ബിഗ് ബോസില്‍ മലയാളത്തിന്‍റെ അഭിനേതാക്കള്‍ മത്സരാര്‍ത്ഥികളായി എത്തിയാല്‍ എന്താകും? ഒടുവില്‍ ഉത്തരവും എത്തി. ഇങ്ങനെ ഒരു സീസണ്‍ വേണമെന്ന് ബിഗ് ബോസ് പ്രേമികള്‍.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പടെ പല ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന ഷോയിൽ വിവിധ മേഖലയിലുള്ളവരാണ് മത്സരിക്കാനെത്തുന്നത്. 100 ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന് പ്രേക്ഷക പിന്തുണയോടെ ഏറ്റവും ഒടുവിൽ എത്തുന്നൊരാൾ വിജയി ആകും. ഒപ്പം മറ്റ് നാല് പേര് റണ്ണറപ്പുകാരും. മലയാളത്തിൽ നിലവിൽ സീസൺ 7 ആണ് അവസാനിച്ചത്. ആർട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ അനുമോൾ ആയിരുന്നു വിജയി. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നില്ലെങ്കിലും സീസൺ 8മായി ബന്ധപ്പെട്ട പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇക്കൂടത്തിലിപ്പോൾ ശ്രദ്ധനേടുകയാണ് ബിഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ'.
ബിഗ് ബോസിലേക്ക് മലയാള സിനിമയിലെ അഭിനേതാക്കൾ വന്നാൽ എന്താകും എന്നുള്ളതാണ് വീഡിയോ. എഐ ക്രിയേഷനാണിത്. വീഡിയോയ്ക്ക് ഒപ്പം ഫോട്ടോകളും ഇൻസ്റ്റാഗ്രാം പേജുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുൻനിര താരങ്ങൾ മുതൽ പുതുതലമുറയിലുള്ളവർ വരെ ഇതിലുണ്ട്. വിനായകനോട് ആക്രോശിക്കുന്ന മോഹൻലാലിനെയും ദേഷ്യത്തിൽ ചായക്കപ്പ് എറിഞ്ഞുടക്കുന്ന ഉണ്ണി മുകുന്ദനെയും കട്ടക്കലിപ്പിൽ നിൽക്കുന്ന നിവിൻ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെയും കാണാം. സായ് പല്ലവിയുമായി സൗഹൃദവും ദേഷ്യവുമൊക്കെ പ്രകടിപ്പിക്കുന്ന ദുൽഖറും ഇക്കൂട്ടത്തിലുണ്ട്. ബിഗ് ബോസ് ജയിലിനുള്ളിൽ കിടന്ന് കട്ടക്കലിപ്പിൽ നിൽക്കുന്ന ഷൈൻ ടോം ചാക്കോയും എഐ ക്രിയേഷനിലെ ഹൈലൈറ്റാണ്.
ഇവ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി ഒട്ടനവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കപ്പ് ഷൈൻ ടോം ചാക്കോ തന്നെ കൊണ്ടുപോകുമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. സെലിബ്രിറ്റികൾ ബിഗ് ബോസിൽ മത്സരാർത്ഥികളാകുന്നത് കാണാൻ ആഗ്രഹിക്കുന്നെന്നും ഇങ്ങനെ ഒരു സീസൺ വന്നാൽ പൊളിക്കുമെന്നെല്ലാം കമന്റുകളുണ്ട്. എഐ ക്രിയേഷനിൽ ഉൾപ്പെടാത്ത ധ്യാൻ ശ്രീനിവാസനെ പോലുള്ളവരും ബിഗ് ബോസിൽ വരണമെന്നും കമന്റുകളുണ്ട്. എന്തായാലും ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഈ ബിഗ് ബോസ് ഷോ പ്രേക്ഷകർക്ക് ഇഷ്ടമായെന്നതിൽ നൂറ് ശതമാനം ഉറപ്പാണ്.



