴ്‍ച ആളുകളുടെ ഇടയിലായിരുന്നല്ലോ ഞങ്ങള്‍. ജീവിതത്തില്‍ ആരുമില്ല എന്റെ കൂടെ എന്ന് ഞാൻ വിചാരിച്ച ഒരു സമയുണ്ടായിരുന്നു. ഒരുകാലത്ത് എന്റെ സ്വപ്‍നങ്ങള്‍ക്കൊപ്പം ഒരാളുപോലുമുണ്ടായിരുന്നില്ല. ഒരു സ്വപ്‍നത്തിനായി ലോകം മൊത്തം കൂടെ നില്‍ക്കും എന്ന് പറയാറില്ലേ. അത് അക്ഷരാര്‍ഥത്തില്‍ ഞാൻ അനുഭവിക്കുകയായിരുന്നു. എനിക്ക് ചുറ്റും ഒരുപാട് മനുഷ്യര് വന്നു നിന്നു. ലോകം മൊത്തം ഒപ്പം നില്‍ക്കുക എന്ന് പറഞ്ഞാല്‍ അത് ഭയങ്കര സംഭവമല്ലേ.


ലോകത്തിന്റെ സ്‍നേഹം തന്നെയാണ് ഏറ്റവും വലിയ മാറ്റം. അത്രയും സ്‍നേഹിക്കപ്പെടുമ്പോള്‍ ഒരു മനുഷ്യനില്‍ ഉണ്ടാകുന്ന മാറ്റമുണ്ടാകുമല്ലോ. നമ്മളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കും. നന്ദിയുള്ളവരാക്കും. ആ മാറ്റം ആണ് ബിഗ് ബോസ് വരുത്തിയത്. ഓരോ നിമിഷവും മാറാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇതുവരെ ലഭിച്ച സ്‍നേഹം തിരിച്ചും എത്തിക്കേണ്ടതുണ്ട്. എന്റെ കയ്യിലുള്ളത് ആര്‍ട്ടാണ്. അതിലൂടെ അവരിലേക്കും സ്‍നേഹം എത്തിക്കാൻ വേണ്ടി പ്രയത്‍നിക്കാൻ ആണ് ഞാൻ എന്നെ ബിഗ് ബോസിലൂടെ മാറ്റിയിരിക്കുന്നത്.

ബിഗ് ബോസിന്റെ തുടക്കത്തില്‍ സായ് വിഷ്‍ണുവിനെയും റംസാനെയും അഡോണിയെയും ഒന്നിച്ചാണ് കണ്ടിരുന്നത്. നിങ്ങള്‍ ഒരുമിച്ചിരുന്നത് സൗഹൃദത്തോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ പിന്നീട് ആ സൗഹൃദം ഇല്ലാതാകുന്നതും പ്രേക്ഷകര്‍ കണ്ടു. എന്താണ് സംഭവിച്ചത്?

ബിഗ് ബോസിലുള്ള എല്ലാവരോടും സൗഹൃദത്തിലാകാനായിരുന്നു ഞാൻ ശ്രമിച്ചത്. അവിടെയുള്ള എല്ലാവരോടും ഞാൻ തുറന്നുസംസാരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ചെറിയൊരു ട്രെയിലറോ ടീസറോ ആയിട്ടാണ് എനിക്ക്  അവിടെ തോന്നിയത്. കുറച്ച് സംസാരിച്ചുകഴിയുമ്പോള്‍ ചിലരെ ശരിയാകില്ല എന്നു നമുക്ക് മനസിലാകും. അങ്ങനെ തോന്നിക്കഴിഞ്ഞാല്‍ നമ്മള്‍ മാറിനില്‍ക്കും. അവരോട് ദേഷ്യമോ വെറുപ്പോ ഒന്നും കാണിക്കാൻ പോകുന്നില്ല. ബിഗ് ബോസില്‍ ഞാൻ എല്ലാവരെയും ഒരു പോലെ പരിഗണിച്ചിരുന്നു. 

