ബിഗ് ബോസ് മലയാളം ഷോയിലെ വിവരങ്ങൾ ടെലികാസ്റ്റിന് മുൻപ് സോഷ്യൽ മീഡിയയിലൂടെ ചോർത്തുന്നവർക്ക് മുന്നറിയിപ്പുമായി മോഹൻലാൽ
ബിഗ് ബോസ് മലയാളം ടീം രണ്ടാം സീസണ്‍ മുതല്‍ നേരിടുന്ന വെല്ലുവിളിയാണ് ഷോയിലെ പ്രധാന വിവരങ്ങള്‍ ടെലികാസ്റ്റിന് മുന്‍പേ പുറത്തുവരുന്നു എന്നത്. ഈ സീസണിലും എവിക്ഷന്‍ വിവരങ്ങളും മറ്റും എപ്പിസോഡ് വരുന്നതിന് മുന്‍പേ സോഷ്യല്‍ മീഡിയ പേജുകളില്‍ എത്താറുണ്ട്. ഒപ്പം യുട്യൂബ് ചാനലുകളിലും. ഇപ്പോഴിതാ ഈ വിഷയത്തില്‍ ബിഗ് ബോസ് ടീമിന്‍റെ നിലപാട് അറിയിച്ച് എത്തിയിരിക്കുകയാണ് ഷോയുടെ അവതാരകനായ മോഹന്‍ലാല്‍. ഇത്തരക്കാരെ നിയന്ത്രിക്കാനും തടയാനും തങ്ങള്‍ക്ക് അറിയാമെന്നും അത് തങ്ങള്‍ ചെയ്തിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പ്രൊമോയിലാണ് മോഹന്‍ലാല്‍ ഈ ഗൗരവതരമായ വിഷയം സംസാരിക്കുന്നത്.
മോഹന്‍ലാലിന്‍റെ വാക്കുകള്‍
ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ ക്ലൈമാക്സ് വിളിച്ചുപറഞ്ഞ് രസം കളയുന്നവര്‍ നമുക്കിടയിലൊക്കെ ഉണ്ടാവും. ഞാന്‍ പറഞ്ഞുവരുന്നത് സോഷ്യല്‍ മീഡിയയിലെ ചില രസംകൊല്ലികളെക്കുറിച്ചാണ്. ധാരാളം പ്രേക്ഷകര്‍ ഞങ്ങളെ അറിയിക്കാറുണ്ട്. ബിഗ് ബോസ് ഷോയ്ക്കായി വളരെ ആകാംക്ഷയോടെയാണ് അവര്‍ കാത്തിരിക്കുന്നത്. പക്ഷേ ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ ഊഹാപോഹങ്ങളുടെയും ചോര്‍ത്തിയെടുക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ടെലികാസ്റ്റിന് മുന്‍പുതന്നെ ഷോയിലെ വിവരങ്ങള്‍ എല്ലാം പുറത്തുവിടുന്നു. അത് ഷോ രസിച്ച് കാണാനുള്ള അവരുടെ അവസരം കളയുന്നുവെന്ന് അവരുടെ പരാതികള്‍ വളരെ ശരിയാണ്. പക്ഷേ സോഷ്യല്‍ മീഡിയകള്‍ വഴി ഈ ഷോയെ ഉപജീവന മാര്‍ഗം ആക്കായിരിക്കുന്നവര്‍ തന്നെയാണ് അതിനെതിരെ പ്രവര്‍ത്തിക്കുന്നതും എന്നതാണ് വാസ്തവം. ആധുനിക സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് അത് ചെയ്യുന്നവരെ കൃത്യമായി നിയന്ത്രിക്കാനും തടയാനും ഞങ്ങള്‍ക്ക് അറിയാം. അത് ഞങ്ങള്‍ ചെയ്തിരിക്കും. കാത്തിരിപ്പിന്‍റെ രസം, അത് നമുക്ക് കളയാതെ ഇരിക്കാം.
അതേസമയം സീസണ്‍ 7 അതിന്‍റെ പത്താം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. 11 മത്സരാര്‍ഥികള്‍ മാത്രമാണ് നിലവില്‍ ഹൗസില്‍ അവശേഷിക്കുന്നത്. എവിക്ഷനുകളില്‍ സര്‍പ്രൈസ് കരുതിവച്ച സീസണില്‍ ഏറ്റവുമൊടുവില്‍ പുറത്തായത് ഒനീലും ജിസൈലുമാണ്. ജിസൈലിന്‍റെ പുറത്താവല്‍ സഹമത്സരാര്‍ഥികളെ ഏറെ ഞെട്ടിക്കുന്നതായിരുന്നു. ലക്ഷ്മി, സാബുമാൻ, ഒനീൽ, അനുമോൾ, ആദില, നൂറ, ജിസൈല്‍, നെവിന്‍ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ്. അതേസമയം ആദിലയാണ് പത്താം ആഴ്ചയിലെ ഹൗസ് ക്യാപ്റ്റന്‍.



