നിലവില്‍ കിച്ചണ്‍ ടീമില്‍ ഉള്ളയാളാണ് ഏയ്ഞ്ചലിന്‍

ബിഗ് ബോസ് മലയാളം സീസണിന് ആവേശകരമായ തുടക്കം കുറിച്ചത് ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. കഴിഞ്ഞ നാല് സീസണുകള്‍ കണ്ടിട്ട് വരുന്നവരാണ് മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും എന്നതിനാല്‍ തുടക്കം മുതല്‍ വാദപ്രതിവാദങ്ങളാല്‍ മുഖരിതമാണ് ബിഗ് ബോസ് വീട്. തുടക്കം മുതല്‍ തന്നെ ഓപണ്‍ നോമിനേഷനുമായി ബിഗ് ബോസും കളി വേറെ ലെവലില്‍ നിര്‍ത്തുകയാണ്. ഇന്നത്തെ എപ്പിസോഡില്‍ കിച്ചണ്‍ ഡ്യൂട്ടിയെ സംബന്ധിച്ചാണ് ഒരു അഭിപ്രായ വ്യത്യാസം ഉരുത്തിരിഞ്ഞുവന്നത്. മത്സരാര്‍ഥികളിലെ കുട്ടി ഏയ്ഞ്ചലിന്‍ മരിയയാണ് ആരോപണവുമായി എത്തിയത്.

നിലവില്‍ കിച്ചണ്‍ ടീമില്‍ ഉള്ളയാളാണ് ഏയ്ഞ്ചലിന്‍. എന്നാല്‍ താന്‍ സമയത്ത് ഉണര്‍ന്ന് എത്തുന്നില്ലെന്നും അതുകാരണം ടീമിലുള്ള മറ്റുള്ളവര്‍ ബുദ്ധിമുട്ടുകയാണെന്നും മനീഷ തന്നോട് പറഞ്ഞെന്നും വിവരിച്ച് ബെഡ് ഏരിയലില്‍ ഇരുന്ന് ഏയ്ഞ്ചലിന്‍ കരയാന്‍ ആരംഭിച്ചു. ശ്രുതി ലക്ഷ്മി, നാദിറ, ഗോപിക, റിനോഷ് തുടങ്ങിയവര്‍ ഈ സമയം അടുത്തുണ്ടായിരുന്നു. ഇതേസമയത്ത് കിച്ചണ്‍ ടീമിന്‍ റെ ഭാഗമായ അഖില്‍ മാരാരും അവിടേക്ക് എത്തി. എന്ത് പറഞ്ഞാലും ഹര്‍ട്ട് ആയി എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അതിനുംവേണ്ടി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും അഖില്‍ പറഞ്ഞു. കിച്ചണ്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജോലികള്‍ കാര്യമായി അറിയില്ലെങ്കിലും മാറിനടക്കാതെ അവിടെയെത്തി അവരെ സഹായിക്കേണ്ടതാണെന്ന് ശ്രുതി അടക്കമുള്ളവര്‍ പറഞ്ഞു. ഈ സമയം നാദിറ പറഞ്ഞറിഞ്ഞ് ഏയ്ഞ്ചലിനോട് സംസാരിക്കാനായി മനീഷ നേരിട്ടെത്തി.

താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചുകൊണ്ടാണ് മനീഷ എത്തിയത്. കൊച്ചുകുട്ടി എന്ന പരിഗണന എപ്പോഴും തരാന്‍ പറ്റില്ലെന്നും താനും മരുന്നു കഴിക്കുന്ന ആളാണെന്നും പലപ്പോഴും മറ്റുള്ളവര്‍ക്കെല്ലാം നല്‍കിയിട്ടാണ് താന്‍ ഭക്ഷണം കഴിക്കാറെന്നും മനീഷ പറഞ്ഞു. അല്‍പം കഴിഞ്ഞ് കിച്ചണ്‍ ടീമിലെ മറ്റുള്ളവരോട് ചോദിക്കാതെ ഫ്രിഡ്ജില്‍ ഇരിക്കുന്ന തക്കാളി എടുത്ത് അരിയാന്‍ ഭാവിച്ച ഏയ്ഞ്ചലിനോട് മനീഷ ഇത് ഇവിടെ നടക്കില്ലെന്ന് തുറന്നടിക്കുകയും ചെയ്തു.

ALSO READ : കാണാം ആ പഴയ സുരാജിനെ; 'മദനേട്ടനാ'യി 'മദനോത്സവ'ത്തില്‍: ടീസര്‍