പക്ഷേ ഗെയിമുകളും ടാസ്‍ക്കുകളും വരുമ്പോള്‍ ചിലപ്പോഴൊക്കെ സൗഹൃദങ്ങളിലേക്കും ഗെയിം വന്നപ്പോള്‍എനിക്ക് ബുദ്ധിമുട്ടായി. അതൊന്നും സൗഹൃദത്തെ ബാധിക്കരുത് എന്നുണ്ടായിരുന്നു. അവിടെയുള്ള എല്ലാവരോടും മാത്രമല്ല ലോകത്തുള്ള എല്ലാവരോടും എനിക്ക് സ്‍നേഹമാണ്.  എല്ലാവരെയും തുല്യമായി കാണാനാണ് ശ്രമിക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോകുന്ന ഒരാള്‍ അതിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമെന്ന് തോന്നിയാല്‍ അതില്‍ നിന്ന് സ്വയം മാറിനില്‍ക്കണം. എങ്കിലും എല്ലാവരോടും സ്‍നേഹവും സൗഹൃദവും തന്നെയാണ് ഇപ്പോഴും. എന്റെയും അഡോണിയുടെയും  റംസാന്റെയും കാര്യമെടുത്താലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. 

മോഹൻലാല്‍ വളരെ സ്‍നേഹത്തോടെ സംസാരിക്കുന്ന ഒരാളാണ് സായ് വിഷ്‍ണുവെന്ന് അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. എങ്ങനെയായിരുന്നു മോഹൻലാലും സായ് വിഷ്‍ണുവും തമ്മിലുള്ള ഇൻട്രാക്ഷൻ?

ഓര്‍മവച്ച നാള്‍ മുതല്‍ എന്റെയുള്ളില്‍ സിനിമയുണ്ട്. ലാലേട്ടന്റെ സിനിമ കണ്ട് വളര്‍ന്നയാളാണ് ഞാനും. സിനിമയോട് ഇത്രയും സ്‍നേഹം തോന്നാൻ കാരണം ലാലേട്ടനാണ്.  ലാലേട്ടന് എന്നെ അറിയിവല്ല. പക്ഷേ എനിക്ക്  ലാലേട്ടനെ എത്രയോ കാലമായി അറിയാം. അത്രയും ഇഷ്‍ടമുള്ള ആളെയാണ് ബിഗ് ബോസില്‍ ആദ്യമായി കണ്ടത്. ആ സ്‍നേഹത്തോടെയുള്ള പ്രവൃത്തിയാണ് ലാലേട്ടനോട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. 

ബിഗ് ബോസില്‍ നിന്നിറങ്ങിയപ്പോള്‍ ഇതേ കാര്യം കുറേ ആള്‍ക്കാര്‍ എന്നോട് പറഞ്ഞു. ലാലേട്ടൻ എന്നോട് കാട്ടിയ സ്‍നേഹത്തെ കുറിച്ച്. ലാലേട്ടന്റെ സ്‍നേഹം അങ്ങനെ എനിക്ക് അനുഭവിക്കാൻ പറ്റിയിട്ടുണ്ടെങ്കില്‍  ഞാൻ അനുഗ്രഹീതനാണ്. ആകെ നേരിട്ട് രണ്ട് പ്രാവശ്യമേ  കണ്ടിട്ടുള്ളൂ. ഇപ്പോഴും ആ നിമിഷം സ്വപ്‍നം പോലെയാണ്. 

ലാലേട്ടനെന്ന നടനു പുറമേ ആ വ്യക്തിയെയും എനിക്ക് ഒരുപാട് ഇഷ്‍ടമാണ്. ലാലേട്ടന്റെ  ചിന്താഗതിയും വായനയും എഴുത്തും രീതിയുമൊക്കെ എനിക്ക് ഇഷ്‍ടമാണ്. അതുകൊണ്ട് അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളും എനിക്ക് ഉള്‍ക്കൊള്ളാൻ പറ്റാറുണ്ട്. ലാലേട്ടനെ കുറിച്ച് പറഞ്ഞാല്‍ തീരില്ലാത്ത അത്ര കാര്യങ്ങളുണ്ട്.

