ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിന് തുടക്കം. മത്സരിക്കാന്‍ ലക്ഷ്‍മി ജയന്‍

ഒരു ഗായിക എന്ന നിലയില്‍ അറിയപ്പെടുകയാണ് ആഗ്രഹമെങ്കിലും പല മേഖലകളില്‍ പ്രതിഭ തെളിയിച്ച ആളാണ് ലക്ഷ്‍മി ജയന്‍. വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെയൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട് ലക്ഷ്‍മി. ഇപ്പോഴിതാ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ മൂന്നാം സീസണില്‍ മത്സരാര്‍ഥിയായും എത്തുകയാണ് അവര്‍.

പ്രശസ്ത സംഗീത റിയാലിറ്റി ഷോ ആയ ഇന്ത്യന്‍ ഐഡളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ തന്നെ നേടിയിരുന്നു ലക്ഷ്‍മി. ഇന്ത്യന്‍ ഐഡളിന്‍റെ 2018ല്‍ നടന്ന 10-ാം സീസണിലാണ് ലക്ഷ്‍മി മത്സരിച്ചത്. പാടിയ പല വേദികളിലും വയലിന്‍ വായിച്ചും അവര്‍ കൈയടി നേടിയിട്ടുണ്ട്. വയലിനൊപ്പം ഗിത്താറും മൃദംഗവും കൈകാര്യം ചെയ്യും ലക്ഷ്‍മി. എന്നാല്‍ ഗായിക എന്ന നിലയില്‍ വലിയ പ്രേക്ഷക കൗതുകം നേടിയെടുത്തത് ഒരേഗാനം ആണ്‍-പെണ്‍ ശബ്ദങ്ങളില്‍ ആലപിക്കാനുള്ള ലക്ഷ്‍മിയുടെ കഴിവാണ്. ടെലിവിഷന്‍ അവതരണത്തിനൊപ്പം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളിലും ലക്ഷ്‍മി ശ്രദ്ധ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റിന്‍റെ ബെസ്റ്റ് എഫ് എം 95ല്‍ അവതാരക ആയിരുന്നു. 

തിരുവനന്തപുരം സ്വദേശിനിയായ ലക്ഷ്‍മി തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവിയേഷനില്‍ നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിംഗ് പഠിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുണ്ട്.