ബിഗ് ബോസ് ഷോയുടെ റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയരായ സർജുവും ഉമ്മ റജിലയും ഇന്നലെ ഷോയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ വൈറല്‍ ആവുകയാണ് ഷൂട്ടിന് മുന്‍പുള്ള ഇവരുടെ വീഡിയോ

ഷോ കാണുന്ന പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ബിഗ് ബോസ് ടീം കാര്യമായി ശ്രദ്ധിക്കാറുണ്ട്. വിശേഷിച്ചും സോഷ്യല്‍ മീഡിയയിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍. ഷോയുടെ ജനപ്രീതി നിലനിര്‍ത്താന്‍ അത് ആവശ്യവുമാണ്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനങ്ങളും കൈയടികളുമൊക്കെ പലപ്പോഴും മത്സരാര്‍ഥികളെ മോഹന്‍ലാല്‍ അറിയിക്കാറുമുണ്ട്. ബിഗ് ബോസ് സീരിയസ് ആയി കാണുന്ന രണ്ട് പേരെ ഇന്നലത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ കാര്യമായി പരിചയപ്പെടുത്തിയിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജുവും ഉമ്മ റജിലയും ആയിരുന്നു അത്. ബിഗ് ബോസ് ആദ്യ സീസണ്‍ മുതല്‍ കണ്ട് കൃത്യമായി വിലയിരുത്തുന്നവര്‍ എന്നാണ് തന്‍റ വേദിക്ക് സമീപം കാണികള്‍ക്കൊപ്പം ഇരുന്ന ഇരുവരെയും മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

വീക്കെന്‍ഡ് എപ്പിസോഡിന്‍റെ ചിത്രീകരണത്തിന് മുന്‍പ് മോഹന്‍ലാലിന്‍റെ കാണാനെത്തുന്ന സര്‍ജുവിന്‍റെയും ഉമ്മ റജിലയുടെയും വീഡിയോ ആണ് ഇത്. ബിഗ് ബോസ് ടീം തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നത്. ഏറെ ഊഷ്മളതയോടാണ് മോഹന്‍ലാല്‍ ഇരുവരോടും ഇടപെടുന്നത്. ബിഗ് ബോസിലെ ഓരോ എപ്പിസോഡിന്‍റെയും റിയാക്ഷന്‍ വീഡിയോകളാണ് റജിലയും മകന്‍ സര്‍ജുവും ചേര്‍ന്ന് ചെയ്യാറ്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് ഇവരുടെ പല വീഡിയോകളും. മത്സരാര്‍ഥികളെ റോസ്റ്റ് ചെയ്യാറുണ്ടല്ലോ എന്നും അവരിലെ കുഴപ്പക്കാരെ ഇന്ന് വഴക്ക് പറയണമെന്നും ചട്ടമ്പികളെയൊക്കെ പിടിക്കണമെന്നും മോഹന്‍ലാല്‍ റജിലയോട് പറയുന്നുണ്ട് വീഡിയോയില്‍. സര്‍ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 46,000 ല്‍ അധികം ലൈക്കുകളും തൊള്ളായിരത്തോളം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. 3500 ല്‍ ഏറെ കമന്‍റുകളും. ഇന്നലത്തെ എപ്പിസോഡില്‍ മത്സരാര്‍ഥികളും ഏറെ കൗതുകത്തോടെയാണ് റജിലയുടെ പ്രതികരണങ്ങള്‍ വീക്ഷിച്ചത്.

അതേസമയം സീസണ്‍ 7 പതിനൊന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പതിനൊന്ന് മത്സരാര്‍ഥികളാണ് ഹൗസില്‍ നിലവില്‍ അവശേഷിക്കുന്നത്. എട്ട് പേരായിരുന്നു ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍. അനീഷ്, ഷാനവാസ് എന്നിവര്‍ സേവ്ഡ് ആണെന്ന് മോഹന്‍ലാല്‍ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. ഏഷ്യാനെറ്റ് പിന്നീട് വിട്ട പ്രൊമോ പ്രകാരം നെവിന്‍, സാബുമാന്‍, അനുമോള്‍ എന്നിവരും സേവ്ഡ് ആയിട്ടുണ്ട്. അവശേഷിക്കുന്ന അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവരില്‍ നിന്ന് ഒരാളോ ഒന്നിലധികം പേരോ പുറത്താവുമെന്ന് പ്രൊമോ സൂചിപ്പിച്ചിരിക്കുന്നു. അത് ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്