പ്രേക്ഷകര്‍ക്ക് ഒട്ടും പരിചയമില്ലാത്ത ഒരാള്‍. ബിഗ് ബോസ് കഴിയുമ്പോള്‍ കേരളമൊട്ടാകെ ആരാധകരുള്ള പ്രശസ്‍തനായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചത്?

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള കാര്യം ഓര്‍മയുണ്ട്. അന്ന് എനിക്ക് ആറ് വയസായിരിക്കും. അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന് മാതൃഭൂമിയിലും മനോരമയിലുമൊക്കെ പണ്ട് പരസ്യം വരുമല്ലോ. അതിനായി ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് 29 വയസായി. 26 വര്‍ഷമായി ഞാൻ സിനിമയ്‍ക്ക് വേണ്ടി ശ്രമിക്കാൻ തുടങ്ങിയിട്ട്.  ബാലതാരമായിട്ടാണെങ്കില്‍ അങ്ങനെ, വിജെയോ ആര്‍ജെയോ ആയിട്ടാണെങ്കില്‍, സീരിയല്‍ വഴി അങ്ങനെ എല്ലാ രീതിയിലും.

നമുക്ക് ചെയ്യാനാകുന്നത് അതിന് വേണ്ടി നമ്മളെ ഒരുക്കുക എന്നതാണ്. നമ്മുടെ രൂപത്തിലും ക്യാരക്ടറിലും ഒക്കെ അതിനായി മാറ്റം വരുത്തുക എന്നതാണ്. അതിനായി അഭിനയം പഠിച്ചു. നാടകാചാര്യനായ ജയപ്രകാശ് കുളൂര് മാഷും ആക്ടിംഗ് ലാബിലെ സജീവ് നമ്പ്യാര്‍ സാറും ഒരു ആക്ടര്‍ എന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യൻ എന്ന രീതിയിലും എന്നെ മോള്‍ഡ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്. ഒരു നടനെന്നതിലുപരി ഒരു നല്ല മനുഷ്യനാകുക എന്നതാണ് ഏറ്റവും പ്രധാന കാര്യം എന്ന് അവര്‍ പറയാറുണ്ട്. എന്റെ അമ്മയും അത് പറയാറുണ്ട്. 

ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്‍തുകൊണ്ടിരുന്നപ്പോള്‍ കാലം എന്തെങ്കിലും തിരിച്ചുതരുമല്ലോ. അത് എനിക്ക് അറിയാമായിരുന്നു. അങ്ങനെ കാലം എനിക്ക് നല്‍കിയ അനുഗ്രഹമാണ് ബിഗ് ബോസ്. ഇത്രയും കാലം ഞാൻ  ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ കാലം അതിലേക്ക് എന്നെ എത്തിച്ചു.

എനിക്ക് എന്തുകൊണ്ടാണ് ജീവിതത്തില്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ എന്ന് മുമ്പ് ഞാൻ ആലോചിച്ചിട്ടുണ്ട്. സ്റ്റക്കായിട്ടുണ്ട്. നിന്റെ സ്വപ്‍നങ്ങള്‍ വലുതായതുകൊണ്ടു തന്നെ അതിലേക്ക് എത്താൻ സമയമെടുക്കുമെന്ന് അന്ന് അമ്മ  പറയുമായിരുന്നു. ഇന്ന് ബിഗ് ബോസില്‍ നൂറ് ദിവസങ്ങള്‍ നില്‍ക്കാൻ കഴിഞ്ഞല്ലോ. അതിന് എന്നെ എന്റെ അനുഭവങ്ങളാണ് സഹായിച്ചത്.  ഈ സമയത്തിന് വേണ്ടി എന്നെ കാലം പ്രിപ്പെയര്‍  ചെയ്‍തുവച്ചതാകാം. 

