ബിഗ് ബോസ് മലയാളം സീസൺ 7ൽ നിന്ന് പുറത്തായ ലക്ഷ്മി, ആദിലയെയും നൂറയെയും വീട്ടിൽ പ്രവേശിപ്പിക്കില്ലെന്ന തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു. എവിക്ടായ ശേഷവും മാധ്യമങ്ങളോട് സംസാരിക്കവെ, താൻ പറഞ്ഞ കാര്യത്തിൽ ഒരു മാറ്റവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി വെറും മൂന്നാഴ്ച മാത്രമാണ് ബാക്കി. ആരാകും ബിഗ് ബോസ് കിരീടം നേടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. പത്ത് മത്സരാർത്ഥികളിൽ ലക്ഷ്മി കഴിഞ്ഞ ദിവസം എവിക്ട് ആയിരുന്നു. ഇതോടെ 9 മത്സരാർത്ഥികളാണ് ഇനി ഷോയിൽ ബാക്കിയുള്ളത്. വൈൽഡ് കാർഡ് എൻട്രിയായി എത്തി ശ്രദ്ധനേടിയ മത്സരാർത്ഥിയായിരുന്നു ലക്ഷ്മി. ഷോയിൽ ലക്ഷ്മി നടത്തിയ പല പരാമർശങ്ങളും ഹൗസിനുള്ളിലും പുറത്തും വലിയ ചർച്ചയായി മാറിയിരുന്നു. പ്രത്യേകിച്ച് ആദില- നൂറയെ തന്റെ വീട്ടിൽ കയറ്റില്ലെന്ന പരാമർശം.
ഒരു ടാസ്കിന് പിന്നാലെ ആയിരുന്നു ആദിലയേയും നൂറയേയും വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണെന്ന് ലക്ഷ്മി പറഞ്ഞത്. പിന്നാലെ വലിയ ചർച്ചകൾ നടന്നു. ഫാമിലി വീക്കിൽ ഇരുവരേയും സിറ്റൗട്ടിൽ ഇരുത്താമെന്ന് ലക്ഷ്മിയുടെ അമ്മ പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് അമ്മ പറഞ്ഞല്ലോ വീട്ടിൽ വരാമെന്ന തരത്തിൽ ആദിലയേയും നൂറയേയും ലക്ഷ്മി ക്ഷണിച്ചതും ഹൗസിനുള്ളിൽ കാണാൻ സാധിച്ചു. എന്നാൽ എവിക്ട് ആയതിന് പിന്നാലെ വീണ്ടും ഇരുവരേയും വീട്ടിൽ കയറ്റില്ലെന്ന് ഉറപ്പിച്ച് തന്നെ ലക്ഷ്മി പറയുകയാണ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും ലക്ഷ്മി ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
"ഞാൻ ഹാപ്പിയാണ്. നന്ദി. ഇത് അൺഫെയർ എവിക്ഷനൊന്നും അല്ല. ഇതൊരു ഗെയിം ആണ്. എവിക്ഷൻ ഏത് ആഴ്ചയിൽ വേണമെങ്കിലും ആവാം. നിലവിൽ നെവിൻ ആണ് എനിക്ക് ഇഷ്ടപെട്ട മത്സരാർത്ഥി. ഗെയിമറാണ് അവൻ. ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞത് ഇപ്പോഴും അങ്ങനെ തന്നെയാണ്. അത് മാറ്റിപ്പറയണമെന്നും തോന്നിയില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുണ്ട്", എന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. അതേസമയം, എയർപോർട്ടിൽ എത്തിയ ലക്ഷ്മിയ്ക്ക് വലിയ സ്വീകരണമായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും ഒരുക്കിയിരുന്നത്. പൂമാല ഇട്ടായിരുന്നു ലക്ഷ്മിയെ അവർ സ്വീകരിച്ചത്.



