ബിഗ് ബോസ് മലയാളം സീസൺ 5 തുടങ്ങി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇപ്പോഴും ഗെയ്മിലേക്ക് ഇറങ്ങാനാവാത്ത, എന്താണീ ഷോയിൽ ചെയ്യേണ്ടതെന്ന് മനസിലാകാത്ത ചിലരും വീട്ടിലുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 5 തുടങ്ങി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇപ്പോഴും ഗെയ്മിലേക്ക് ഇറങ്ങാനാവാത്ത, എന്താണീ ഷോയിൽ ചെയ്യേണ്ടതെന്ന് മനസിലാകാത്ത ചിലരും വീട്ടിലുണ്ട്. പ്രേക്ഷകർക്കിടയിൽ സ്വയം അടയാളപ്പെടുത്താൻ ഇതുവരെ സാധിക്കാതെ പോയ ആ മത്സരാർത്ഥികളെക്കുറിച്ചൊന്ന് നോക്കാം.

ഒന്നാമത്തെ ആൾ മുൻഷി രഞ്ജിത് ആണ്. വീട്ടിലെ സീനിയർ ആയ മുൻഷി രഞ്ജിത്ത് ഇതുവരെ ബിഗ് ബോസ് വീട്ടിൽ തന്റേതായ ട്രാക്ക് കണ്ടെത്താൻ കഴിയാത്ത ആളാണ്. ഒട്ടും സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാതെയാണ് രഞ്ജിത് വീട്ടിൽ തുടരുന്നത്. ഇമേജ് കോൺഷ്യസ് ആയതുകൊണ്ടാണോ എന്നറിയില്ല, ഒരു പ്രശ്നത്തിലും, എന്തിനേറെ, തനിക്കുനേരെ വരുന്ന കാര്യങ്ങളിൽ പോലും രഞ്ജിത് കാര്യമായി ഇടപെടുന്നതോ സംസാരിക്കുന്നതോ കണ്ടിട്ടില്ല. റെന ഫാത്തിമയുമായാണ് രഞ്ജിത്തിന് കുറച്ചെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. ഈ വിഷയത്തിലായാലും റെനയുമായി രഞ്ജിത് ഇതുവരെ നേരിട്ട് സംസാരിക്കുകയോ തന്റെ ഭാഗം വ്യക്തമാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. എല്ലാവരും ടാർഗറ്റ് ചെയ്യുന്ന അനീഷിനെ പോലും രഞ്ജിത് ഒരിക്കലും ഫോക്കസ് ചെയ്യുന്നതായി കണ്ടിട്ടില്ല. ബിഗ് ബോസ് ഗെയിം എന്താണെന്ന് ധാരണയില്ലാതെ നിൽക്കുന്ന ഒരാളായാണ് രഞ്ജിത്തിനെ തോന്നാറുള്ളത്. ഈ ആഴ്ചയിലെ എവിക്ഷനിൽ പുറത്താകാൻ സാധ്യത കൂടുതലുള്ള മത്സരാർത്ഥികളിൽ ഒരാളും മുൻഷി രഞ്ജിത് ആണ്.

ശൈത്യ ആണ് ഈ ലിസ്റ്റിലുള്ള അടുത്ത മത്സരാർത്ഥി. ബിഗ് ബോസിന് പുറത്ത് സ്ട്രോങ്ങ് ആയ നിലപാടുകളിലൂടെ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആളാണ് ശൈത്യ സന്തോഷ്. ഒരു അഡ്വക്കേറ്റ് കൂടിയായ ശൈത്യ ബിഗ് ബോസ് വീട്ടിൽ സ്ട്രോങ്ങ് ആയി പെരുമാറുമെന്ന് പ്രതീക്ഷ നൽകിയ ആൾ കൂടിയാണ്. പക്ഷേ ഇതിനെല്ലാം ഘടകവിരുദ്ധമായാണ് ശൈത്യ ബിബി വീട്ടിൽ പെരുമാറുന്നത്. വളരെ തണുപ്പൻ മട്ടിലാണ് ശൈത്യയുടെ ഓരോ ഇടപെടലും. ഒരു കാര്യത്തിലും താല്പര്യമില്ലാതെയുള്ള ശൈത്യയുടെ പെരുമാറ്റം കാണുമ്പോൾ അവർക്കിവിടെ നിൽക്കാൻ തീരെ താല്പര്യമില്ല എന്നാണ് തോന്നുന്നത്. ലഭിക്കുന്ന അവസരങ്ങൾ പോലും നന്നായി ഉപയോഗിക്കാൻ ശൈത്യ ശ്രമിക്കുന്നില്ല. ശൈത്യയും ഈ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇങ്ങനെ മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശൈത്യയും പുറത്താകാനുള്ള സാധ്യതകളാണ് കാണുന്നത്.