ആരാലും അറിയപ്പെടാതിരുന്ന ഒരാളാണ് ഞാൻ. എന്നെ  ഇവര്‍ തെരഞ്ഞെടുത്തത് എങ്ങനെയാണ് എന്നൊന്നും അറിയില്ല.  ഇവിടെ എത്തിയത് എങ്ങനെ എന്ന് ചോദിച്ചാല്‍ അനുഗ്രഹം എന്നാണ് മറുപടി. ഞാൻ ചെയ്‍ത പ്രവര്‍ത്തികളുടെ പ്രതിഫലനം. അച്ഛനും അമ്മയും പറയും, നമ്മള്‍ ആര്‍ക്കും ദ്രോഹം ഒന്നും ചെയ്‍തില്ലല്ലോ നല്ല കാലം വരുമെന്ന് എന്ന്.  എല്ലാവരും ചെയ്‍ത നല്ല കാര്യങ്ങള്‍ ചേര്‍ത്താകും ഇപ്പോള്‍ എനിക്ക് കിട്ടുന്നത്. നമ്മള്‍ ജീവിതത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ എത്ര സ‍്‍നേഹിക്കപ്പെട്ടു എന്നതാണ് ഏറ്റവും വലിയ കാര്യം. ബിഗ് ബോസില്‍ എനിക്ക് കിട്ടിയത് അത്രയും വലിയ സ്‍നേഹമാണ്. 

ബിഗ് ബോസിലെ ഗ്രൂപ്പിസത്തെ കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ വന്നിരുന്നു. യഥാര്‍ഥത്തില്‍ ഗ്രൂപ്പിസമുണ്ടായിരുന്നോ?

ഞാൻ ഷോയില്‍ എന്തൊക്കെയാണോ പറഞ്ഞത്, ചെയ്‍തത് അതൊക്കെ സത്യസന്ധമായിട്ടാണ്. ഒരാളെ വ്യക്തിപരമായി പറയാൻ എനിക്ക് താല്‍പര്യമില്ല. ഞാൻ പറയേണ്ട കാര്യങ്ങളൊക്കെ ഷോയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതു തന്നെയാണ് അതിനെക്കുറിച്ചുള്ള അഭിപ്രായവും.

മറ്റ് രണ്ട് സീസണുകളില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഈ ബിഗ് ബോസിനുള്ളതായി തോന്നുന്നത്?

സ്വപ്‍നം കാണുന്നവരുടെ സീസണ്‍ എന്ന പേരിനോടു തന്നെ എനിക്ക് വലിയ ഇഷ്‍ടമുണ്ട്. എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റായാലും അഭിനയമായാലും ചെയ്യുന്നതിലൊക്കെ എന്തൊക്കെ  സന്ദേശം വേണമെന്ന ആഗ്രഹിക്കുന്ന ആളാണ്. ഈ സീസണ്‍  സ്വപ്‍നം കാണുന്നവരെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനമായിട്ടുണ്ട്. അതിന്റെ ഒരു  പ്രതിനിധി ആയിട്ട് എനിക്ക് നില്‍ക്കാൻ പറ്റിയിട്ടുണ്ട്. ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ എന്നോട് ഇക്കാര്യം പലരും പറഞ്ഞിട്ടുണ്ട്. ആരും അറിയാതിരുന്ന ഒരാള്‍ക്ക്  ഇത്രയും അടുത്ത് എത്താൻ പറ്റിയില്ലേ. അത് വലിയ സംഭവമല്ലേ. ഒത്തിരിപേര്‍ക്ക് അത് പ്രചോദനമാകില്ലേ. സ്വപ്‍നം കാണുന്നവരുടെ സീസണ്‍ എന്നുതന്നെ പേരിട്ടതും എന്നെപ്പോലെ സ്വപ്‍നം കാണുന്നവര്‍ക്ക് അവസരം കൊടുത്തതും വലിയ കാര്യമാണ്. എന്നെപ്പോലെ സ്വപ്‍നം കാണുന്ന ഒരാള്‍ക്ക് ബിഗ് ബോസില്‍ ഇത്രയും അടുത്തെത്താൻ കഴിയുമെന്ന് കാണിച്ചുകൊടുക്കാൻ പറ്റിയല്ലോ.

വളരെ വ്യത്യസ്‍തമായ ലുക്കിലും സ്റ്റൈലിലുമായിരുന്നു ബിഗ് ബോസിലേക്ക് സായ് വിഷ്‍ണു എത്തിയത്. ബിഗ് ബോസിനായി വരുത്തിയ മാറ്റങ്ങളായിരുന്നോ അതൊക്കെ?

