ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഇന്നായിരുന്നു. രണ്ട് മത്സരാര്‍ഥികളായി മൂന്നു പേരാണ് ഇന്ന് എത്തിയത്. ഒറ്റ മത്സരാര്‍ഥിയായി ദമ്പതികളായ ഫിറോസ് ഖാനും സജിനയും മറ്റൊരു മത്സരാര്‍ഥിയായി യുവനടി മിഷേല്‍ ആന്‍ ഡാനിയേലും. ആദ്യ വാരത്തിലെ ബിഗ് ബോസ് കണ്ടതിനു ശേഷമാണ് മൂന്നുപേരും ഷോയിലേക്ക് എത്തിയിരിക്കുന്നത്. അതില്‍ ആകെയുള്ള 14 പേരില്‍ തനിക്ക് ഏറ്റവും പ്രിയം തോന്നിയ മത്സരാര്‍ഥി ആരാണെന്ന കാര്യം മിഷേല്‍ വെളിപ്പടുത്തുകയും ചെയ്തു. ഇന്‍ട്രൊഡക്ഷന്‍ വീഡിയോയില്‍ ആയിരുന്നു ഇത്. 

നര്‍ത്തകി സന്ധ്യ മനോജിന്‍റെ പേരാണ് മിഷേല്‍ പറഞ്ഞത്. "എന്‍റെയൊരു വൈബും എന്‍റെയൊരു തിങ്കിംഗുമാണ് പുള്ളിക്കാരിക്കും തോന്നിയത്. അവിടേക്ക് ചെല്ലുമ്പോള്‍ സുഹൃത്തുക്കള്‍ ആകുമായിരിക്കാം", മിഷേല്‍ പറഞ്ഞു. താനിവിടെ വന്നിരിക്കുന്നത് പ്രേമിക്കാനോ സ്ട്രാറ്റജി അനുസരിച്ച് ഗെയിം കളിക്കാനോ ഒന്നുമല്ലെന്നും താന്‍ താനായിത്തന്നെ എത്തിയിരിക്കുകയാണെന്നും മിഷേല്‍ പറഞ്ഞു. 

 

ഒമര്‍ ലുലുവിന്‍റെ ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുള്ള മുഖമാണ് മിഷേലിന്‍റേത്. ഭക്ഷണപ്രിയ എന്നു പറഞ്ഞാണ് മിഷേലിനെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയതുതന്നെ. അക്കാര്യം മിഷേലും സമ്മതിക്കുന്നുണ്ട്. മാവേലിക്കരയില്‍ വേരുകളുള്ള മിഷേല്‍ കെജി ക്ലാസുകളില്‍ അവിടെത്തന്നെയാണ് പഠിച്ചത്. എട്ട് വര്‍ഷം ഊട്ടിയില്‍ ബോര്‍ഡിംഗ് സ്കൂളിലും പിന്നീട് അമേരിക്കയിലും പഠിച്ചു. ഒമര്‍ ലുലുവിന്‍റെ സിനിമയില്‍ അഭിനയിക്കാനാണ് യുഎസില്‍ നിന്ന് വന്നത്. നാട്ടില്‍ തുടരാനുള്ള പ്രധാന കാരണം ഭക്ഷണമാണെന്നാണ് മിഷേലിന്‍റെ പക്ഷം. ബിരിയാണി, പൊറോട്ട, ബീഫ് ഒക്കെയാണ് ഏറെ ഇഷ്ടമെന്നും. വലിയ ഭക്ഷണപ്രിയയായ ഒരാളാണ് ഭക്ഷണത്തിന് റേഷനുള്ള ബിഗ് ബോസിലേക്ക് എത്തുന്നതെന്ന് മിഷേലിനെ പരിചയപ്പെടുത്തവെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.