പല കാര്യങ്ങളും ചെയ്യാനുള്ള അവസരമുണ്ടായിട്ടും അതിനൊന്നും ശ്രമിക്കാതെ ഷോയിൽ തുടരുന്നു എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു മത്സരാർത്ഥി കലാഭവൻ സരിഗയാണ്. ശക്തമായി അഭിപ്രായങ്ങൾ പറയാനുള്ള സാഹചര്യങ്ങൾ പലയിടത്തുമുണ്ടാകുമ്പോഴും അതൊന്നും സരിഗ ഉപയോഗിക്കുന്നില്ല. മറിച്ച് എല്ലാവരെയും സുഖിപ്പിച്ച് ഒരു സൈഡിലൂടെ പോകാനാണ് അവർ ശ്രമിക്കുന്നത്. ഇക്കാര്യം വീട്ടിലെ പലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്നുമുണ്ട്. വളരെ ഇമേജ് കോൺഷ്യസ് ആയ ഒരാളാണ് സരിഗ എന്നാണ് ഇതുവരെയുള്ള അവരുടെ ഇടപെടലിൽനിന്ന് മനസിലാക്കാനാകുന്നത്. ആരെക്കൊണ്ടും മോശം പറയിപ്പിക്കാതെ കളിക്കണം എന്ന ഉദ്ദേശം മാത്രമാണ് സരിഗയ്ക്കുള്ളതെന്ന് തോന്നുന്നു. ഏതായാലും ബിഗ് ബോസ് പോലൊരു ഷോയിൽ അങ്ങനെ ഇമേജ് കോൺഷ്യസ് ആവുന്നതും അത്ര അംഗീകരിക്കാനാവുന്നതല്ല.

രണ്ട് വ്യത്യസ്ത വ്യക്തികൾ, പക്ഷേ മത്സരിക്കുന്നത് ഒരൊറ്റ മത്സരാർത്ഥിയായി... അവിടെത്തന്നെയുണ്ട് നിരവധി കുഴപ്പങ്ങൾ. അപ്പോൾ കൂട്ടത്തിൽ ഒരാൾ ഒട്ടും ആക്റ്റീവ് കൂടി അല്ലാതിരുന്നാലോ. വീട്ടിലെ സൈലന്റായ ആളുകളിലെ അടുത്തയാൾ ആദില - നൂറയിലെ ആദിലയാണ്. നൂറായും താരതമ്യേന സേഫ് ഗെയിം ആണ് കളിക്കുന്നതെന്ന് തോന്നുന്നുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങളിൽ കുറേയെങ്കിലും ഇടപെടാനും അഭിപ്രായം പറയാനുമെല്ലാം നൂറ ശ്രമിക്കുന്നുണ്ട്. എന്നാൽ ആദില വളരെ വളരെ ഒതുങ്ങിയ ഒരാളായാണ് ഷോയിൽ കാണപ്പെടുന്നത്. ഇതിനെക്കുറിച്ച് നൂറ തന്നെ ആദിലയോട് സംസാരിക്കാൻ ശ്രമിച്ചപ്പോഴാകട്ടെ അൽപ്പം ഒഫൻഡിങ് ആയാണ് അതിനെ ആദില നേരിട്ടത്. നൂറ പറയുന്നത് മനസ്സിലാക്കാനോ കളിയിൽ കൂടുതൽ ശ്രദ്ധിക്കാനോ ആദില ശ്രമിച്ചതായി തോന്നിയില്ല. രണ്ടിൽ ഒരാൾ വീക്കായാൽ പോലും അത് രണ്ടുപേരുടെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യത്തിൽ ആദില ആക്റ്റീവ് ആകേണ്ടത് നൂറയുടെകൂടി ആവശ്യമാണ്. എങ്ങനെയാണ് ഇരുവരും ഈ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ പോവുന്നത് എന്നതും പ്രധാനമാണ്.

ഇനി അറിയാനുള്ളത് വീക്കെൻഡ് എപ്പിസോഡിൽ ഇവരിൽ ഏതൊക്കെ ആളുകളുടെ സേഫ് ഗെയ്മുകളാണ് അവസാനിക്കുക എന്നതാണ്.

YouTube video player