ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ അറുപത്തിയൊമ്പതാം എപ്പിസോഡിൽ മോഹൻലാൽ മത്സരാർത്ഥികളുടെ പി.ആർ. വർക്കിനെക്കുറിച്ചും ഷാനവാസിന്റെ മോശം പെരുമാറ്റത്തെക്കുറിച്ചും ചർച്ച ചെയ്തു.
ബിഗ് ബോസ് മലയാളം സീസൺ 7 അറുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എവിക്ഷൻ എപ്പിസോഡ് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് ഇന്ന് മറ്റൊരു കാര്യമാണ് ലഭിച്ചിരിക്കുന്നത്. മോഹൻലാൽ എത്തിയ ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും കൂടുതൽ ചർച്ചയായത് മത്സരാർത്ഥികളുടെ പിആർ വർക്കിനെ കുറിച്ചും ഷാനവാസിന്റെ സ്വഭാവത്തെ കുറിച്ചുമായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ സ്ഥിരം പ്രേക്ഷകയായ കൊല്ലം സ്വദേശിനിയായ ഉമ്മയും മകനും ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകരെ കാണാൻ എത്തിയിരുന്നു.
പി.ആർ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ അനീഷിനെതിരെ മോഹൻലാൽ കടുത്ത വാക്കുകളിലാണ് വിമർശനം ഉന്നയിച്ചത്. ബിഗ് ബോസ് വീട്ടിലെത്തിയാൽ എല്ലാവരും തുല്യരാണെന്നും, അത്തരത്തിൽ വേർതിരുവകൾ ഇല്ലെന്നും മോഹൻലാൽ ഓർമ്മപ്പെടുത്തി. ക്യാപ്റ്റൻസി ടാസ്കിന് ശേഷവും മികച്ച പ്രകടനം നടത്തിയ ബിന്നി മോണിങ് ടാസ്കിൽ അനുമോൾക്ക് പുറത്ത് 16 ലക്ഷത്തിന്റെ പി.ആർ ഉണ്ടെന്ന് തുറന്നാരോപിച്ചതും വലിയ ചർച്ചയായിരുന്നു. അതിനെ കുറിച്ചും മോഹൻലാൽ ചോദിക്കുകയുണ്ടായി. തനിക്ക് പിആർ ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് അക്ബർ, ആര്യൻ എന്നിവർ. എന്ത് തന്നെയായാലും എല്ലാവർക്കും ചെറുതും വലുതുമായി നിരവധി പി.ആർ ഏജൻസികൾ മത്സരാർത്ഥികൾക്ക് പുറത്തുണ്ടെന്ന് ഇന്നത്തെ എപ്പിസോഡിലൂടെ പ്രേക്ഷർക്ക് മനസിലായി. പക്ഷേ അപ്പോഴും തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകൾ താൻ ആർക്കും നൽകിയിട്ടില്ലെന്ന് അനീഷ് ഉറപ്പിച്ച് പറയുന്നതും ഇന്നത്തെ എപ്പിസോഡിൽ കാണാം.
ഷാനവാസിന് വിമർശനം
പിന്നീട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഷാനവാസിന്റെ അഗ്രസീവ് സ്വഭാവത്തെ കുറിച്ചായിരുന്നു. അതിനോടൊപ്പം തന്നെ എന്തിനാണ് ഇത്തരത്തിൽ സീക്രട്ട് ടാസ്കുകൾ തരുമ്പോൾ അത് കുളമാക്കുന്നതെന്നും, ഒരു ഗെയിമിനെ അതിന്റേതായ രീതിയിൽ സമീപിക്കാത്തത് എന്തുകൊണ്ടാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിൽ തന്നെയാണ് മോഹൻലാൽ വിമർശിച്ചത്.
കഴിഞ്ഞ വീക്കിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു ഷാനവാസ് സീക്രട്ട് ടാസ്കിൽ ആര്യനും അക്ബറും പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവരോട് പരസ്യമാക്കിയത്. ഇന്നത്തെ എപ്പിസോഡിൽ മോഹൻലാൽ അത് തെളിവ് സഹിതം വീട്ടിലുള്ളവരെ കാണിക്കുകയുണ്ടായി. എന്തായാലും മോഹൻലാലിന്റെ ഉപദേശം കൈകൊണ്ടുവെന്നും ഇനി മുതൽ താൻ അത്തരത്തിൽ പെരുമാറില്ലെന്നും വാക്ക് നൽകിയ ഷാനവാസ് അടുത്ത ആഴ്ചകളിൽ എന്ത് ഗെയിം ആണ് പദ്ധതിയിടുന്നത് എന്നാണ പ്രേക്ഷകർ ഉറ്റുനോക്കുന്ന പ്രധാന കാര്യം.
അതേസമയം ഇന്നത്തെ എപ്പിസോഡിൽ എവിക്ഷൻ ഇല്ല എന്നത് വീട്ടിലുള്ളവർക്ക് സമാധാനം നൽകുന്ന ഒന്നായിരുന്നു. എട്ട് പേർ നോമിനേഷനിൽ വന്നപ്പോൾ രണ്ട് പേരാണ് ഇന്ന് സേഫ് ആയിരിക്കുന്നത്. അനീഷും ഷാനവാസുമാണ് ഇത്തവണ സേഫ് ആയിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ നിന്നും ആരാണ് പുറത്ത് പോവുന്നതെന്ന് അറിയാൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. എന്തായാലും നാളത്തെ എപ്പിസോഡിൽ അറിയാൻ സാധിക്കും ആരൊക്കെയാണ് പുറത്തുപോവുക എന്നത്.



