ബിഗ് ബോസ് മലയാളം സീസൺ 7 അവസാന വാരത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതോടെ ഹൗസില്‍ ഇനി പല മാറ്റങ്ങളുമുണ്ട്
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി വെറും 9 ദിവസങ്ങള്‍ കൂടി മാത്രം. നിലവില്‍ അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ നിന്ന് ഫൈനല്‍ 5 ല്‍ ആരൊക്കെ ആയിരിക്കുമെന്നും അതില്‍ നിന്ന് അന്തിമ വിജയി ആരെന്നുമൊക്കെ ഈ 9 ദിനങ്ങള്‍ക്കുള്ളില്‍ അറിയാം. അതേസമയം കഴിഞ്ഞ ആഴ്ചകളില്‍ ഒന്നും കണ്ട ബിഗ് ബോസ് ഹൗസ് അല്ല ഈ വാരം. മുന്‍പ് എപ്പോഴും സംഘര്‍ഷഭരിതമായിരുന്ന ഹൗസ് ഇപ്പോള്‍ സൗഹൃദത്തിന്‍റെ പങ്കിടലും കളിചിരികളുമൊക്കെയായി രസകരമാണ്. ഇത്ര നാളും പരസ്പരം പോരടിച്ചിരുന്ന മത്സരാര്‍ഥികള്‍ സൗഹൃദത്തില്‍ കഴിയുന്നത് കാണികള്‍ക്കും പുതിയ അനുഭവമാണ്. പതിമൂന്ന് ആഴ്ചകള്‍ പോലെയല്ല ബിഗ് ബോസില്‍ ഫിനാലെ വീക്ക് ആയ 14-ാം വാരം. പല പ്രത്യേകതകളുമുണ്ട്. അതിലൊരു കാര്യം ബിഗ് ബോസ് ഇന്ന് മത്സരാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു.
വാരാന്ത്യ എപ്പിസോഡുകള്‍ക്ക് മുന്‍പാണ് ജയില്‍ നോമിനേഷന്‍ നടക്കുക. പിന്നിടുന്ന വാരം മോശം പ്രകടനം കാഴ്ചവെച്ച രണ്ട് മത്സരാര്‍ഥികളെ ഓരോരുത്തര്‍ക്കും നോമിനേറ്റ് ചെയ്യാം. അതില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന രണ്ട് പേരാണ് ജയിലിലേക്ക് പോവുക. ഇത്തവണയും നോമിനേഷന്‍ നടന്നു. നൂറയ്ക്കും സാബുമാനുമാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ അവസാന വാരം അടുത്തതിനാല്‍ ഇനി ആരെയും ജയിലിലേക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. അതേസമയം ജയില്‍ എക്സ്പ്ലോര്‍ ചെയ്യണമെന്ന് ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ സ്വന്തം തീരുമാനപ്രകാരം ജയിലില്‍ പോകാമെന്നും ബിഗ് ബോസ് അറിയിച്ചു. അങ്ങനെ ജയിലില്‍ പോകാന്‍ സ്വന്തം ഇഷ്ടപ്രകാരം നൂറയും സാബുമാനും തീരുമാനിച്ചു.
അവരുടെ ജയില്‍ സമയം കഴിഞ്ഞതായ അറിയിപ്പ് ലഭിച്ചപ്പോള്‍ അവരെ പുറത്തിറക്കിയ ശേഷം അനീഷ് ആണ് ജയില്‍ പൂട്ടാനായി എത്തിയത്. എന്നാല്‍ അനീഷിനെ ബിഗ് ബോസ് തടഞ്ഞു. സീസണ്‍ 7 ലെ ജയില്‍ എന്നേക്കുമായി അടയ്ക്കുകയാണെന്നും അത് പൂട്ടാനായി തങ്ങളുടെ ഒരാള്‍ അവിടേയ്ക്ക് വരുമെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെ കറുത്ത വസ്ത്രങ്ങളും മാസ്കുമൊക്കെ ധരിച്ച ഒരാള്‍ അതിനായി എത്തുകയും ജയില്‍ പൂട്ടി പോവുകയും ചെയ്തു. അയാള്‍ എത്തുന്ന സമയത്ത് എല്ലാവരും ഒരുമിച്ച് ജയിലിലേക്ക് കടന്ന് അകത്തെ ക്യാമറയില്‍ ഒരു ഫോട്ടോയ്ക്കായി പോസ് ചെയ്യുകയും ചെയ്തു. അങ്ങനെ സീസണ്‍ 7 ല്‍ ഇനി ജയില്‍ ഇല്ല. ഈ സീസണില്‍ ഏറ്റവുമധികം തവണ ജയിലില്‍ കഴിഞ്ഞത് അനീഷ് ആയിരുന്നു.

