ഇതുവരെയുള്ള എല്ലാ സീസണുകളിലും അവതാരകന്‍. പതിനൊന്നാം സീസണ്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍

ബി​ഗ് ബോസ് കന്നഡ പതിപ്പിന്‍റെ അവതാരക സ്ഥാനത്തുനിന്ന് പിന്മാറുകയാണെന്ന് ചലച്ചിത്രതാരം കിച്ച സുദീപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സീസണ്‍ 11 നടന്നുകൊണ്ടിരിക്കെയായിരുന്നു സുദീപിന്‍റെ പ്രഖ്യാപനം. ബിഗ് ബോസില്‍ ഇത് തന്‍റെ അവസാന സീസണ്‍ ആയിരിക്കുമെന്നാണ് സുദീപ് അറിയിച്ചത്. സീസണ്‍ ആരംഭിച്ച് രണ്ട് ആഴ്ചകള്‍ മാത്രം ആയിരിക്കെ താരത്തിന്‍റെ ഭാ​ഗത്തുനിന്നുണ്ടായ പ്രഖ്യാപനം വേറിട്ട വ്യാഖ്യാനങ്ങളാണ് ആരാധകരുടെ ഭാ​ഗത്തുനിന്ന് ഉണ്ടാക്കിയത്. ഇതേക്കുറിച്ച് പല വിലയിരുത്തലുകളും സോഷ്യല്‍ മീഡിയയിലും യുട്യൂബിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഷോ സംപ്രേഷണം ചെയ്യുന്ന കളേഴ്സ് കന്നഡ ചാനലുമായുള്ള പ്രശ്നം മൂലമാണ് ഒഴിവാകുന്നതെന്നായിരുന്നു ഒരു വിലയിരുത്തല്‍. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ച സുദീപ്.

പ്രചരിക്കുന്ന ഊഹാപോഹങ്ങളെല്ലാം തെറ്റാണെന്നും താനും ചാനലുമായി ഊഷ്മളമായ ബന്ധമാണ് ഉള്ളതെന്നും കിച്ച സുദീപ് പറയുന്നു. എക്സിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. "നീണ്ടതും പോസിറ്റീവും ആയ ഒരു യാത്രയാണ് ഞങ്ങള്‍ (ചാനലും താനും) പങ്കിട്ടത്. ബഹുമാനക്കുറവ് എന്ന കാര്യം ആ ബന്ധവുമായി ചേര്‍ത്ത് ഉണ്ടാവാന്‍ പാടില്ല. വിശദീകരണം ഇല്ലാത്ത ഊഹാപോഹങ്ങളാണ് ഈ വിഷയത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ ട്വീറ്റ് നേരിട്ടുള്ളതും ആത്മാര്‍ഥവുമായിരുന്നു. കളേഴ്സുമായുള്ള എന്‍റെ ബന്ധം മനോഹരമായിരുന്നു. ബഹുമാനത്തോടെയേ അവര്‍ എന്നെ പരിഗണിച്ചിട്ടുള്ളൂ. ഷോ ഡയറക്ടര്‍ പ്രകാശ് കഴിവുറ്റ, ഊര്‍ജ്ജസ്വലനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ അനാവശ്യ ആരോപണങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നത് കണ്ട് ആസ്വദിക്കുന്ന ഒരാളല്ല ഞാന്‍", കിച്ച സുദീപ് എക്സില്‍ കുറിച്ചു.

ഇപ്പോള്‍ പുരോഗമിക്കുന്ന 11-ാം സീസണ്‍ ഉള്‍പ്പെടെ കന്നഡ ബിഗ് ബോസില്‍ ഇതുവരെ നടന്ന എല്ലാ സീസണുകളുടെയും അവതാരകന്‍ കിച്ച സുദീപ് ആയിരുന്നു. സെപ്റ്റംബര്‍ 29 നാണ് കന്നഡ ബിഗ് ബോസ് സീസണ്‍ 11 ആരംഭിച്ചത്. 

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം