രേണു സുധിയുടെ വീഡിയോ കണ്ട പ്രേക്ഷകർ ഷോയിലെ വിവരങ്ങൾ ചോരുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചതായും ഇത് ഷോയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും മോഹൻലാൽ പറയുകയുണ്ടായി.
ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഇന്നലെയാണ് മോഹൻലാലിന്റെ ആദ്യ വീക്കെൻഡ് എപ്പിസോഡ് ഉണ്ടായത്. എപ്പിസോഡ് തുടങ്ങും മുൻപ് കാണിച്ച പ്രൊമോയിൽ തന്നെ പലർക്കിട്ടും പണി കൊടുക്കുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പറഞ്ഞപോലെ തന്നെ എണ്ണി എണ്ണി പണികൾ കൊടുത്താണ് എപ്പിസോഡിന്റെ തുടക്കം.
ഇതുവരെ ഉണ്ടായ ബിഗ് ബോസ് സീസണിൽ ഇതുവരെയും കാണാത്ത കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ബിബി ഹൗസിന് അകത്തുള്ള ഒരു മത്സരാർത്ഥി താൻ ആദ്യ വീക്കിൽ എവിക്ഷനിൽ വന്നെന്നും പ്രേക്ഷകർ വോട്ട് ചെയ്യണമെന്നും വീഡിയോയിലൂടെ പറയുന്നു. അത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നു. ബിഗ് ബോസ് ഷോയുടെ വിശ്വാസ്യതയെ പറ്റി ആളുകൾക്കിടയിൽ തർക്കമുണ്ടാവുന്നു. അകത്തുള്ള ഒരാൾ പുറത്തുള്ളവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു എന്നുവരെയായി കാര്യങ്ങൾ. പറഞ്ഞുവരുന്നത് രേണു സുധിയുടെ വീഡിയോ ആണ്. മോഹൻലാൽ അപ്രതീക്ഷിതമായാണ് രേണു സുധിയുടെ വീഡിയോ മത്സരാർത്ഥികളെ കാണിച്ചത്.
താൻ ആദ്യ വീക്കിൽ തന്നെ നോമിനേഷനിൽ വന്നെന്നും എല്ലാവരും വോട്ട് ചെയ്ത് തന്നെ വിജയിപ്പിക്കണമെന്നും രേണു സുധി വിഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ ആദ്യ വീക്കിൽ തന്നെ നോമിനേഷനിൽ വരുമെന്ന് എങ്ങനെ അറിയാമെന്നാണ് മോഹൻലാൽ ആദ്യം രേണുവിനോട് ചോദിച്ചത്. മാത്രമല്ല ഈ വീഡിയോ ആദ്യമേ എടുത്ത് വെച്ച് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത് ശെരിയാണോ എന്നും ചോദിച്ചു. രേണു സുധിയുടെ വീഡിയോ കണ്ട പ്രേക്ഷകർ ഷോയിലെ വിവരങ്ങൾ ചോരുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചതായും ഇത് ഷോയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും മോഹൻലാൽ പറയുകയുണ്ടായി. വീഡിയോ കണ്ട മറ്റ് മത്സരാർത്ഥികളും സത്യത്തിൽ ഞെട്ടിയിരുന്നു. ഇതുവരെയുള്ള സീസണുകളിലൊന്നും കാണാത്ത ഒരേർപ്പാട് ആയിരുന്നു ഈ വീഡിയോ.
മോഹൻലാൽ പോയ ശേഷം രേണു ക്യാമറയ്ക്ക് മുന്നിൽ നിന്ന് തെറ്റ് ഏറ്റു പറയുകയും തന്റെ യുട്യൂബ് ചാനൽ ഹാൻഡിൽ ചെയ്യുന്ന കസിനോട് ഇനി ഇങ്ങനെ ചെയ്യരുതെന്ന് പറയുകയും ഒപ്പം ഒരു സമാധാനത്തിനെന്നും പറഞ്ഞ് പത്ത് ഏത്തം ഇടുകയും ചെയ്തിരുന്നു. ഇന്നലത്തെ ഏത്തം ഇടൽ സീനും അതോടൊപ്പം കണ്ണില്ലാത്ത തത്തമ്മയോട് കഥ പറയുന്ന സീനുമൊക്കെ കണ്ട പ്രേക്ഷകർ രേണു വൻ ഡ്രാമയാണോ ഹൗസിനകത്ത് നടത്തുന്നത് എന്ന സംശയം സോഷ്യൽ മീഡിയ വഴി ഉന്നയിച്ചിട്ടുണ്ട്. അതേസമയം ഇതുവരെയുള്ള ടാസ്കുകളിലൊന്നും രേണു അത്ര ആക്റ്റീവ് അല്ല. സഹമത്സരാർത്ഥികളുമായി തർക്കമുണ്ടാവുമ്പോൾ ഉരുളയ്ക്ക് ഉപ്പേരി എന്നപോലെ മറുപടികൾ നൽകിയതുകൊണ്ട് മാത്രം രേണുവിന് ബിബി ഹൗസിൽ പിടിച്ച് നിൽക്കാനാവില്ല. ടാസ്കുകളിൽ കൂടി രേണു കളിച്ച് ജയിച്ച് മുൻപന്തിയിൽ വരേണ്ടതുണ്ട്. എങ്കിൽ മാത്രമേ വരും ആഴ്ച്ചകളിൽ രേണുവിന് ഹൗസിൽ നിലനിൽക്കാനാവൂ.



