സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധിയെടുത്ത് രണ്ട് വര്‍ഷമായി ബിഗ് ബോസിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് അനീഷ് തന്നെ പറഞ്ഞിരിക്കുന്നത്
ബിഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തില്‍ത്തന്നെ പിന്നീട് ഏറ്റവുമധികം പരീക്ഷിക്കപ്പെട്ട ചില സ്ട്രാറ്റജികള്‍ ഹൗസില്‍ ആദ്യമായി നടപ്പിലാക്കിയത് രജിത് കുമാര്‍ ആയിരുന്നു. വണ്‍ വേഴ്സസ് അദേഴ്സ് എന്ന് പറയാവുന്ന, മറ്റുള്ള തെറ്റുകള്‍ക്കിടയിലെ ഒരേയൊരു ശരിയായും ക്യാമറ ഇപ്പുറത്തേക്ക് തിരിച്ചുവെച്ചാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് ഒരാളെ ഒറ്റപ്പെടുത്തുന്നതായുമൊക്കെ തോന്നിപ്പിക്കുന്ന ഇരുതല മൂര്‍ച്ചയുടെ കായംകുളം വാള്‍പോലെയുള്ള ഒന്നൊന്നര സ്ട്രാറ്റജി ആയിരുന്നു അത്. രണ്ടാം സീസണില്‍ രജിത് കുമാര്‍ നേടിയ ജനപ്രീതി കണ്ട് പിന്നീടുള്ള ബിഗ് ബോസ് സീസണുകളില്‍ ഈ സ്ട്രാറ്റജി പരീക്ഷിച്ച ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ രജിത് കുമാറിന്‍റെ കളി കണ്ടിട്ടുള്ളതിനാല്‍ അവരുടെയൊക്കെ സഹമത്സരാര്‍ഥികള്‍ എന്ത് വില കൊടുത്തും അത് തടഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്‍റെ ഏറ്റവും പുതിയ സീസണായ സീസണ്‍ 7 ല്‍ ഒരു മത്സരാര്‍ഥി രജിത് കുമാറിനെ മാതൃകയായി സ്വീകരിക്കുന്നതായി ആദ്യ വാരം തോന്നിപ്പിച്ചിരുന്നു. മറ്റാരുമല്ല. ഈ സീസണിലെ കോമണര്‍ ആയി എത്തിയ അനീഷ് ടി എ ആണ് അത്.
ഒരാള്‍ക്കെതിരെ മറ്റുള്ളവര്‍
സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധിയെടുത്ത് രണ്ട് വര്‍ഷമായി ബിഗ് ബോസിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് അനീഷ് തന്നെ പറഞ്ഞിരിക്കുന്നത്. വന്ന ആദ്യദിനം തന്നെ മറ്റുള്ളവരോട് അവര്‍ എന്ത് കരുതുമെന്ന ആശങ്കയൊന്നുമില്ലാതെയായിരുന്നു അനീഷിന്‍റെ പരിചയപ്പെടല്‍ തന്നെ. പിന്നീട് വണ്‍ വേഴ്സസ് അദേഴ്സ് തന്ത്ര്യം പയറ്റുന്ന അനീഷിനെയാണ് കണ്ടത്. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഈ തന്ത്രം തിരിച്ചറിയാന്‍ കഴിയാത്ത സഹമത്സരാര്‍ഥികളായിരുന്നു അനീഷിന് ചുറ്റും. ഒരാള്‍ ശരാശരിയില്‍ അധികം സ്ക്രീന്‍ സ്പേസ് എടുക്കുന്നുണ്ടെങ്കില്‍ അത് എങ്ങനെയെന്ന് നിരീക്ഷിക്കുകയും നിഷ്പ്രഭമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഏതെങ്കിലുമൊക്കെ മത്സരാര്‍ഥികള്‍ മുന്‍ സീസണുകളില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ ആരും അത്രത്തോളം സൂക്ഷ്മത പുലര്‍ത്തുന്നില്ല എന്നത് അനീഷിന് ഗുണമായി. ഒപ്പം ആദ്യവാരത്തിലെ ക്യാപ്റ്റന്‍സി കൂടി ലഭിച്ചതോടെ വിചാരിച്ചത് ഗംഭീരമായി നടപ്പാക്കുന്ന അനീഷിനെയാണ് കണ്ടത്.
