ബിഗ് ബോസ് മലയാളം സീസണ്‍ 7 സെക്കന്‍ഡ് ലാസ്റ്റ് വീക്കില്‍ നടന്ന ‘പ്രൊപ്പോസലി’ല്‍ രസകരമായ ചോദ്യങ്ങളുമായി മോഹന്‍ലാല്‍

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ഹൗസില്‍ സംഘര്‍ഷങ്ങളൊക്കെ ഒഴിഞ്ഞ മട്ടാണ്. അഭിപ്രായവ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പകരം സൗഹൃദാന്തരീക്ഷമാണ് ഹൗസില്‍. അതിനിടെ ഒരു പ്രൊപ്പോസല്‍ രംഗവും കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ കണ്ടു. അനീഷ് ആണ് അനുമോളോട് വിവാഹാഭ്യര്‍ഥന നടത്തിയത്. എന്നാല്‍ അതിനോട് നെഗറ്റീവ് ആയി ആയിരുന്നു അനുമോളുടെ പ്രതികരണം. വെള്ളിയാഴ്ച എപ്പിസോഡിലെ ഈ സര്‍പ്രൈസ് സംഭവം ഇന്നത്തെ വാരാന്ത്യ എപ്പിസോഡിലും ചര്‍ച്ചയാവുകയാണ്. അനീഷിന്‍റെ പ്രൊപ്പോസലിനെക്കുറിച്ച് അനീഷിനോടും അനുമോളോടും മോഹന്‍ലാല്‍ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുന്ന പ്രൊമോയില്‍ ഉണ്ട്.

എങ്കില്‍ എന്നോട് പറ, എന്നാണ് അനീഷിനോടുള്ള മോഹന്‍ലാലിന്‍റെ ആദ്യ സംഭാഷണം. താന്‍ നായകനായ വന്ദനം സിനിമയിലെ ഡയലോഗ് സൂചിപ്പിക്കുന്ന മോഹന്‍ലാലിനെ മറ്റ് മത്സരാര്‍ഥികളാണ് പൂരിപ്പിക്കുന്നത്. പിന്നീട് മോഹന്‍ലാല്‍ ചോദിക്കുന്നു- അനീഷ് ഒരു പ്രണയമാണെന്ന് തോന്നുന്നുണ്ടോ. അങ്ങനെ ഒരു ഫീല്‍ തോന്നിയെന്നും അപ്പോള്‍ അത് പറഞ്ഞുവെന്നും അനീഷിന്‍റെ മറുപടി. പിന്നീട് അനുമോളോടും മോഹന്‍ലാല്‍ ഇക്കാര്യം ചോദിക്കുന്നു- അനുമോള്‍, എന്തൊക്കെയുണ്ട് വിശേഷം. നല്ല വിശേഷം. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരാള്‍ മുഖത്ത് നോക്കി ഇങ്ങനെ പറയുന്നത്, എന്നാണ് അനുമോളുടെ മറുപടി. ​ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു ദിവസം ഞാന്‍ വരേണ്ടിവരുമോ, എന്ന് അനുമോളോട് മോഹന്‍ലാല്‍ ചോദിക്കുന്നതും പ്രൊമോയില്‍ ഉണ്ട്.

വിവാഹത്തിന് മുന്നോടിയായി തനിക്ക് ഒരുപാട് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഇപ്പോള്‍ വിവാഹത്തിനുള്ള സമയമല്ലെന്നും അനുമോള്‍ അനീഷിന്‍റെ അഭ്യര്‍ഥനയോട് ഇന്നലെ പ്രതികരിച്ചിരുന്നു. എനിക്കായിട്ട് ഒരു വീട് വെക്കണം. പിന്നെ എന്‍റെ കാര്യങ്ങള്‍ നോക്കണം. കല്യാണത്തിന് വേണ്ടിയുള്ള കുറേ കാര്യങ്ങള്‍ ഉണ്ടല്ലോ. കുറച്ച് കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്ത് വച്ചിട്ടുണ്ട്. ചെറിയ രീതിയില്‍ ​ഗുരുവായൂര്‍ പോയി താലി കെട്ടണം. അങ്ങനെയൊക്കെയുണ്ട്. അതൊന്നും ഇപ്പോള്‍ നടക്കില്ല. അനുമോള്‍ അനീഷിനോട് പറഞ്ഞിരുന്നു. തനിക്ക് മുന്‍പ് ഒരു റിലേഷന്‍ ഉണ്ടായിരുന്നുവെന്നും അത് അവസാനിച്ചതോടെ ഇനി വിവാഹമേ വേണ്ടെന്നുവച്ചിരുന്നതാണെന്നും അച്ഛനും അമ്മയുമൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ രണ്ട് വര്‍ഷത്തിനകം വിവാഹം ആകാമെന്ന് അവരോട് പറഞ്ഞിട്ടുണ്ടെന്നും അനുമോള്‍ അനീഷിനോട് പറഞ്ഞു. “സെറ്റില്‍ഡ് ആവണം, കരിയര്‍ നോക്കണം. ഇതിനിടെ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല”, അനീഷിനോട് അനുമോള്‍ പറഞ്ഞിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്