ഏഴാം സീസണിന്‍റെ ലോഗോ പുറത്തെത്തിയിരുന്നു

ബിഗ്ബോസ് മലയാളത്തിന്റെ ഏഴാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നതിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഉയർന്നുകേട്ട ഒരു പേരാണ് മിനിസ്ക്രീൻ താരം അനുമോൾ അനുക്കുട്ടിയുടേത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിച്ച് അനുമോൾ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.

ബിഗ്ബോസ് മലയാളം ഏഴാം സീസണിൽ അനുമോൾ അനുക്കുട്ടിയും ഉണ്ടാകും എന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയ്ക്കു താഴെ ''ഇത് എപ്പോ? ഞാൻ അറിഞ്ഞില്ലല്ലോ'', എന്നാണ് അനുമോൾ കമന്റ് ചെയ്തത്. ബിഗ് ബോസ് മലയാളത്തിന്റെ മുൻ സീസണുകൾക്കു മുൻപും മൽസരാർത്ഥികളുടെ പട്ടികയിൽ അനുമോളുടെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ അപ്പോഴും താരം ഷോയിൽ എത്തിയിരുന്നില്ല.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷ‌‍ൻ ഷോയിലൂടെയും പ്രശസ്തയായി. അനുക്കുട്ടി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ അനുമോളെ വിളിക്കുന്നത്. അനുവിന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളടക്കം സോഷ്യല്‍ മീഡിയയിലുണ്ട്. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും അനുമോൾക്ക് അടുത്തിടെ ലഭിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലിലെ പ്രകടനമാണ് അനുമോളെ അവാർഡിന് അർഹയാക്കിയത്.

അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് അനുമോൾ. പഠനകാലത്ത് തന്നെ അഭിനയത്തോടും മോഡലിംഗിനോടും വലിയ താൽപര്യം ഉണ്ടായിരുന്ന അനുമോൾ നിരവധി ബ്രാൻ‍ഡുകൾക്ക് മോഡൽ ആയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും താരം ഇതിനിടെ വേഷമിട്ടു. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവിംഗ് ഉള്ള താരം കൂടിയാണ് അനുമോൾ. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുമുണ്ട്.

https://www.youtube.com/watch?v=Ko18SgceYX8