റിയാസ് സലിമിനെ പിന്തുണയ്ക്കാനുള്ള കാരണം പറഞ്ഞ് സംവിധായകന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫൈനലിസ്റ്റുകളില്‍ ഒരാളായ റിയാസ് സലിമിനുവേണ്ടി (Riyas Salim) വോട്ട് അഭ്യര്‍ഥിച്ച് സംവിധായകന്‍ ജിയോ ബേബി (Jeo Baby). എല്‍ജിബിടിക്യു പ്ലസ് സമൂഹത്തിനുവേണ്ടിയുള്ള റിയാസിന്‍റെ നിലപാടുകള്‍ ഇന്നിന്‍റെ ആവശ്യമാണെന്നും താന്‍ അതിനൊപ്പം നില്‍ക്കുന്നുവെന്നും ജിയോ ബേബി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെയാണ് ജിയോ ബേബി വോട്ട് അഭ്യര്‍ഥിക്കുന്നത്. നേരത്തെ എല്‍ജിബിടിക്യുഎഐ പ്ലസ് സമൂഹത്തെക്കുറിച്ച് വിശദമാക്കുന്ന റിയാസിന്‍റെ ബിഗ് ബോസിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആ വീഡിയോ ഷെയര്‍ ചെയ്‍ത പ്രമുഖരില്‍ ഒരാള്‍ ജിയോ ബേബി ആയിരുന്നു.

ജിയോ ബേബി പറയുന്നു

ബിഗ് ബോസ് അതിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ റിയാസ് സലിമിനുവേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയാണ്. എല്‍ജിബിടിക്യൂ പ്ലസ് കമ്യൂണിറ്റിക്കുവേണ്ടി അദ്ദേഹം സംസാരിക്കുന്ന ഓരോ കാര്യങ്ങളും ഈ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ ആവശ്യകതയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഞാന്‍ പിന്തുണയ്ക്കുന്നത്. ഇന്നും സമൂഹത്തില്‍ ഈ വിഭാഗത്തെ നോര്‍മല്‍ ആയിട്ട് കാണുന്ന വളരെ ചെറിയൊരു വിഭാഗമേ ഉള്ളൂ. ഇത് നോര്‍മല്‍ മനുഷ്യ ജീവിതങ്ങളാണെന്ന് നമ്മള്‍ ഓരോ ദിവസവും പറഞ്ഞുകൊണ്ടിരിക്കേണ്ടതുണ്ട്. റിയാസ് സലിമിന്‍റെ സംസാരവും ഇടപെടലുകളുമെല്ലാം വളരെ ആവശ്യമുള്ളതാണ് ഇന്നത്തെ സമൂഹത്തിന്. അതുകൊണ്ടാണ് അദ്ദേഹത്തിനു വേണ്ടി ഞാന്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. വ്യക്തിപരമായി, ഞാന്‍ വിദ്യാര്‍ഥിയായിരിക്കെ 2007ല്‍ ഹോമോസെക്ഷ്വല്‍ ജീവിതങ്ങളെക്കുറിച്ച് ഷോര്‍ട്ട് ഫിലിം ചെയ്‍തതിന്‍റെ പേരില്‍ കോളെജില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വിദ്യാര്‍ഥിയാണ്. അന്ന് ഞാനും ശ്രമിച്ചത് ഇത് നോര്‍മല്‍ ആണ് എന്ന് പറയാന്‍ മാത്രമാണ്. പക്ഷേ അന്നും ഇന്നും സമൂഹം ഒരുപാട് വളരേണ്ടതുണ്ട്, ഇവരെ ഉള്‍ക്കൊള്ളാന്‍. അതിനുവേണ്ടി റിയാസിന്‍റെ പ്രവര്‍ത്തനങ്ങളോട് ഒപ്പം ഞാന്‍ നില്‍ക്കുന്നു. റിയാസിനുവേണ്ടി വോട്ട് ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. റിയാസിന് എല്ലാ വിജയങ്ങളും നേരുന്നു. 

ALSO READ : കമല്‍ ഹാസനും മമ്മൂട്ടിയും ഒരുമിക്കുന്നു? ഒപ്പം സിമ്പുവും ഉണ്ടെന്ന് റിപ്പോർട്ട്