ഞാന്‍ എന്ന വലിയ ശരി
ഹൗസിലെ ഏത് പ്രശ്നത്തിലും മാറിനില്‍ക്കാതെ ഉറപ്പായും ഇടപെടുക, തന്‍റെ വാദങ്ങള്‍ മാത്രമാണ് ശരിയെന്ന് ഉച്ചത്തില്‍ വാദിച്ചുകൊണ്ടേയിരിക്കുക. ഇവിടെയും അനീഷില്‍ രജിത് കുമാര്‍ ഇന്‍ഫ്ലുവന്‍സ് കാണാനാവും. പോയിന്‍റുകള്‍ കൃത്യമായി അവതരിപ്പിക്കുന്ന മത്സരാര്‍ഥികള്‍ ഈ സീസണില്‍ കുറവാണ്. എന്നാല്‍ അനീഷിന് അത് സാധിക്കുന്നുണ്ട്. അതിനാല്‍ തന്‍റെ ഭാഗത്ത് ന്യായമുള്ള കാര്യങ്ങളില്‍ നടത്തുന്ന വാദങ്ങളില്‍ അനീഷിന് ജനപിന്തുണ ഉറപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ എപ്പോഴും താനാണ് ശരിയെന്ന് വാദിക്കുന്നതിനാല്‍ ഇത് പലപ്പോഴും പാളുന്നുമുണ്ട്. അപൂര്‍വ്വം ചില വീഴ്ചകള്‍ തുറന്ന് സമ്മതിക്കുന്നതിലൂടെയാണ് അനീഷ് ഇത് മാനേജ് ചെയ്യുന്നത്. ഷോ മുന്നോട്ട് പോകുമ്പോള്‍ രജിതു കുമാര്‍ ചെയ്തിരുന്നതുപോലെ പരസ്യമായ ക്ഷമാപണങ്ങളിലേക്കും അനീഷ് എത്താന്‍ സാധ്യതയുണ്ട്.
ഗെയിമുകളിലെ കണിശത
ഫിസിക്കല്‍ ടാസ്കുകളില്‍ തങ്ങളുടെ മുഴുവന്‍ നല്‍കുന്ന മത്സരാര്‍ഥികള്‍ ഇക്കുറി ചിലരുണ്ട്. ആര്യനും ജിസൈലും അക്ബറുമൊക്കെ ആ കൂട്ടത്തില്‍ പെടും. എന്നാല്‍ ബിഗ് ബോസ് നല്‍കുന്ന ടാസ്കുകളുടെ നിയമങ്ങള്‍ പൂര്‍ണ്ണമായും മനസിലാക്കി, അതിലെ ലൂപ്പ് ഹോളുകള്‍ എന്തെന്ന് കണ്ടെത്തി നടപ്പാക്കുന്നതില്‍ മുന്നിലുള്ളത് ഈ സീസണില്‍ അനീഷ് ആണ്. ബിഗ് ബോസ് മുന്‍ സീസണുകള്‍ കാര്യമായി പഠിച്ചതിലൂടെയാവും അനീഷ് ഇതിനെ മേല്‍ക്കൈ നേടിയെടുത്തത്. ഇക്കാര്യത്തില്‍ രജിത് കുമാറിനോളം എത്തില്ലെങ്കിലും ഈ സീസണ്‍ മത്സരാര്‍ഥികളുടെ ടാസ്കുകളിലെ പ്രകടന നിലവാരം നോക്കുമ്പോള്‍ അനീഷ് മുന്നില്‍ത്തന്നെയാണ്.