എനിക്ക് എന്നോട് വലിയ ഇഷ്‍ടമാണ്. അങ്ങനെ ഇഷ്‍ടപ്പെടണമല്ലോ. അതുകൊണ്ടുതന്നെ എന്നെ ഞാൻ അങ്ങനെയാണ് കൊണ്ടുനടക്കാറുള്ളത്. മുടിയും താടിയും വളര്‍ത്താൻ ഇഷ്‍ടമാണ്. സായ് എന്ന വ്യക്തിക്ക് അത് ഇഷ്‍ടമാണ്. ഒരു സിനിമയ്‍ക്ക് വേണ്ടി വെട്ടാൻ പറഞ്ഞാല്‍ ഞാൻ അത് ചെയ്യും. എനിക്ക് ഞാൻ ഭംഗിയായി നടക്കുന്നതാണ് ഇഷ്‍ടം. ഈ നിമിഷം എനിക്ക് ഇങ്ങനെ നടക്കാനാണ് ഇഷ്‍ടം. എനിക്ക് എന്റേതായുള്ള സ്റ്റൈല്‍ ഉണ്ട്. അതാണ് ബിഗ് ബോസില്‍ കാണിച്ചതും. അല്ലാതെ ബിഗ് ബോസിനായി മാത്രമായി വരുത്തിയ മാറ്റം അല്ല.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങി നാട്ടില്‍ എത്തിയപ്പോള്‍ എങ്ങനെയുള്ള പ്രതികരണമാണ് ലഭിച്ചത്?

ഓവര്‍വെല്‍മ്‍ഡ് വിത്ത് ലൗ എന്ന് പറയില്ലേ. സ്‍നേഹം ചൊരിഞ്ഞുകൊണ്ടിയിരിക്കുകയാണ് എല്ലാവരും. നല്ല കാലം വരും എന്ന് അമ്മയ എപ്പോഴും പറയും, അനിയത്തിക്കാണെങ്കിലും എന്നെപ്പോലെ വലിയ സ്വപ്‍നമാണ്. ഐഎഎസ് ആകണം എന്നാണ് ആഗ്രഹം. സ്വപ്‍നം കണ്ടോ ഇങ്ങനെയൊക്കെ എത്താൻ കഴിയും എന്ന് എനിക്ക് കാണിച്ചുകൊടുക്കാൻ പറ്റിയല്ലോ. അച്ഛനാണെങ്കിലും  ഇതുവരെ നല്ല ജീവിതമൊന്നുമുണ്ടായിട്ടില്ല. എന്റെ സ്വപ്‍നങ്ങളൊക്കെ പൂര്‍ത്തിയാകുന്നതൊടൊപ്പം എന്റെ കുടുംബത്തിനും വേണ്ടിയാണ് ഞാൻ എല്ലാം ചെയ്യുന്നത്. അതിന്റെ അടുത്തൊക്കെഎത്താൻ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. എന്നെയോര്‍ത്ത് അച്ഛനും അമ്മയും അനിയത്തിയുമൊക്കെ അഭിമാനിക്കുന്നു.

ബിഗ് ബോസില്‍ ചെയ്‍തതില്‍ എന്തെങ്കിലും തെറ്റായിപ്പോയി എന്ന് തോന്നുണ്ടോ?

ഇല്ല. എനിക്ക് ശരിയെന്ന് തോന്നുന്നത് മാത്രമേ ബിഗ് ബോസിന് അകത്തും പുറത്തും ഞാൻ ചെയ്‍തിട്ടുള്ളൂ.

ബിഗ് ബോസില്‍ ഏറ്റവും ഇഷ്‍ടം ആരെയാണ് എന്ന് ചോദിച്ചാല്‍?

മനുഷ്യരോടുള്ള ഇഷ്‍ടത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ ഞാൻ പ്രവര്‍ത്തിച്ച കാര്യങ്ങളൊക്കെ വേയ്‍സ്റ്റാകും. എല്ലാവരോടും എനിക്ക് സ്‍നേഹം മാത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios