Asianet News MalayalamAsianet News Malayalam

'എട്ട് ലക്ഷം രൂപ മാസശമ്പളത്തില്‍ നിന്ന് കൊടും പട്ടിണിയിലേക്ക്'; കിടിലം ഫിറോസ് പറയുന്ന ജീവിതാനുഭവം

"ഒറ്റയടിക്കാണ് ജീവിതം തകിടംമറിയുന്നത്. റെസിഡന്‍റ്സ് പെര്‍മിറ്റ് കിട്ടിയിട്ടില്ല. അന്നുവരെ ഭക്ഷണം മുടങ്ങിയിട്ടില്ലാത്ത എനിക്ക് അന്ന് ഭക്ഷണം മുടങ്ങി. ഞാന്‍ കൊണ്ടുവന്ന 25 പേര്‍ പട്ടിണിയിലായി.."

kidilam firoz about the hardships he faced at qatar
Author
Thiruvananthapuram, First Published Feb 19, 2021, 11:17 PM IST

ബിഗ് ബോസ് സീസണുകളിലെ ആദ്യ ടാസ്കുകളിലൊന്നാണ് സ്വജീവിതാനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കല്‍. വെറും പരിചയപ്പെടുത്തലിന് പകരം ഏതെങ്കിലുമൊരു വിഷയം കൊടുത്തിട്ട് അതേക്കുറിച്ചുള്ള സ്വന്തം അനുഭവം പങ്കുവെക്കലാണ് ഈ സീസണിലെ ആദ്യ ടാസ്ക്. കിടിലം ഫിറോസ് അന്ന് അറിയപ്പെടുന്ന ആര്‍ജെ ഫിറോസിനായിരുന്നു ഇന്നത്തെ എപ്പിസോഡിലെ ആദ്യ ഊഴം. 'ജീവിത പോരാട്ടം' എന്നതായിരുന്നു ഫിറോസിന് ലഭിച്ച വിഷയം. എട്ട് ലക്ഷം രൂപ മാസശമ്പളത്തില്‍ നിന്ന് പട്ടിണിയിലേക്ക് വീണുപോയ ജീവിതാനുഭവമാണ് ഫിറോസ് പങ്കുവച്ചത്.

ഫിറോസ് പറയുന്ന അനുഭവം

എന്‍റെ ജീവിതത്തില്‍ അങ്ങനെ വലിയ പോരാട്ടങ്ങളൊന്നുമില്ല. ഏതൊക്കെയോ മേഖലകളില്‍ എപ്പോഴൊക്കെയോ എന്തൊക്കെയോ ചിലത് സംഭവിച്ചുപോയിട്ടുണ്ട്. ഞാന്‍ ഒരുപാട് ഭാഗ്യം ചെയ്തവനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എനിക്കൊരു ജോലിയുണ്ട്. കുടുംബത്തിന്‍റെയും കുട്ടികളുടെയും കാര്യം നോക്കാന്‍ എനിക്കുവേണ്ട പിന്തുണ എപ്പോഴും ജോലി നല്‍കിയിട്ടുണ്ട്. സിനിമ പോലെ മറ്റെന്തെങ്കിലും പാഷന്‍റെ പിറകെ പോവുകയാണെങ്കിലും നമുക്കൊരു ജോലി വേണമെന്നാണ് എനിക്കു പറയാനുള്ളത്. അങ്ങനെ ദുബൈയില്‍ ജോലി കിട്ടി. നമ്മള്‍ കരുതുന്നതുപോലെയല്ല, ദുബൈയിലേക്കൊക്കെ പോകുമ്പോള്‍ കുറച്ച് കൂടുതല്‍ ശമ്പളം കിട്ടും. ആ സമയത്ത് ശമ്പളം, ആങ്കറിംഗ്, ഡബ്ബിംഗ് ഒക്കെക്കൂടി മാസം എട്ട് ലക്ഷം രൂപ കിട്ടുന്ന സാഹചര്യമുണ്ടായിരുന്നു. വീട് വെക്കുന്നതിനായി ഒരു ചെറിയ തുക മാറ്റിവെക്കണമെന്ന് ബാപ്പ പറയുമായിരുന്നു. അത് ചെയ്യുന്നുണ്ടായിരുന്നു. അതല്ലാതുള്ളതൊക്കെ അടിച്ചുപൊളിച്ച് പോവുകയായിരുന്നു. അപ്പോളാണ് ഖത്തറില്‍ നിന്ന് ഒരു ഓഫര്‍ വരുന്നത്. സ്വന്തം പേരില്‍ ഒരു റേഡിയോ വരിക എന്നതായിരുന്നു അപ്പോഴത്തെ എന്‍റെ സ്വപ്നം. ഒരു സ്പോണ്‍സറെയും കിട്ടി. പല സ്ഥലങ്ങളില്‍ നിന്നായി മിടുക്കരായ 25 റേഡിയോ ജോക്കികളെ ഞാന്‍ റിക്രൂട്ട് ചെയ്യുന്നു. ഈ 25 പേരും പലയിടങ്ങളില്‍ നല്ല രീതിയില്‍ ജോലി ചെയ്തിരുന്നവരാണ്. എന്നെ വിശ്വസിച്ച് ആ ജോലി ഉപേക്ഷിച്ച് എന്‍റെ കൂടെ വരുന്നു. എടുത്തുചാടിയാല്‍ നടക്കും എന്ന വിശ്വാസക്കാരനാണ് ഞാന്‍. സംഗതികളൊക്കെ ഗംഭീരമായിട്ട് മുന്നോട്ടുപോയി. പക്ഷേ മൂന്നാമത്തെ മാസമായപ്പോള്‍ സ്പോണ്‍സര്‍ മുങ്ങി. 