സ്ത്രീവിരുദ്ധത
സീസണ്‍ 2 ല്‍ രജിത് കുമാറിന് മേല്‍ക്കൈ നല്‍കിയ ഘടങ്ങളിലൊന്ന് ലിംഗപരമായ ചര്‍ച്ചകളില്‍ ഉയര്‍ത്തുന്ന വിചിത്ര വാദങ്ങള്‍ ആയിരുന്നു. ഇവയെ ന്യായീകരിക്കാന്‍ ഇല്ലാത്ത ശാസ്ത്രീയതയുടെ മുഖാവരണവും നല്‍കുമായിരുന്നു ഈ മത്സരാര്‍ഥി. ബിഗ് ബോസ് വേദിയിലേക്ക് അനീഷ് തന്നെ അവതരിപ്പിച്ചതുതന്നെ സ്ത്രീവിരുദ്ധന്‍ എന്ന വിശേഷണത്തോടെ ആയിരുന്നു. മോഹന്‍ലാലിന്‍റെ ചോദ്യത്തിന് തനിക്കുള്ളത് സ്ത്രീവിരുദ്ധത അല്ലെന്നും മറിച്ച് വിശ്വസിക്കുന്നത് ലിംഗസമത്വത്തില്‍ ആണെന്നും മറുപടി പറഞ്ഞിരുന്നെങ്കിലും പിന്നീടുള്ള പല സംഭാഷണങ്ങളിലും അനീഷിന്‍റെ പുരോഗമനപരത ചോദ്യം ചെയ്യപ്പെട്ടു. ലെസ്ബിയന്‍ കപ്പിള്‍ ആയ ആദില-നൂറയോട് വീട്ടുകാരുമായി എന്തുകൊണ്ട് രമ്യതയില്‍ എത്തുന്നില്ല എന്ന് ചോദിച്ചതും അതിന് നിരത്തിയ വാദഗതികളുമൊക്കെ താന്‍ സ്വയം പ്ലേസ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നത് യാഥാസ്ഥിതികമായ കൂട്ടത്തിലാണെന്ന് പറയാതെ പറയുകയായിരിക്കാം അനീഷ്. ബിഗ് ബോസ് ചരിത്രം അനുസരിച്ച് ഇതിലൂടെ വോട്ടുകളില്‍ മിനിമം സംഖ്യ ഉറപ്പിക്കാമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ അനീഷിനെ കുറ്റം പറയാനും സാധിക്കില്ല.
ശരിക്കും ആരാണ് നിങ്ങള്‍?
ബിഗ് ബോസ് ഷോയുടെ പ്രത്യേകത നിങ്ങള്‍ പുറത്തുനിന്ന് മെനഞ്ഞുകൊണ്ടുവരുന്ന തന്ത്രങ്ങള്‍ അധികം ആഴ്ചകളൊന്നും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ല എന്നതാണ്. ആദ്യ വാരങ്ങളില്‍ പഠിച്ചുകൊണ്ടുവന്നതില്‍ ചിലതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാലും മുന്നോട്ട് പോകവെ ആ പരിചകളിലൊക്കെ സുഷിരങ്ങള്‍ വീഴും. റിയല്‍ നേച്ചര്‍ എന്താണോ അത് പുറത്തുവരും. അനീഷിന്‍റെ കാര്യമെടുത്താല്‍ ആദ്യ വാരത്തേതില്‍ നിന്ന് രണ്ടാം വാരത്തില്‍ എത്തിയപ്പോള്‍ അല്‍പസ്വല്‍പം വ്യത്യാസങ്ങളൊക്കെ വന്നിട്ടുണ്ടെന്ന് കാണാം. സഹമത്സരാര്‍ഥികളുമായി വാശിയേറിയ തര്‍ക്കങ്ങളൊക്കെ ഇപ്പോഴും ഉണ്ടാവുന്നുണ്ടെങ്കിലും അവരുമായി ലൈറ്റര്‍ മൊമന്‍റ്സും ഉണ്ടാവുന്നുണ്ട് എന്നതാണ് ആ പ്രത്യേകത. മറ്റുള്ളവരുമായി തമാശയും സൊറയുമൊക്കെ പറഞ്ഞിരിക്കുന്ന അനീഷിനെ രണ്ടാം വാരം കണ്ടു. ഡെഡ് സോണിലേക്ക് പോകാനുള്ള നോമിനേഷന്‍ ലഭിച്ചിട്ടും അതിനായുള്ള ടാസ്കുകളില്‍ അവസാനം വരെ പിന്നില്‍ നിന്നിട്ടും ഒറ്റ ടാസ്ക് കൊണ്ട് അനീഷ് കളി തിരിച്ചിരുന്നു. ഈ സീസണിലെ ആദ്യ ഗെയിം ചേഞ്ചിംഗ് മൊമെന്‍റും അത് തന്നെ ആയിരുന്നു. ഈ മത്സരാര്‍ഥിയെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പ്രേക്ഷകര്‍ക്ക് അയാളെ ഒഴിവാക്കി ഈ സീസണിനെക്കുറിച്ച് ആലോചിക്കാനാവില്ല എന്നതിന്‍റെ തെളിവ് കൂടിയാണ് അത്.