kidilam firoz about the hardships he faced at qatar

 

ഒറ്റയടിക്കാണ് ജീവിതം തകിടംമറിയുന്നത്. റെസിഡന്‍റ്സ് പെര്‍മിറ്റ് കിട്ടിയിട്ടില്ല. അന്നുവരെ ഭക്ഷണം മുടങ്ങിയിട്ടില്ലാത്ത എനിക്ക് അന്ന് ഭക്ഷണം മുടങ്ങി. ഞാന്‍ കൊണ്ടുവന്ന 25 പേര്‍ പട്ടിണിയിലായി. പിന്നെ ഒരു ബിഗ് ബോസ് ഹൗസ് പോലെയായി ഞങ്ങളുടെ ഇടം. മൂന്ന് മാസങ്ങള്‍ ഞങ്ങള്‍ ഒരു വില്ലയിലാണ് പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ കഴിഞ്ഞുകൂടിയത്. വീട് വെക്കാന്‍ മാറ്റിവച്ചിരുന്ന പൈസയെടുത്ത് ആ 25 പേരില്‍ പലരെയും ടിക്കറ്റെടുത്ത് മടക്കി അയച്ചു. പലര്‍ക്കും മറ്റു ജോലികള്‍ ശരിയാക്കിക്കൊടുത്തു. അവസാനം ഞാനും വിനോദേട്ടന്‍ എന്ന അടുത്ത ഒരാളും മാത്രമായി. ഒരു കിലോ അരിക്ക് അപ്പോള്‍ 9 റിയാലാണ്. പക്ഷേ അത് ഞങ്ങളുടെ കൈയില്‍ ഇല്ല. പെട്രോള്‍ പമ്പില്‍ ചെന്ന് ഫോണ്‍ വിറ്റ് ആ പണം കൊണ്ട് കുറച്ചുനാള്‍ പോയി. ഞങ്ങളുടെ അടുത്തുള്ള അറബികളുടെ വില്ലയില്‍ വലിയ പാര്‍ട്ടികളൊക്കെ നടക്കാറുണ്ട്. പാര്‍ട്ടി കഴിഞ്ഞ് ഒരു പച്ച ബോക്സിലേക്ക് അധികം വരുന്ന ഭക്ഷണം കൊണ്ടുവന്ന് തട്ടിയിട്ടുണ്ടാവും. ഒരു ദിവസം നോക്കുമ്പോള്‍ വിനോദേട്ടന്‍ അതിനകത്തുനിന്ന് ഒരു ഖുബ്ബൂസ് എടുത്തിട്ട് എന്നെ കാണിക്കുകയാണ്, ദൈവം തന്നതാടാ എന്നും പറഞ്ഞുകൊണ്ട്. നിനക്ക് വേണോ എന്ന് ചോദിക്കുകയാണ്. എംബസിയില്‍ വിളിക്കരുതെന്നായിരുന്നു അതുവരെയുള്ള തീരുമാനം. പക്ഷേ ആ കാഴ്ച കണ്ടപ്പോള്‍ തീരുമാനം മാറ്റി. രണ്ടും കല്‍പ്പിച്ച് എംബസിയിലേക്ക് വിളിച്ചു. ഈഗോയൊക്കെ വിട്ടു. എത്രയും പെട്ടെന്ന് നാടെത്തണമെന്നായി. ഏതൊക്കെയോ ജീവകാരുണ്യ പ്രവര്‍ത്തകര്‍ വന്നു, എന്തൊക്കെയോ തന്നു. എങ്ങനെയൊക്കെയോ നാട്ടിലെത്തിച്ചു. 

ആ പട്ടിണിയുടെ അനുഭവം കഴിഞ്ഞ് ഞാന്‍ ആദ്യം ചെയ്തത് എന്‍റെ ശരീരം മെഡിക്കല്‍ കോളെജിന് എഴുതി കൊടുക്കുക എന്നതാണ്. ഒരു മൂവായിരം പേരും എന്നോടൊപ്പം അതിനു തയ്യാറായി. 

Follow Us:
Download App:
  • android
  • ios